വൈക്കം: വൈക്കം – തവണക്കടവ് ഫെറിയിൽ സർവീസ് നടത്തുന്ന ബോട്ടിൽ പാന്പിനെ കണ്ടത് പരിഭ്രാന്തി പരത്തി. ഇന്നലെ രാത്രി 8.45ന് തവണക്കടവിൽ നിന്ന് വൈക്കത്തേക്കു വന്ന ബോട്ട് വൈക്കം കെട്ടിയിൽ അടുക്കുന്നതിനിടയിൽ ഒരു യാത്രക്കാരിയാണ് പാന്പിനെ കണ്ടത്.
ബോട്ടിലേയ്ക്ക് പ്രവേശിക്കുന്ന പടിയിലൂടെ പാന്പ് ഇഴഞ്ഞ് കായലിലേക്കിറങ്ങുന്നതാണ് കണ്ടത്. പാന്പിനെ കണ്ടതായി യാത്രക്കാരി പറഞ്ഞതോടെ ബോട്ടിലുണ്ടായിരുന്ന യാത്രക്കാർ പരിഭ്രാന്തരായി. ബോട്ട് ഉടൻ ജെട്ടിയിൽ അടുപ്പിച്ച് ജീവനക്കാർ യാത്രക്കാരെ സുരക്ഷിതമായി പുറത്തിറക്കി. പിന്നീട് ബോട്ട് പരിശോധിച്ചു പാന്പില്ലെന്ന് ഉറപ്പുവരുത്തി.
ബോട്ട് ജെട്ടിയിൽ അടുപ്പിക്കുന്ന സമയത്താകാം പാന്പ് കയറിയതെന്നാണ് കരുതപ്പെടുന്നത്. കായലോര പ്രദേശത്ത് ഉപ്പുവെള്ളം എത്തിയതും ചുടു കൂടിയതും മൂലം ഇഴജന്തുക്കൾ പലയിടത്തും അഭയം തേടുന്നതിന്റെ ഭാഗമാകാം ബോട്ടിൽ കയറിയതെന്നു കരുതുന്നു.