വിപണി വിശേഷം / കെ.ബി. ഉദയഭാനു
തായ്ലൻഡിന്റെ റബർ ഉത്പാദനം ഈ വർഷം ഉയരുമെന്ന വെളിപ്പെടുത്തൽ ഇതര ഉത്പാദകരാജ്യങ്ങളുടെ കണക്കുകൂട്ടലുകൾ വീണ്ടും തെറ്റിക്കും. ആഗോളവിപണിയിൽ റബർ വിറ്റഴിക്കാൻ വീണ്ടും മത്സരസാധ്യത. വിഷു വരെ നാളികേരോത്പന്നങ്ങളെ താങ്ങിനിർത്താൻ വ്യവസായികൾ ശ്രമം തുടങ്ങി. വില കുറഞ്ഞ കുരുമുളക് ഇറക്കുമതിക്ക് കടിഞ്ഞാണിടുന്നു. സ്വർണം ഈ വർഷത്തെ ഏറ്റവും ഉയർന്ന തലത്തിൽ.
റബർ
ആഗോള റബർവിപണി വീണ്ടും ആശങ്കയിൽ. റബർ ഉത്പാദനം കുറച്ച് മാർക്കറ്റിനു പുതുജീവൻ പകരുമെന്ന പ്രഖ്യാപനം പുറത്തുവന്ന് ഒരാഴ്ച പിന്നിടുംമുന്പേ തായ്ലൻഡ് നടപ്പുവർഷം ഉത്പാദനം എട്ടു ശതമാനം ഉയരുമെന്ന് അവകാശപ്പെട്ടത് ഏഷ്യയിലെ ഇതര ഉത്പാദകരാജ്യങ്ങളെ ഞെട്ടിച്ചു. ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾ വർഷത്തിന്റെ രണ്ടാം പകുതിയിൽ റബറിൽ ഉണർവു പ്രതീക്ഷിച്ചിരുന്നു.
തായ്ലൻഡിന്റെ ഉത്പാദനം ഉയരുന്നതിനൊപ്പം കയറ്റുമതിയും വർധിക്കും. അതായത്, വർഷത്തിന്റെ രണ്ടാം പകുതിയിൽ മുഖ്യ ഉത്പാദകരാജ്യങ്ങൾ ചരക്കു വിൽക്കാൻ മത്സരിക്കുമെന്ന് സാരം.
ജനുവരി-മാർച്ച് കാലയളവിൽ രാജ്യാന്തരവില ഉയർത്താൻ തായ്ലൻഡും ഇന്തോനേഷ്യയും മലേഷ്യയും ചേർന്ന് മൂന്നര ലക്ഷം ടണ്‍ റബറിന്റെ കയറ്റുമതി വെട്ടിക്കുറച്ചിട്ടും ടോക്കോമിൽ കിലോഗ്രാമിന് 200 യെന്നിലേക്ക് ഉയരാനായില്ല. അടുത്ത മാസം മുതൽ ഈ മൂന്നു രാജ്യങ്ങൾ വിപണിയിൽ സജീവമാകും. പോയ വാരം റബർ കിലോഗ്രാമിന് 190 യെന്നിൽനിന്ന് 175ലേക്കു താഴ്ന്നത് സിംഗപ്പൂർ, ചൈനീസ്, ഇന്ത്യൻ വിപണികളെ തളർത്തി.
സംസ്ഥാനത്ത് വേനൽമഴ ലഭ്യമായെങ്കിലും ടാപ്പിംഗ് പുനരാരംഭിക്കാൻ ജൂണ്‍ വരെ കാത്തിരിക്കേണ്ടിവരും. ഷീറ്റ് വില താഴ്ന്നതിനാൽ തിരക്കിട്ട് തോട്ടങ്ങളിലേക്കു തിരിയാൻ വലിയോരു വിഭാഗം കർഷകർ തയാറാവില്ല.
എന്നാൽ, ചെറുകിടക്കാർ ഈസ്റ്റർ കഴിയുന്നതോടെ വെട്ട് പുനരാരംഭിക്കാം. വ്യവസായികൾ നിരക്കിടിച്ചാണ് ഷീറ്റ് കൈക്കലാക്കിയത്. ഓഫ് സീസണായതിനാൽ വിപണികൾ ചരക്കുക്ഷാമത്തിന്റെ പിടിയിലാണ്. ടയർ കന്പനികൾ നാലാം ഗ്രേഡ് റബർവില 400 രൂപ ഇടിച്ച് 12,000നു സംഭരിച്ചു. അഞ്ചാം ഗ്രേഡ് 12,200ൽനിന്ന് 11,800 രൂപയായി. ലാറ്റക്സിന് 500 രൂപ ഇടിഞ്ഞ് 7,800ൽ വ്യാപാരം നടന്നു.
കുരുമുളക്
വില കുറഞ്ഞ വിദേശ കുരുമുളകിന്റെ കടന്നാക്രമണം തടയാൻ കേന്ദ്രം കർശന നടപടികൾ തുടങ്ങി. കർഷകർക്കും താങ്ങു പകരാൻ കിലോ 500 രൂപയിൽ താഴ്ന്ന വിലയുള്ള കുരുമുളകിന്റെ ഇറക്കുമതി ഡിസംബർ മുതൽ നിരോധിച്ചിട്ടുണ്ട്. എന്നാൽ, കൃത്രിമമാർഗങ്ങളിലൂടെ ഇറക്കുമതി നടത്തുന്ന സാഹചര്യത്തിലാണ് പരിശോധനകൾ കർകശമാക്കുന്നത്.
അന്താരാഷ്ട്ര മാർക്കറ്റിൽ കുരുമുളക് കിലോഗ്രാമിന് 250 രൂപയിലേക്കു താഴ്ന്നത് ഇറക്കുമതി ഉയർത്തി. സത്ത് നിർമാതാക്കളാണ് മൂല്യവർധിത ഉത്പന്നമാക്കാൻ വിദേശ കുരുമുളക് കൂടുതലായി എത്തിക്കുന്നത്. ഇവിടെ വിളവെടുപ്പു നടക്കുന്നതിനാൽ പുതിയ കുരുമുളകിന്റെ ലഭ്യത ഉയർന്നു. കൊച്ചിയിൽ അണ്‍ഗാർബിൾഡ് കുരുമുളക് 37,800 രൂപയിലും ഗാർബിൾഡ് കുരുമുളക് 39,800 രൂപയിലുമാണ്.
വെളിച്ചെണ്ണ
നാളികേര വിളവെടുപ്പ് പുരോഗമിക്കുന്നു. ഗ്രാമീണമേഖലകളിൽ തേങ്ങയുടെ ലഭ്യത ഉയർന്നു. വൻകിട മില്ലുകൾ കൊപ്ര സംഭരിക്കാൻ രംഗത്തുണ്ടെങ്കിലും വില 11,540ൽ സ്റ്റെഡിയാണ്. ഇതുമൂലം വെളിച്ചെണ്ണ 17,200ൽ നിലകൊണ്ടു. ഉത്സവദിനങ്ങൾ അടുത്തതിനാൽ വെളിച്ചെണ്ണയ്ക്കു പ്രാദേശിക ആവശ്യം ഉയരും. കൊപ്രയ്ക്ക് താങ്ങു പകർന്ന് സ്റ്റോക്കുള്ള എണ്ണ വിറ്റഴിക്കാനുള്ള ശ്രമത്തിലാണ് തമിഴ്നാട്ടിലെ മില്ലുകാർ. വിഷു വരെ വിപണിയിലെ ചൂട് നിലനിർത്തനാവുമെന്ന കണക്കുകൂട്ടലിലാണ് വ്യവസായികൾ.
ഏലം
ഏലം വിളവെടുപ്പ് അവസാനിക്കുന്നു. ഒട്ടുമിക്ക തോട്ടങ്ങളിൽനിന്നും ഉത്പാദകർ പിന്മാറിയതിനാൽ ലേലകേന്ദ്രങ്ങളിൽ ചരക്കുവരവ് ചുരുങ്ങി. ഈസ്റ്റർ ആഘോഷങ്ങളുടെ ഭാഗമായി ഈ വാരം രണ്ടാം പകുതിയിൽ വാങ്ങലുകാർ അകന്നാൽ വിലക്കയറ്റത്തെ അതു ബാധിക്കും. മികച്ചയിനം ഏലക്ക കിലോ 1273 രൂപ വരെ കയറി. ഇടവപ്പാതിയുടെ വരവോടെ ഉത്പാദകമേഖല വീണ്ടും സജീവമാകും.
സ്വർണം
സംസ്ഥാനത്ത് സ്വർണവില ഈ വർഷത്തെ ഏറ്റവും ഉയർന്ന നിലവാരത്തിൽ. 22,440 രൂപയിൽ വിപണനം തുടങ്ങിയ പവൻ 22,520ലേക്കും തുടർന്ന് 22,640ലേക്കും കയറി. വെള്ളിയാഴ്ച 22,760 രൂപയായി ഉയർന്ന സ്വർണം ശനിയാഴ്ച 22,840 രൂപയിലാണ്. ഒരു ഗ്രാമിന്റെ വില 2,855 രൂപയായി. അന്താരാഷ്ട്ര മാർക്കറ്റിലും സ്വർണം തിളങ്ങി. ന്യൂയോർക്കിൽ ട്രോയ് ഒൗണ്‍സ് സ്വർണം 1,313 ഡോളറിൽനിന്ന് 1351 വരെ ഉയർന്നു. വ്യാപാരം അവസാനിക്കുന്പോൾ നിരക്ക് 1,347 ഡോളറിലാണ്.