കാഞ്ഞിരപ്പള്ളി: വയോധികർ തനിച്ചു താമസിക്കുന്ന വീടുകളിൽ അർധരാത്രി അജ്ഞാത ഫോണ്‍കോളുകൾ എത്തുന്നതായി പരാതി ഉയർന്ന സാഹചര്യത്തിൽ കാഞ്ഞിരപ്പള്ളി പോലീസ് രാത്രി പട്രോളിംഗ് ഉൗർജിതമാക്കി.
ചിറക്കടവ്, അഞ്ചിലിപ്പ, വിഴുക്കിത്തോട് പ്രദേശങ്ങളിൽ രാത്രി പന്ത്രണ്ടിനും രണ്ടിനും മധ്യേയാണ് ഫോണ്‍കോളുകൾ എത്തുന്നത്. ഫോണ്‍ അറ്റന്റ് ചെയ്താൽ തിരികെ മറുപടി ലഭിക്കാതെ മിനിറ്റുകൾക്കുള്ളിൽ ലൈൻ കട്ട് ചെയ്യുന്നതാണ് പതിവ്. പ്രദേശത്തെ നൂറിലേറെ വീടുകളിൽ വയോധികരും സ്ത്രീകളും തനിച്ച് താമസിക്കുന്ന സാഹചര്യത്തിൽ അജ്ഞാത ഫോണുകളുടെ ഉറവിടം പോലീസ് സൈബർ സഹായത്തോടെ നിരീക്ഷിക്കുന്നുണ്ട്.
കംപ്യൂട്ടർ ഇന്റർനെറ്റിൽ നിന്നു വരുന്ന ഫോണുകളാണെന്ന് കാഞ്ഞിരപ്പള്ളി സിഐ ഷാജു ജോസ് പറഞ്ഞു. കാഞ്ഞിരപ്പള്ളി, പൊൻകുന്നം, എരുമേലി സ്റ്റേഷനുകളിൽ നിന്നും പ്രദേശത്ത് രാത്രികാല വാഹനനീക്കങ്ങളും പോലീസ് ശ്രദ്ധിക്കുന്നുണ്ട്. അവശ്യസാഹചര്യമുണ്ടായാൽ അടിയന്തര സഹായം ഉറപ്പാക്കുമെന്നു പോലീസ് വ്യക്തമാക്കി.