തിരുവനന്തപുരം: ക്രമസമാധാന പാലനത്തിൽ കേരളത്തിനുള്ള മേൽക്കൈ കൂടുതൽ മെച്ചപ്പെടുത്തണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. മുതിർന്ന പോലീസ് ഉദ്യോഗസ്ഥരുമായി നടത്തിയ വീഡിയോ കോണ്‍ഫറൻസിലാണ് മുഖ്യമന്ത്രി ഈ നിർദേശം നല്‍കിയത്.
ക്വട്ടേഷൻ ഗ്യാംഗുകളില്ലാത്ത കേരളം എന്നതാണു ലക്ഷ്യം. എല്ലാ പൊതുസ്ഥലങ്ങളിലും പോലീസിന്റെ സാന്നിധ്യം ദൃശ്യമാകും വിധത്തിൽ വിന്യാസം കൂടുതൽ ശക്തമാക്കണം. രാത്രികാല പട്രോളിംഗ് കൂടുതൽ ശക്തമാക്കണം. സാമൂഹ്യവിരുദ്ധരെയും ഗുണ്ടകളെയും നേരിടാൻ നടപടി കൂടുതൽ ശക്തമാക്കണം. പൊതുമുതൽ നശീകരണം, വിധ്വംസക പ്രവർത്തനങ്ങൾ എന്നിവയ്ക്കെതിരേയും നടപടിയെടുക്കണം.
സുരക്ഷയും സമാധാനവും ഉറപ്പാക്കുന്നതോടൊപ്പം പോലീസ് സ്റ്റേഷനുകൾ പൂർണ സേവന കേന്ദ്രങ്ങളായി മാറണമെന്നും അദ്ദേഹം നിർദേശിച്ചു. പൊതുവേ ഈയടുത്തകാലത്തെ കേരള പോലീസിന്റെ പ്രവർത്തനത്തെപ്പറ്റി നല്ല അഭിപ്രായമുണ്ടായിട്ടുണ്ട്. വ്യത്യസ്തങ്ങളായ പ്രവർത്തനങ്ങളിലൂടെ ഒട്ടേറെ നേട്ടങ്ങളുണ്ടാക്കാനായിട്ടുണ്ട്.
സ്ത്രീകൾ, കുട്ടികൾ, മുതിർന്ന പൗരന്മാർ എന്നിവരുടെ പ്രശ്നങ്ങൾക്ക് മുൻഗണന നൽകണം. ബ്ലേഡ് മാഫിയയ്ക്കെതിരേ യുള്ള നടപടികൾ സംസ്ഥാനത്താകെ കൂടുതൽ ശക്തമാക്കണം- മുഖ്യമന്ത്രി നിർദേശിച്ചു.