മുക്കം: 44 നദികൾ ഒഴുകുന്ന കേരളത്തെ കാത്തിരിക്കുന്നത് കടുത്ത ജലക്ഷാമം. ജല സംരക്ഷണത്തിൽ കാണിക്കുന്ന കടുത്ത അലംഭാവവും സുസ്ഥിരമായ ജല സംരക്ഷണ പദ്ധതികൾ ഇല്ലാത്തതുമാണ് കേരളത്തിന് തിരിച്ചടിയാവുന്നത്. സംസ്ഥാനത്ത് പ്രതിവര്‍ഷം ശരാശരി മൂന്ന് മീറ്ററോളം ഭൂഗർഭ ജലനിരപ്പ് താഴുന്നുണ്ടെന്നാണ് സർക്കാറിന്റെ കണക്കുകൾ സൂചിപ്പിക്കുന്നത്.
കടുത്ത വരള്‍ച്ചയും മഴ കുറഞ്ഞതും അമിതമായ ജല ചൂഷണവുമാണ് ഭൂഗര്‍ഭ ജലം കുറയുവാനുള്ള കാരണം. കഴിഞ്ഞ വേനലിൽ ഭൂഗര്‍ഭജലനിരപ്പ് ക്രമാതീതമായി കുറഞ്ഞതിനെ തുടർന്ന് സംസ്ഥാനത്ത് കുഴല്‍ക്കിണര്‍ നിർമിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. കേരളത്തിന്റെ പകുതിമാത്രം മഴ ലഭിക്കുന്ന തമിഴ്നാട് അടക്കമുള്ള സംസ്ഥാനങ്ങൾ വരൾച്ചയെ ഫലപ്രദമായി നേരിടുമ്പോഴാണ് മലയാളികൾ ടാങ്കറുകൾക്ക് മുൻപിൽ വരി നിൽക്കുന്നത്.
കേരളത്തിലെ ജനസംഖ്യയില്‍ ഭൂരിഭാഗം ആളുകളും ഭൂഗര്‍ഭ ജലത്തെയാണ് ആശ്രയിക്കുന്നത്. കേരളത്തിലെ 65 % ഗ്രാമീണ കുടുംബങ്ങളും 59% നഗര കുടുംബങ്ങളും വെള്ളത്തിനായി കിണറുകളെയാണ് ആശ്രയിക്കുന്നതെന്ന് സെന്‍സസ് കണക്കുകള്‍ വ്യക്തമാക്കുന്നു.
സംസ്ഥാനത്ത് ഏകദേശം 45 ലക്ഷത്തോളം കിണറുകള്‍ ഉണ്ടെന്നാണ് കണക്ക്. അവയില്‍ പകുതിയും വേനല്‍കാലത്ത് വറ്റുന്നവയാണ്.
കിണറുകള്‍ കഴിഞ്ഞാല്‍ സംസ്ഥാനം കുടിവെള്ളത്തിനു വേണ്ടി ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്നത് പുഴകളെയാണ്. എന്നാൽ ദിവസം കഴിയും തോറും കേരളത്തിലെ നദികൾ കൂടുതൽ മലിനമാകുന്നതായി വിവിധ പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു. 1958 ല്‍ കേരള പൊതുമരാമത്ത് നടത്തിയ പഠനമനുസരിച്ച് രാജ്യത്തിന്റെ ആകെ ജലവിഹിതത്തിന്റെഅഞ്ചുശതമാനം കേരളത്തിലായിരുന്നു. പുഴകളിൽ ലഭിക്കുന്ന സമൃദ്ധമായ ജലമായിരുന്നു ഇതിനു കാരണം. എന്നാൽ ഇപ്പോഴത് ഗണ്യമായി കുറഞ്ഞു.
വ്യാപകമായ രീതിയിലുള്ള മലിനീകരണവും പുഴയെ കേന്ദ്രീകരിച്ചുകൊണ്ടുള്ള ആവാസവ്യവസ്ഥയുടെ തകർച്ചയുമാണ് പുഴ നശീകരണത്തിന്റെമുഖ്യകാരണങ്ങൾ. പുഴകളിലെ ജലനിരപ്പിനെ ആശ്രയിച്ചാണ് കിണറുകളിലെ വെള്ളം നിലനിൽക്കുന്നത്. അതിനാൽ വേനൽക്കാലത്ത് പുഴകളിലെ നീരൊഴുക്ക് തീരെ കുറയുന്നതും ലഭിക്കുന്ന ജലം സംരക്ഷിക്കാൻ മാർഗങ്ങൾ ഇല്ലാത്തതും ജലക്ഷാമം രൂക്ഷമാക്കുന്നു.
ഭൂഗർഭജലത്തെ സംഭരിക്കുന്ന വയലുകളും തണ്ണീർതടങ്ങളും വ്യാപകമായി നിരത്തിയതും ജലക്ഷാമത്തിന് കാരണമായി. നിലവിലുള്ള നദികൾ വ്യാവസായിക മാലിന്യങ്ങൾ, ഖര- ഗാർഹിക മാലിന്യങ്ങൾ, ജൈവ മാലിന്യങ്ങൾ എന്നിവകൊണ്ട് നിറയുകയാണ്. പരിമിതികളില്ലാത്ത നഗരവൽക്കരണവും ജനസംഖ്യ വർദ്ധനവിനെ തുടർന്ന് ആളോഹരി ജലോപയോഗം കൂടിയതും കടുത്ത ജല സംരക്ഷണ നിയമങ്ങൾ ഇല്ലാത്തതും സംസ്ഥാനത്തെ ജലസമ്പത്തിനെ പ്രതികൂലമായി ബാധിച്ചതായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
ജലസ്രോതസുകൾ മലിനമാക്കുന്ന വർക്ക് തടവും പിഴയും വ്യവസ്ഥചെയ്യുന്ന കേരള ജലസേചന, ജല സംരക്ഷണ നിയമം നിയമസഭ ഈയടുത്ത് പാസാക്കിയെങ്കിലും നിയമത്തിന്റെ അടിസ്ഥാനത്തിലുള്ള നടപടികൾ ഇതുവരെ കർശനമാക്കിയിട്ടില്ല. കേരളത്തിൽ ലഭിക്കുന്ന മഴയെ ഭൂഗർഭജലമാക്കി മാറ്റാനുള്ള വഴികൾ മണല്‍ വാരല്‍ , കാടിന്റെ ശോഷണം, വയല്‍ നികത്തല്‍ , തണ്ണീര്‍തടങ്ങള്‍ നികത്തല്‍ , ക്വാറികള്‍, തെറ്റായ ഭൂവിനിയോഗം, നഗരവല്‍ക്കരണം എന്നിവയിലൂടെ തടസപ്പെടുത്തിയിരുന്നു.
മഴക്കുഴികൾ, കിണർ റീചാർജിംങ് അടക്കമുള്ള ജലസംരക്ഷണ മാർഗങ്ങൾ വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ആവിഷ്കരിച്ച് നടപ്പിലാക്കുന്നണ്ടെങ്കിലും അത് ദീർഘാടിസ്ഥാനത്തിൽ ഫലപ്രദമല്ലെന്ന് ശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടുന്നു.