കരിയറിന്റെ നിർണായകഘട്ടത്തിൽ പ്രേക്ഷകർ തന്നെ തിരിച്ചറിയുകയും സ്വീകരിക്കുകയും ചെയ്തതിന്റെ സന്തോഷത്തിലാണ് ഉണ്ണിമുകുന്ദൻ. മെഗാഹിറ്റുകളായ ബാഗമതിക്കും മാസ്റ്റർപീസിനും പിന്നാലെ ‘ഇര’ നേടിയ വൻവിജയം ‘ഉണ്ണിക്കൊരു സോളോ ഹിറ്റ് ഇല്ലല്ലോ’ എന്ന വിമർശനത്തിനുള്ള ശക്തമായ മറുപടികൂടിയാണ്.
“ഞാനിത് ആഗ്രഹിച്ചിട്ടുണ്ട്. കാത്തിരുന്നു കിട്ടിയതാണ് ഈ വിജയം. അതിന്റെ അഹങ്കാരമൊന്നുമില്ല. എനിക്കു വേറെ സപ്പോർട്ടൊന്നുമില്ല. സിനിമാ ബാക്ക്ഗ്രൗണ്ടുമില്ല. കഷ്ടപ്പെട്ടിട്ടു തന്നെയാണ് എനിക്കിതു കിട്ടിയത്. അതിന്റെയൊരു സന്തോഷമുണ്ട്. ഇതു ഹിറ്റുകളുടെ തുടക്കമാവട്ടെ എന്നു വിചാരിക്കുന്നു”… വൈശാഖ് – ഉദയകൃഷ്ണ പ്രൊഡക്ഷൻസിന്റെ ബാനറിൽ സൈജു എസ്.എസ് സംവിധാനം ചെയ്ത സസ്പെൻസ്
ത്രില്ലർ ‘ഇര’യിലെ നായകൻ ഉണ്ണിമുകുന്ദൻ സംസാരിക്കുന്നു.
ഇരയിലേക്ക് ആകർഷിച്ചത്…?
എനിക്കു മല്ലൂസിംഗ് തന്നതു വൈശാഖേട്ടനാണ്. മല്ലൂസിംഗിന്റെ പേരിലാണ് ഞാൻ അറിയപ്പെടുന്നതു തന്നെ. അദ്ദേഹം ഒരു പടം നിർമിക്കാമെന്നു പറഞ്ഞപ്പോൾ തീർച്ചയായും ഒരാകാംക്ഷയും സന്തോഷവും ഉണ്ടായിരുന്നു. അടുത്തിടെ റിലീസായ മാസ്റ്റർപീസിൽ ജോണ് തെക്കൻ എന്ന അതീവ രസകരമായ കഥാപാത്രത്തെയാണ് ഉദയേട്ടൻ എനിക്കുതന്നത്.
ഇവർ രണ്ടുപേരുമുള്ള ഈ സിനിമയിലേക്കു കഥ കേൾക്കാനാണ് ആദ്യം എന്നെ ക്ഷണിച്ചത്. അവർക്കുവേണമെങ്കിൽ ‘ഉണ്ണി ഈ പടം ചെയ്യണം’ എന്ന് ആധികാരികമായി പറയാമായിരുന്നു. പക്ഷേ, ഒരു നടനെന്ന നിലയിൽ കഥ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം അവർ എനിക്കു തന്നു.
കഥ കേട്ടപ്പോൾ എനിക്ക് ഏറെ സന്തോഷം തോന്നി. ഇത്രയും ത്രില്ലടിപ്പിക്കുന്ന ഒരു കഥ സിനിമയായി മാറുന്പോൾ തീർച്ചയായും നന്നായിരിക്കും എന്ന വിശ്വാസം വന്നു. മല്ലൂസിംഗ് എന്ന സിനിമയുടെ സകല ടീമും ഇതിലുമുണ്ട്. ഇതിന്റെ സംവിധായകൻ സൈജുചേട്ടൻ വൈശാഖേട്ടന്റെ അസിസ്റ്റന്റായിരുന്നു.
ഈ പടത്തിന്റെ രചയിതാവ് നവീൻ ചേട്ടനെയും പരിചയമുണ്ട്. എന്റെ കരിയറിലെ ഏറ്റവും വലിയ സോളോ ഹിറ്റായി ഇര മാറി. ഇര കൊമേഴ്സ്യലാണ്. എന്റർടെയ്നറാണ്. എന്റെ കരിയറിലെ ഏറ്റവും വലിയ വിജയം, ഏറ്റവും വലിയ ഓപ്പണിംഗ്. എല്ലാ ജോണറിലെയും ഏജ് ഗ്രൂപ്പിൽപ്പെടുന്ന ആളുകൾ ഒരേപോലെ സ്വീകരിച്ച പടമായി മാറി. അങ്ങനെ എനിക്കു നല്ല ഒരു സിനിമ ചെയ്യാനായി. അതിന്റെയൊക്കെ സന്തോഷത്തിലാണു ഞാൻ.
മറ്റു ഭാഷകളിലേക്കു കൂടി ഇര റീമേക്ക് ആകുന്നുവെന്നാണ് വാർത്തകൾ. ഈ ചിത്രം കരിയറിലെ ടേണിംഗ് പോയിന്റ് ആവുകയാണ്…?
കരിയറിൽ പോസിറ്റീവായ ഒരു സംഭവമാണത്. ഒരു സിനിമ വിജയിക്കുന്നതും അതിന്റെ പൂർണമായ ഒരംഗീകാരം നമുക്കു കിട്ടുന്നതും വലിയ കാര്യമാണ്. ഇര എന്ന സിനിമയുടെ വിജയം കരിയറിൽ ഇപ്പോൾ ഏറെ പ്രധാനമായിരുന്നു. സന്തോഷമുണ്ട്. തമിഴിൽ നിന്നും തെലുങ്കിൽ നിന്നുമൊക്കെ ഇരയ്ക്കു റൈറ്റ്സ് വാങ്ങാൻ ആളുകൾ ഉദയേട്ടനെ സമീപിക്കുന്നുണ്ട്. ഏതൊക്കെ ഭാഷകളിലേക്കാണു പോയതെന്ന്് പ്രൊഡ്യൂസേഴ്സ് ഒൗദ്യോഗികമായിത്തന്നെ അറിയിക്കും.
മാസ്റ്റർപീസിൽ ജോണ് തെക്കൻ, ഇരയിൽ രാജീവ്…തുടർച്ചയായി പോലീസ് വേഷങ്ങൾ സക്സസ് ആകുന്നു…?
ജോണ് തെക്കനും രാജീവും പോലീസാണെങ്കിലും രണ്ടു തരത്തിൽ പ്രവർത്തിക്കുന്ന പോലീസാണ്. ജോണ് തെക്കനിൽ ഹീറോയിസമുണ്ടെങ്കിലും നെഗറ്റീവ് ചിന്തകളുള്ള വ്യക്തിയാണ്. രാജീവ് സത്യസന്ധനായ ഒരു പോലീസ് ഓഫീസറാണ്.
പോലീസ് വേഷങ്ങൾ ഇനിയും സ്വീകരിക്കുമോ…?
പോലീസിനു തന്നെ പല ഷേയ്ഡ്സ് ഉണ്ടല്ലോ. മാറിനിൽക്കുന്ന ഒരു പോലീസ് ഓഫീസർ. അല്പം വേറിട്ടു നിൽക്കുന്ന ഒരു ഓഫീസർ. ലവ് സ്റ്റോറീസ് ചെയ്യുന്നവർക്കു വേറേ ടെപ്പ് ലവ് സ്റ്റോറീസ് കിട്ടുകയാണെങ്കിൽ നല്ലതാണല്ലോ. മലയാളിക്ക് എപ്പോഴും പോലീസ് വേഷം ചെയ്യുന്ന നായകന്മാരോട് ഒരു താത്പര്യമുണ്ടെന്നു ഞാൻ കരുതുന്നു.
നമ്മുടെ ലാലേട്ടൻ, മമ്മൂക്ക, സുരേഷേട്ടൻ എന്നിവരുടെയൊക്കെ പോലീസ് വേഷങ്ങൾ കണ്ട് നമുക്ക് ഒരു ഐഡിയ കിട്ടിയിട്ടുണ്ട്. അത്തരം വേഷങ്ങൾ എല്ലാവരും എൻജോയ് ചെയ്യുന്നുണ്ടെന്ന് അറിയാം. മലയാളത്തിൽ മാത്രമല്ല ഏതൊരു ഭാഷയിലും പോലീസ് വേഷം കെട്ടിവരുന്ന നായകനോട് മലയാളിക്ക് ചെറിയൊരിഷ്ടം എന്തായാലും ഉണ്ട്. അതു നല്ലരീതിയിൽ ചെയ്യാൻ പറ്റുകയാണെങ്കിൽ അതുതന്നെ ഞാൻ ചെയ്തുകൊണ്ടിരിക്കും.
പോലീസ് കഥാപാത്രങ്ങളാകുന്പോൾ ആക്്ഷനു കൂടുതൽ സാധ്യതയുണ്ടാകുമല്ലോ…?
ഇരയിൽ അത്രകൂടുതൽ ആക്്ഷനില്ല. ഇര ത്രില്ലർ സിനിമയാണ്. പക്ഷേ, മൂഡ് ആക്്ഷനാണ്. ഇടി കുറവാണ്. എന്നാലും ആളുകൾ ആകാംക്ഷ കാരണം സീറ്റിന്റെ തുന്പത്തു പോയിരിക്കും.എന്റെ കരിയറിൽ ഏറ്റവും കൂടുതൽ ഡയലോഗ്സുള്ള സിനിമയാണ് ഇര.
ഇരയിലെ ഷൂട്ടിംഗ് അനുഭവങ്ങളിലൂടെ…?
വളരെ നല്ല അനുഭവങ്ങളായിരുന്നു. ഈ സിനിമ ചെയ്യുന്നതിനു തൊട്ടുമുന്പ് പല പ്രശ്നങ്ങളുടെ ഇടയിലൊക്കെ നിന്നിട്ടാണു ഞാൻ ഷൂട്ടിംഗിനു തന്നെ പോയത്. ഷൂട്ടിംഗ് ഉണ്ടായിരുന്നതുകൊണ്ട് വളരെ ആശ്വാസമായിരുന്നു. വേറെ ചിന്തകളിലേക്കൊന്നും മനസു പോയില്ല. വർക്കിലേക്കു കൂടുതൽ ഫോക്കസായി. മല്ലൂസിംഗ് ടീമിന്റെ ഫാമിലി ഗെറ്റുഗദർ പോലെയാണു നമുക്കു ഫീൽ ചെയ്തത്. നല്ല സിനിമ ചെയ്യാൻ പറ്റി. നല്ല ഓർമകൾ. ഈ സിനിമ കൃത്യ സമയത്തുതന്നെ റീലീസ് ചെയ്യാനായി. പരീക്ഷക്കാലമായിട്ടും തിയറ്ററുകൾ ഹൗസ് ഫുൾ ആണെന്നു കേൾക്കുന്പോൾ അതിനെക്കാളും വലിയ സന്തോഷമില്ല.
മിയയുമായി ഇത് ആദ്യചിത്രമാണല്ലോ…?
ഇതിലെ കുറേ ആർട്ടിസ്റ്റുകളുമായി ഞാൻ ആദ്യമായിട്ടാണ് വർക്ക് ചെയ്തത്. വളരെ ഫ്രഷായ കാസ്റ്റിംഗ് ആയിരുന്നു. ഞാനും പാഷാണം ഷാജിയും ആദ്യമായിട്ടാണു ഹ്യൂമർ ചെയ്യുന്നത്. നെൽസണ് ഭായിക്കൊപ്പവും ആദ്യമായിട്ടാണ് അഭിനയിക്കുന്നത്. ഞാനും മിയയുമായിട്ടുള്ള സീക്വൻസും ആദ്യമായിട്ടാണ്.
മിയ വളരെ ടാലന്റഡായ ഒരു നടിയാണ്. ഏറെ ബ്യൂട്ടിഫുളാണ്. മിയയ്ക്കും നല്ല ഹൈറ്റ് ഉള്ളതിനാൽ ഞങ്ങൾ നല്ല പെയറാണെന്ന രീതിയിലും ആളുകൾക്കു ഞങ്ങളുടെ സീക്വൻസ് ഇഷ്ടപ്പെട്ടു. മിയ നന്നായി ഡയലോഗ് പറയുന്നുണ്ട്. നന്നായി പെർഫോം ചെയ്തിട്ടുണ്ട്. നല്ല രീതിയിൽ ഒരുമിച്ച് അഭിനയിക്കാനായതിൽ ഏറെ സന്തോഷം തോന്നുന്നു.
വീണ്ടും ഗോകുൽസുരേഷിനൊപ്പം…?
ഗോകുലും ഞാനും ഇപ്പോൾ രണ്ടു പടങ്ങളിൽ ഒന്നിച്ച് അഭിനയിച്ചു- മാസ്റ്റർപീസും ഇരയും. രണ്ടും വലിയ വിജയമായി മാറി. ഗോകുലിന്റെ കഥാപാത്രം ജയിലിൽ കയറിയാൽ എന്റെ പടം ഹിറ്റാകുന്നുണ്ട് എന്നു തമാശയ്ക്കു ഞാൻ പറയാറുണ്ട്. നല്ല മിടുക്കനാണു ഗോകുൽ. നല്ല ഭാവിയുള്ള പയ്യനാണ്. തീർച്ചയായും ഗോകുലിനെത്തേടി നല്ല സിനിമകൾ എത്തുമെന്നു തന്നെയാണ് എന്റെ വിശ്വാസം.
വൈശാഖ്- ഉദയകൃഷ്ണ ടീമിന്റെ ശക്തമായ സപ്പോർട്ട്…?
എനിക്ക് ഇതു ചെയ്യാൻ പറ്റും എന്ന തരത്തിൽ അവർ എന്നിൽ കാണിച്ച ആത്മവിശ്വാസം എനിക്കു കിട്ടുന്ന വലിയ അംഗീകാരമാണ്. രാജീവിന്റെ കാരക്ടർ മാനസികമായി വേറൊരു തലത്തിൽ നിൽക്കുന്നതാണ്. അവന്റെ പ്രശ്നങ്ങളും അവസ്ഥയും നമുക്കു പെർഫോം ചെയ്യാൻ പറ്റുന്ന സാഹചര്യങ്ങളാണ്.
ഇത്തരം ഒരു കാരക്ടർ കിട്ടിയതിലും അതു ചെയ്യാനായതിലും സന്തോഷമുണ്ട്. രാജീവ് എന്ന നായകനായി ആരെയാണു കാസ്റ്റ് ചെയ്യേണ്ടത് എന്ന കാര്യത്തിൽ ഇരുവർക്കും സന്ദേഹമുണ്ടായിരുന്നില്ല. മാസ്റ്റർപീസിൽ ഞാൻ ചെയ്തുവച്ചത് അവർക്ക് അത്രയ്ക്കും ഇഷ്ടപ്പെട്ടുകാണണം. അല്ലെങ്കിൽ മൊത്തത്തിൽ ഉണ്ണി മുകുന്ദൻ എന്ന ആക്ടറിൽ അവർക്കു കോണ്ഫിഡൻസ് ഉണ്ടായിരുന്നിരിക്കാം. എന്നെ ഒരു പടത്തിലും ഇതുപോലെ കാണിച്ചിട്ടില്ല. പുതിയ ഒരു രീതിയിലാണു കാരക്ടറിനെ ട്രീറ്റ് ചെയ്തത്. കുറച്ചു തമാശകളുണ്ട്. പക്ഷേ, രാജീവ് പോലീസാണു താനും.
ഏറെ നിഗൂഢതകളുള്ള രീതിയിലാണ് ഡയലോഗു പറയുന്നതും. ഫ്ളാഷ്ബാക്ക് കഴിഞ്ഞു തിരിച്ചുവരുന്പോഴുള്ള രാജീവിന്റെ മാനസികാവസ്ഥ. ആ ഇമോഷണൽ സീനുകളും ലവ് സീനുകളും ഗംഭീരമായി ചെയ്തുവെന്നു പലരും പറയുന്പോൾ വലിയ സന്തോഷമുണ്ട്. ഒരു കൊമേഴ്സ്യൽ സിനിമയിൽ ഇത്രത്തോളം പെർഫോം ചെയ്യാനുള്ള ഒരു സ്പേസ് ഇവർ ഉണ്ടാക്കിത്തന്നു. ഏറെ രസകരമായിട്ടാണ് അതു കൈകാര്യം ചെയ്തിരിക്കുന്നതും.
സംവിധായകൻ സൈജുവിന്റെ പിന്തുണ….?
അദ്ദേഹത്തിന്റെ ആദ്യത്തെ സിനിമയാണെന്ന് ആരും പറയില്ല. അതുറപ്പാണ്. ഏറെ പക്വതയോടെയാണ് സബ്ജക്ട് കൈകാര്യം ചെയ്തത്. ഈസി സബ്ജക്ടൊന്നുമല്ലല്ലോ എടുത്തത്. പക്കാ കൊമേഴ്സ്യൽ തന്നെയല്ലേ. സൈജുവേട്ടനാണ് മുംബൈ മാർച്ച് 12 ലും തത്സമയം ഒരു പെണ്കുട്ടിയിലും എനിക്കു ഡബ്ബ് ചെയ്തത്. തുടക്കകാലങ്ങളിൽ എനിക്കു ശബ്ദം നല്കിയത് അദ്ദേഹമാണ്. അന്ന് എനിക്കുവേണ്ടി ഡബ്ബ് ചെയ്യുന്പോഴും ഇത് എപ്പോഴും താൻ ചെയ്യില്ലെന്നും ഭാവിയിൽ ഞാൻ തന്നെ ഡബ്ബ് ചെയ്യണമെന്നും സൈജുവേട്ടൻ പറയുമായിരുന്നു.
ഇന്ന് ഈ സിനിമയിൽ എന്റെ ഡയലോഗ് റെൻഡറിംഗിനെക്കുറിച്ചും മറ്റും ആളുകൾ പറയുന്പോൾ എന്നിലെ നടന് അദ്ദേഹം നല്കിയ കോണ്ഫിഡൻസ് വിസ്മരിക്കാവതല്ല. തന്റെ ആദ്യ ചിത്രത്തിന് ഇത്രയും വലിയ പ്രൊഡ്യൂസേഴ്സിനെ കിട്ടിയിട്ടും എന്നിലേക്ക് എത്തിയതും എനിക്കു കിട്ടിയ വലിയ അംഗീകാരമാണ്.
ആ അംഗീകാരത്തെ മാനിച്ചു സിനിമ വിജയിപ്പിച്ചു കൊടുക്കുക എന്നതായിരുന്നു എനിക്കു കിട്ടിയ ചലഞ്ച്. ദൈവാനുഗ്രഹത്താൽ എനിക്കതു ചെയ്യാനായി. ഇവരുടെ ഒരു നയാ പൈസ പോലും പോകാൻ പാടില്ലെന്നു ഞാൻ പൂർണ മനസോടെ ആഗ്രഹിച്ചിരുന്നു. ഇപ്പോൾ എല്ലാവരും ഹാപ്പിയാണ്.
സ്ക്രിപ്റ്റിംഗ് നവീൻ ജോണ്…?
നല്ല സ്ക്രിപ്റ്റായതിനാൽ നടന്മാർക്കു ചേഞ്ച്ഓവർ കൊണ്ടുവരാനുനായിട്ടുണ്ട്. അഭിനയിക്കാനുള്ള മുഹൂർത്തങ്ങളുമുണ്ട് ഈ സിനിമയിൽ. ഏന്റെ കരിയറിലെ ഏറ്റവും ബെസ്റ്റ് പെർഫോമൻസ് എന്ന തരത്തിൽ റിവ്യൂസ് വരുന്പോൾ സന്തോഷം. കൊമേഴ്സ്യൽ സിനിമയിൽ അല്ലെങ്കിൽ മാസ് ചുവയുള്ള ഒരു സിനിമയിൽ അഭിനയത്തെക്കുറിച്ച് ആളുകൾ സംസാരിക്കുന്നു എന്നുള്ളതു വലിയ കാര്യമാണ്. അവാർഡ് ചിത്രങ്ങളെക്കുറിച്ചോ റിയലിസ്റ്റിക് പടങ്ങളെക്കുറിച്ചോ ആണ് ഇത്തരം റിവ്യൂസ് വരാറുള്ളത്. പക്കാ കൊമേഴ്സ്യൽ പടത്തിനെക്കുറിച്ച് അതു വരുന്പോൾ സന്തോഷമുണ്ട്.
അടുത്തിടെ കരിയറിൽ ഗുണപരമായ മാറ്റം സംഭവിച്ചുതുടങ്ങിയത് അച്ചായൻസിലല്ലേ..?
അച്ചായൻസ് മുതൽ പടങ്ങൾ പരാജയപ്പെട്ടിട്ടില്ല. ബ്ലോക് ബസ്റ്ററായില്ലെങ്കിലും വാണിജ്യപരമായി പടങ്ങൾ പരാജയപ്പെട്ടിട്ടില്ല. പടങ്ങൾ പ്രൊഡ്യൂസർക്കു സേഫായിരുന്നു. എനിക്കും ഗുണമുണ്ടായി. എനിക്കു പാട്ടെഴുതാനായി. പാട്ടു പാടാൻ അവസരമുണ്ടായി. അങ്ങനെ പലതും ചെയ്യാൻ അവസരമുണ്ടായിരുന്നു.
ജനതാഗാരേജ് വന്നു. ബാഗമതി വന്നു. ഇതെല്ലാം 100 കോടി കളക്ട് ചെയ്ത പടങ്ങളാണ്. പിന്നെ മാസ്റ്റർപീസ് വന്നു. അതും നന്നായി കളക്ട് ചെയ്തു. ക്ലിന്റിന് എനിക്കു രാമുകാര്യാട്ട് ബെസ്റ്റ് ആക്ടർ പുരസ്കാരം കിട്ടി. കൊമഴ്സ്യലും നോണ് കൊമേഴ്സ്യലും ചെയ്തു.
എന്റെ കരിയറിൽ പെട്ടെന്ന് എനിക്ക് ഒന്നും കിട്ടിയിട്ടില്ല. എന്റെ സിനിമകളുടെ പോക്കും പെർഫോമൻസും എല്ലാം വച്ചു നോക്കുന്പോൾ എല്ലാം പതിയെപ്പതിയെയാണു കിട്ടിയിരിക്കുന്നത്. പതിയെയാണെങ്കിലും കുഴപ്പമില്ല, റിസൾട്ട് വന്നാൽ മതി. 2018 ഗംഭീരതുടക്കം തന്നെയാണ്. പുറത്തിറങ്ങിയ രണ്ടു പടങ്ങളും വലിയ വിജയം നേടി.
ക്രിട്ടിക്കലിയും നമ്മുടെ അഭിനയത്തെക്കുറിച്ച് ആളുകൾ നല്ല അഭിപ്രായം പറയുന്നു. വ്യക്തിപരമായി ജീവിതത്തിലെ ഏറ്റവും ടെൻഷൻ പിടിച്ച സമയം തന്നെയാണ്. പക്ഷേ, പ്രഫഷണലി അത്രയും പോസിറ്റീവായാണു കാര്യങ്ങൾ പോകുന്നത്. അതിൽ ഏറെ സന്തോഷമുണ്ട്.
കരിയറിൽ ഏഴാമത്തെ വർഷം. ഏതെങ്കിലും പ്രോജക്ടുകൾ ചെയ്തത് അബദ്ധമായെന്നു തോന്നിയിട്ടുണ്ടോ…?
എല്ലാം ഓരോ അനുഭവം തന്നെയാണ്. പ്രശ്നങ്ങൾ നമുക്കു ഫീൽ ചെയ്തിട്ടുണ്ട്. നമ്മൾ വിചാരിച്ചതുപോലെയല്ല പല പ്രോജക്ടുകളും വന്നത്. പക്ഷേ, അതെല്ലാം നമ്മളെ എന്തെല്ലാമോ പഠിപ്പിച്ചിട്ടുണ്ട്. എല്ലാ ഒരു പഠനമായിട്ടാണു ഞാൻ കാണുന്നത്.
പ്രോജക്ടുകൾ തെരഞ്ഞെടുക്കുന്പോൾ…?
സങ്കീർണമായ മാനദണ്ഡങ്ങൾ ഒന്നുമില്ല. നല്ല സ്ക്രിപ്റ്റ് – അതു വായിക്കുന്പോൾ നമുക്കൊരു കിക്ക് വരിക, സ്ക്രിപ്റ്റിൽ ഞാൻ എവിടെയാണ്, ഞാൻ എന്താണ് അതിൽ ചെയ്യാൻ പോകുന്നത്, എന്തൊക്കെയാണ് എനിക്കു ചെയ്യാൻ പറ്റുന്നത്, ആരാണ് ഈ സിനിമ സംവിധാനം ചെയ്യുന്നത്…ഇതൊക്കെയാണു ശ്രദ്ധിക്കുന്നത്.
ചിലപ്പോൾ നല്ല കഥകൾ വരാറുണ്ട്. പക്ഷേ, അതിൽ ഒരുപരിധിക്കപ്പുറം എനിക്ക് ഒന്നും ചെയ്യാനില്ലെന്നു വരുന്പോൾ അത്തരം കഥകൾ ഉപേക്ഷിക്കും. എനിക്ക് എന്തെങ്കിലുമൊക്കെ ചെയ്യണം. ഈ പ്രായത്തിൽ ഞാൻ ചലഞ്ചെടുക്കാൻ റെഡിയാണ്. ചലഞ്ചെന്നു പറയുന്പോൾ അടുത്ത റിലീസ് ചാണക്യതന്ത്രത്തിലെ പെണ്വേഷം പോലെയൊക്കെ.
മസിലിനെക്കുറിച്ചു മാത്രം ആളുകൾ എടുത്തുപറയുന്പോൾ എന്താണു തോന്നുന്നത്..?
മലയാളത്തിൽ ഇപ്പോൾ മസിൽമാൻ എന്നു എന്നു പറയുന്നതിൽ ചുരുക്കം പേരിലൊരാൾ ഞാനാണ്; സന്തോഷമുണ്ട്. പക്ഷേ, പലപ്പോഴും അതിനെമാത്രം കേന്ദ്രീകരിച്ചു സംസാരം നീങ്ങുന്പോഴാണ് അതു പ്രശ്നമാകുന്നത്. പല സിനിമകൾക്കു വേണ്ടിയും ശരീരഭാരം കൂട്ടിയും കുറച്ചുമൊക്കെയാണു ഞാൻ ചെയ്യുന്നത്.
ഇവിടെ അധികം പേരും അങ്ങനെ ഫിറ്റ്നസൊന്നും നോക്കാത്തതുകൊണ്ടായിരിക്കാം അല്ലെങ്കിൽ ഇങ്ങനെ മസിലുള്ളവർ ആകാത്തതുകൊണ്ടായിരിക്കാം ഞാൻ മാത്രം വേറിട്ടു നിൽക്കുന്നതെന്നുതോന്നുന്നു. പുറംരാജ്യങ്ങളിലും അന്യഭാഷാ സിനിമകളിലുമൊന്നും ശരീരത്തെക്കുറിച്ച് ഇത്രയും ആരും സംസാരിക്കാറില്ല. ഇങ്ങനത്തെ ആളുകൾക്കു മാത്രമേ ഇങ്ങനെയുള്ള റോളുകൾ ചെയ്യാൻ പറ്റൂ എന്നത് ഇൻഡസ്ട്രിയിലെ ചിലരുടെ തെറ്റിദ്ധാരണയാണ്. എന്റെ ഈ വിജയം, ഞാൻ ചെയ്ത സിനിമകളുടെയൊക്കെ വിജയം.. അതിനുള്ള മറുപടിയാണ്.
സമയം മാറിക്കൊണ്ടിരിക്കുകയാണ്, നടന്മാർ ഇങ്ങനെയായിരിക്കണം എന്ന കാഴ്ചപ്പാടും മാറിക്കൊണ്ടിരിക്കുകയാണ്. ഇങ്ങനത്തെ ഡ്രസ് ഇടണം എന്ന മട്ടിൽ ഫാഷനെക്കുറിച്ചു ധാരാളം ചർച്ചകൾ നടക്കുന്നുണ്ടല്ലോ. ആരോഗ്യത്തെക്കുറിച്ചു രണ്ടു വാക്കു പറയാൻ പോയാൽ അതു കുറ്റമാകും. നടന്മാരായാൽ ഇങ്ങനെ നടക്കണം, അങ്ങനെ നടക്കണം, ബ്രാൻഡഡ് ഷർട്ടിടണം എന്നൊക്കെ പറയാറുള്ളതുപോലെ നടന്മാരായാൽ ശരീരം കാത്തുസൂക്ഷിക്കണം എന്ന് ആരും പറയാറില്ല.
അത് എന്തുകൊണ്ടാണെന്ന് എനിക്കറിയില്ല. മാർക്കറ്റിൽ ബ്രാൻഡഡ് ഷർട്ട് കിട്ടും. പക്ഷേ, അവിടെ സിക്സ് പായ്ക്ക് കിട്ടില്ലല്ലോ. പക്ഷേ, ഇപ്പോൾ കേരളത്തില ഓഡിയൻസ് എന്നെ സ്വീകരിച്ചു. ഉണ്ണി ഇങ്ങനെയാണ്, മറ്റു നടന്മാരിൽ നിന്നു മാറിനിൽക്കുന്നയാളാണ്, ഉണ്ണി ഇങ്ങനെ അഭിനയിക്കും… എന്നൊക്ക അവർക്കറിയാം. ഉണ്ണിയുടെ അഭിനയം അവർക്കിഷ്ടമായതുകൊണ്ടാണ് ഈ പടം ഹിറ്റായത്.
കൊമേഴ്സ്യൽ പടങ്ങൾക്കൊപ്പം കാറ്റും മഴയും, ക്ലിന്റ് തുടങ്ങിയ കലാമൂല്യമുള്ള പടങ്ങളും ചെയ്യുന്നുണ്ടല്ലോ…?
എനിക്ക് എല്ലാത്തരം സിനിമകളും ഇഷ്ടമാണ്. പക്ഷേ, പ്രശ്നമെന്താണു ചോദിച്ചാൽ വേണമെങ്കിൽ സമയദോഷം എന്നു തന്നെ പറയാം. എപ്പോഴും നല്ല സിനിമകൾ ആഗ്രഹിക്കുന്ന ആളുകൾ തന്നെ അത്തരം സിനിമകൾ തിയറ്ററുകളിലെത്തുന്പോൾ പ്രോത്സാഹിപ്പിക്കാറില്ല. അത് എന്തു ലോജിക്കാണെന്ന് എനിക്കറിയില്ല. കാറ്റും മഴയും…അതൊരു അവാർഡ് പടമാണ് എന്നു പറഞ്ഞ് തള്ളിക്കളയുകയാണു ചെയ്യുന്നത്. ആ പടം തിയറ്ററുകളിൽ വന്നില്ല.
പക്ഷേ, അവാർഡുകൾ കിട്ടി. നല്ല സിനിമ ചെയ്താൽ പോരെന്നും അത് ആർക്കുവേണ്ടി ചെയ്യണം എന്നതു വളരെ പ്രാധാന്യമുള്ളതാണെന്നും ഞാൻ പഠിച്ചു. അങ്ങനെയൊക്കെ കുറേ കാര്യങ്ങൾ പഠിക്കാനായി. ഞാൻ പലപ്പോഴും ഒരു സ്ളോ ലേണർ ആണെന്നു തോന്നിയിട്ടുണ്ട്. എന്നെ ഫീൽഡിൽ ഗൈഡ് ചെയ്യാൻ ആരെങ്കിലുമൊക്കെ ഉണ്ടായിരുന്നെങ്കിൽ ചിലതു ചെയ്യും, ചിലതു ചെയ്യാതിരിക്കും. മിസ്റ്റേക്കുകളിൽ നിന്നു പലതും പഠിച്ചു. വീണ്ടും മിസ്റ്റേക്കുകളിലേക്കു പോകാതിരിക്കാനും പഠിച്ചു.
അച്ചായൻസിൽ പാട്ടെഴുതി, പാടി. എഴുത്തിലേക്കും സംവിധാനത്തിലേക്കുമൊക്കെ കടക്കാൻ താത്പര്യമുണ്ടോ…?
ഭാവിയിൽ ചെയ്യണമെന്ന് ആഗ്രഹമുണ്ട്. അതിന്റെയൊരു ചെറിയ തുടക്കം. എനിക്ക് ഏറ്റവും കംഫർട്ടബിളായ ആളുകളാണ് ഉദയേട്ടൻ, വൈശാഖേട്ടൻ, സൈജു ഭായ്… ആ കൂട്ടത്തിൽപ്പെടുന്ന ഒരാളാണു കണ്ണൻ താമരക്കുളം. എനിക്കതു സാധ്യമാണ് എന്ന അദ്ദേഹത്തിന്റെ ആത്മവിശ്വാസമാണ് എന്നെ പാട്ടെഴുത്തുകാരനാക്കിയത്. ‘നീയല്ലേ പാടാൻ പോകുന്നത്.
ആദ്യത്തെ പാട്ടല്ലേ, അപ്പോൾ നീ തന്നെ എഴുതിക്കോളൂ’ എന്ന് അത്രമേൽ ആത്മവിശ്വാസത്തോടെയാണ് അദ്ദേഹം പറഞ്ഞത്. ‘അനുരാഗം പുതുമഴ പോലെ..’ എന്ന ആ പാട്ട് എല്ലാവർക്കും ഇഷ്ടമായി എന്നതിൽ വളരെ സന്തോഷമുണ്ട്. അടുത്ത പാട്ടു ഞാൻ പാടിക്കഴിഞ്ഞു, ചാണക്യതന്ത്രത്തിൽ. കൈതപ്രം മാഷാണ് പാട്ട് എഴുതിയത്. ഈണം നല്കിയതു ഷാൻ റഹ്മാൻ.
കണ്ണൻ താമരക്കുളത്തിന്റെ ചാണക്യതന്ത്രമാണല്ലോ അടുത്ത റിലീസ്. അതിൽ കരിഷ്മ എന്ന ഒരു മേക്കോവർ മാത്രമാണോ ഉള്ളത്…?
അതിൽ എനിക്ക് അഞ്ച് മേക്കോവർ ഉണ്ട്. അഞ്ചു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അതും ത്രില്ലർ ജോണറിൽപ്പെട്ട സിനിമയാണ്. ഇരയുടെ വിജയം ആ സിനിമയ്ക്കു വളരെ പോസിറ്റീവായി മാറുമെന്നാണു വിശ്വാസം. നല്ലോരു സിനിമയായിരിക്കും. ഇതുപോലെതന്നെ ആളുകൾക്ക് എൻജോയ് ചെയ്തു കാണാൻ പറ്റുന്ന ഒരു എന്റർടെയ്നിംഗ് ത്രില്ലർ സിനിമയായിരിക്കും ചാണക്യതന്ത്രം. അതിന്റെയൊരു സീക്വലും മനസിൽ കാണുന്നുണ്ട്. അത്തരം സാധ്യതകളുള്ള ഒരു സിനിമയാണത്. ദിനേശ് പള്ളത്താണ് അതിന്റെ സ്ക്രിപ്റ്റ് ചെയ്തത്.
ചാണക്യതന്ത്രം വളരെ നേരത്തേ കമിറ്റ് ചെയ്ത പ്രോജക്ട് ആണോ…?
ഞാൻ സാധാരണ മൂന്നാലു പടം ഒന്നിച്ചു കമിറ്റു ചെയ്തു വയ്ക്കാറില്ല. ഒരു പടം കഴിഞ്ഞ് വെയ്റ്റ് ചെയ്ത് അടുത്ത പടം ചെയ്യുകയെന്നതാണ് എന്റെ രീതി. അങ്ങനെ കിട്ടിയ സിനിമയാണു ചാണക്യതന്ത്രം. നല്ല സബ്ജക്ടാണെന്നു തോന്നി, ചെയ്തു. വാസ്തവത്തിൽ ഇരയ്ക്കു മുന്നേ ചെയ്യേണ്ട സിനിമയായിരുന്നു ചാണക്യതന്ത്രം. ചാണക്യതന്ത്രത്തിന്റെ സ്ക്രിപ്റ്റ് പൂർത്തിയാകാൻ കുറച്ചുകൂടി സമയമെടുത്തതോടെ ആ ഗ്യാപ്പിൽ ആദ്യം ഇര ചെയ്തു. അതു തീർന്ന ഉടൻതന്നെ ചാണക്യതന്ത്രവും ചെയ്തു.
തെലുങ്കിൽ ബാഗമതി വൻ ഹിറ്റാണല്ലോ.. പുതിയ ഓഫറുകൾ..?
തെലുങ്കിൽ നിന്നും തമിഴിൽ നിന്നും ഓഫറുകൾ വരുന്നുണ്ട്. ഇര കുറേപ്പേർ ആവശ്യപ്പെടുന്നുണ്ട്. ഇങ്ങനെയൊരു നടനുണ്ടെന്ന വാർത്ത എല്ലാ ഭാഷകളിലും എത്തിയിട്ടുണ്ട്. ബോളിവുഡിലെ ഒരു ഡയറക്ടറുമായും മീറ്റ് ചെയ്തിട്ടുണ്ട്. തെലുങ്കിൽ പെട്ടെന്നു തന്നെ സ്വീകരണം കിട്ടി. അവിടെ ആവർത്തിച്ചു സിനിമ കാണുന്ന ആളുകൾ അധികം വിമർശിക്കുന്നില്ല എന്നാണ് എനിക്കു തോന്നുന്നത്. അവർക്ക് എന്റെ ആദ്യത്തെ സിനിമയായിരിക്കും ജനതാ ഗാരേജ്.
എന്റെ കരിയറിൽ 24 ാലാമത്തെയോ 25 ാമത്തെയോ സിനിമയാണ് ജനതാഗാരേജ്. അതിന്റെയൊരു പക്വത അതിനു കാണും. അവർ നോക്കുന്പോൾ ആദ്യത്തെ സിനിമയിൽത്തന്നെ ഗംഭീരമായി അഭിനയിക്കുന്നു. ഇയാൾ മലയാളത്തിൽ അത്യാവശ്യം പടങ്ങൾ ചെയ്തിട്ടുള്ളയാളാണെന്ന് അവർ പിന്നീടു മനസിലാക്കി. അധികം വൈകാതെ ബാഗമതിയിൽ നായകനായി വന്നപ്പോൾ വളരെപ്പെട്ടെന്നു സ്വീകരണം കിട്ടി.
സോഷ്യൽ മീഡിയയിലെ വിമർശനപരമായ കമന്റുകൾ…?
എല്ലാം സമയത്തിന്റേതാണ്. ചില സമയത്തു നമ്മൾ വേദനിക്കും. വിഷമം തോന്നും. പക്ഷേ, ആ വിഷമങ്ങളൊക്കെ മനസിൽവച്ചു ഞാൻ കിടക്കും. ആ വിമർശനങ്ങളിൽ കൂടിയാണ് ഇന്നു ഞാൻ ഇരയെന്ന പടത്തിൽ അഭിനയിച്ചതും അതു വിജയിപ്പിച്ചു കാണിച്ചുകൊടുത്തതും. അത്തരം കമന്റുകളൊക്കെ എപ്പോഴും നമുക്ക് ഓർമപ്പെടുത്തലാണ്.
സ്റ്റൈൽ എന്ന പടം മലയാളത്തിൽ കളക്റ്റ് ചെയ്തില്ലെങ്കിലും ഹിന്ദിയിൽ 20 മില്യണ് ആളുകൾ അതു യൂട്യൂബിൽ കണ്ടു. ടിവിയിലും യൂട്യൂബിലുമൊക്കെ ആ പടം വിജയിച്ചപ്പോൾ എന്റെ തീരുമാനത്തിന്റെ പ്രശ്നമല്ല, ഒരു സിനിമ ഇറങ്ങുന്നതിന്റെ സമയം ഉൾപ്പെടെ വേറെ കുറേ കാരണങ്ങൾ കൊണ്ടാണ് അതെന്ന് എനിക്കു മനസിലായി. ഇന്ന് ഈ സിനിമ ഇത്രയും വലിയ വിജയമായി മാറുമെന്ന് ഒരിക്കലും ഞാൻ വിചാരിച്ചിരുന്നില്ല.
മമ്മൂട്ടിക്കൊപ്പമുള്ള സിനിമകൾ തികച്ചും ഭാഗ്യം തന്നെയല്ലേ…?
മമ്മൂക്കയുമായി ചെയ്ത എല്ലാ സിനിമകളും അദ്ദേഹത്തിനേക്കാൾ അധികം എനിക്കു ഗുണം ചെയ്തിട്ടുണ്ട്. ലക്കി ഫാക്ടറായിത്തന്നെയാണ് ഞാൻ അതിനെ കാണുന്നത്. ഞാൻ കാരണം അദ്ദേഹത്തിന്റെ പടം മോശമാകാൻ പാടില്ല എന്നു മാത്രമാണ് മമ്മൂക്കയ്ക്കൊപ്പം അഭിനയിക്കുന്പോൾ എന്റെ ചിന്ത.
അങ്ങനെ നിൽക്കുന്പോൾ പെർഫോം ചെയ്യുന്നതിലുള്ള നമ്മുടെ ആറ്റിറ്റ്യൂഡ് മാറും. എല്ലാത്തരത്തിലും അതു ഗുണം ചെയ്തിട്ടേയുള്ളൂ. ഇനിയും നല്ല സിനിമകൾ വന്നാൽ അദ്ദേഹത്തിനൊപ്പം ചെയ്യണമെന്ന് ആഗ്രഹമുണ്ട്. അദ്ദേഹം ഏറെ പോസിറ്റീവാണ്. പേഴ്സണലി ഏറെ സപ്പോർട്ടീവാണ്.
മോഹൻലാലിനൊപ്പം ഇനിയും പടം ചെയ്യണമെന്ന് ആഗ്രഹമില്ലേ…?
ലാലേട്ടനൊപ്പം ഒറ്റപ്പടം മാത്രമേ ചെയ്യാൻ പറ്റിയിട്ടുള്ളൂ – തെലുങ്കിൽ ചെയ്ത ജനതാ ഗാരേജ്. മോഹൻലാൽ എന്ന നടനൊപ്പം ഒരു സിനിമയിലെങ്കിലും അഭിനയിക്കണം എന്ന വലിയൊരാഗ്രഹം മനസിലുണ്ടായിരുന്നു. അതുകൊണ്ടാണ് ജനതാഗാരേജ് ചെയ്തതുതന്നെ. മലയാളത്തിലും അദ്ദേഹത്തിനൊപ്പം അതുപോലെ ഒരു ഇടിവെട്ട് ആക്ഷൻപടം തന്നെയാണെങ്കിൽ നന്നായിരിക്കും.
മമ്മൂട്ടിയുടെ കുട്ടനാടൻ ബ്ലോഗിൽ…?
കുട്ടനാടൻ ബ്ലോഗിൽ ഞാൻ അഭിനയിക്കുന്നില്ല. ആ സിനിമയിൽ ഞാൻ ഡയറക്്ഷൻ ഡിപ്പാർട്ട്മെന്റിന്റെ കൂടെയാണ്. അസോസിയേറ്റായി ജോയ്ൻ ചെയ്തു. മേയ് അവസാനമാണ് എന്റെ അടുത്ത പടത്തിന്റെ ഷൂട്ടിംഗ്. ആ ഗ്യാപ്പിൽ ഇതു ചെയ്യാം എന്നു കരുതി. അതിൽ ഞാൻ വേറൊരാൾ എഴുതിയ ഒരു പാട്ടു പാടുന്നുണ്ട്.
അടുത്ത പ്രോജക്ട്…?
അടുത്തതു മലയാളം പടമാണ്. അതിനെക്കുറിച്ചു പൂർണമായും പറയാവുന്ന രീതിയിൽ ആയിട്ടില്ല. എന്തായാലും മേയ് അവസാനം ഷൂട്ടിംഗ് തുടങ്ങും. ഉടൻതന്നെ അത് ഒഫീഷ്യൽ അനൗണ്സ്മെന്റായി പുറത്തുവരും. അതുവരെ ഗ്യാപ്പാണ്. ആ പടത്തിനു വേണ്ടിയുള്ള പ്രിപ്പറേഷൻ ടൈമാണ്. വേറെയും കഥകൾ കേൾക്കുന്നുണ്ട്.
ബിഗ് ബജറ്റ് ചരിത്ര സിനിമകളുടെ കാലമാണല്ലോ മലയാളത്തിൽ. അത്തരം എന്തെങ്കിലും ഓഫറുകൾ…?
സത്യസന്ധമായി പറഞ്ഞാൽ അത്തരം ഓഫറുകളുമായി എന്റെയടുത്തേക്ക് ആരും ഇതുവരെ വന്നിട്ടില്ല. പക്ഷേ, അത്തരം ചിത്രങ്ങൾ ചെയ്യണമെന്ന് എനിക്കു വലിയ ആഗ്രഹമുണ്ട്; അങ്ങനെയുള്ള ഒരു കഥാപാത്രം ചെയ്തെടുക്കണമെന്നും. അത്തരം സിനിമകൾ സംഭവിക്കാൻ പോകുന്നതേയുള്ളുവെന്നു മനസു പറയുന്നു.
ഇരയുടെ വിജയം അതിന്റെയൊരു തുടക്കമായിരിക്കും. പോസിറ്റിവിറ്റി വളർത്തുന്ന ഒരു സംഭവമാണത്. ഇൻഡസ്ട്രിയിൽ നിന്നു കുറേപ്പേർ സപ്പോർട്ട് ചെയ്ത് അതിനെക്കുറിച്ചു സംസാരിച്ചു. മെസേജുകൾ തന്നു. എന്റെ കരിയറിയിൽ ഇതിനുമുന്പ് അങ്ങനെ ഉണ്ടായിട്ടില്ല. ഈ സിനിമയിലെ പെർഫോമൻസിനെക്കുറിച്ചും വിജയത്തിനെക്കുറിച്ചും പറയാൻ തന്നെ കുറേപ്പേർ എന്നെ വിളിച്ചു.
സിനിമാജീവിതത്തിൽ ധാരാളം പ്രതിസന്ധികൾ ഉണ്ടായിട്ടുണ്ടല്ലോ. ഇവിടെ തുടരാൻ പ്രചോദിപ്പിക്കുന്നത്…?
ജയിക്കണമെന്നുള്ള ഒരു വാശിയുണ്ട്. എന്തായാലും ഇവിടെവരെ വന്നു. ഇത്രയൊക്കെ നമ്മൾ ചെയ്തു. ഇനി ജയിച്ചില്ലെങ്കിൽ അതു ശരിയല്ല. എന്നെപ്പോലെ ഒരാൾ ജയിച്ചാൽ മിഡിൽക്ലാസ് ഫാമിലിയിൽ നിന്നു വരുന്ന പിള്ളേർക്ക് അതു വലിയ പ്രചോദനമാകും. സിനിമാബാക്ക്ഗ്രൗണ്ട് ഒന്നുമില്ലാത്ത മിഡിൽ ക്ലാസ് ഫാമിലിയിൽ നിന്നാണു ഞാൻ വന്നത്. എന്റെ അച്ഛനുമമ്മയും അത്രമേൽ സപ്പോർട്ട് ചെയ്തതുകൊണ്ട് എനിക്കു സിനിമ സ്വപ്നം കാണാനായി.
ആ സ്വപ്നത്തിലേക്ക് അവർ എന്നെ നയിച്ചു. ഇവിടെ വിജയിച്ചാൽ ഇതുപോലെ പാവപ്പെട്ട കുടുംബങ്ങളിൽ നിന്നു വരുന്ന കുട്ടികൾക്കും ഒരു ശ്രമം നടത്താം. ഉണ്ണിക്കു ചെയ്യാൻ പറ്റുമെങ്കിൽ എന്തുകൊണ്ട് തനിക്കും ആയിക്കൂടാ എന്ന തോന്നൽ ഇത്തരം കുട്ടികളുടെയിടയിൽ കൊണ്ടുവരാനായാൽ അതു വളരെ വലിയ ഒരു വിജയമായിരിക്കും. അതിനു ഞാൻ ആദ്യം വിജയിക്കണം. വിജയിച്ചേ പറ്റൂ. ആ തോന്നലാണു നയിക്കുന്നത്.
വീട്ടുവിശേഷങ്ങൾ…?
ഒരു വർഷമായി അച്ഛനും അമ്മയും ഒറ്റപ്പാലത്താണ്. ഇവിടെ വീടുവച്ചുതാമസിക്കുന്നു. ഇരുവരും വലിയ സന്തോഷത്തിലാണ്. അവർ നാട്ടിൽ വന്നശേഷം ഒരു എനിക്ക് സോളോഹിറ്റ് കിട്ടിയപ്പോൾ അത് അവരുടെ കൂടി ഐശ്വര്യമാണെന്നു കരുതുന്നു. ഗുജറാത്തിൽ ഞാൻ താമസിച്ചിരുന്ന ഫ്ളാറ്റ് ഇപ്പോഴുമുണ്ട്. ചേച്ചിയും കുടുംബവും ഗുജറാത്തിൽ തന്നെയാണ്. ചേച്ചിക്ക് അവിടെയാണു ജോലി.
ടി.ജി.ബൈജുനാഥ്