തിരുവനന്തപുരം: പോലീസിന്റെ നിയന്ത്രണം മുഖ്യമന്ത്രിക്കും സർക്കാരിനും നഷ്ടപ്പെട്ടുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പോലീസ് സംസ്ഥാനത്ത് തോന്നിയ രീതിയിലാണ് പ്രവർത്തിക്കുന്നത്. പോലീസ് ജനങ്ങളെ പീഡിപ്പിക്കുന്നുവെന്നും ചെന്നിത്തല വാർത്തസമ്മേളനത്തിൽ പറഞ്ഞു.
പോലീസിന് ട്യൂഷൻ ആവശ്യമാണെന്നാണ് ഡിജിപി പറയുന്നത്. പോലീസിനെ ഈ സ്ഥിതിയിലേക്ക് എത്തിച്ചതിന്റെ ഉത്തരവാദിത്വം സർക്കാരിനും ഡിജിപിക്കും ആണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
പട്ടിക ജാതി പട്ടിക വർഗക്കാർക്കെതിരേയും പോലീസിന്റെ അതിക്രമങ്ങൾ വർധിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. പോലീസിനെ നേരെ ചൊവ്വേ നടത്തിക്കൊണ്ടു പോകാൻ സർക്കാരിനു സാധിക്കുന്നില്ല. കണിച്ചുകുളങ്ങരയിലേയും മലപ്പുറത്തേയും സംഭവങ്ങൾ ഇതിനു ഉദാഹരണങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തെ ക്രമസമാധാനനില ഭദ്രമാണെന്ന് നിയമസഭയിൽ പറഞ്ഞ മന്ത്രി ബാലന്റെ വാക്കുകൾ മുഖവിലയ്ക്കെടുക്കാൻ സാധിക്കില്ല. ശുഹൈബ് വധത്തിൽ സിബിഐ അന്വേഷണം നടത്താമെന്ന് ബാലൻ പറഞ്ഞതാണെന്നും എന്നാൽ പിന്നിട് സിബിഐ അന്വേഷണം നടത്തിയില്ലെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് നിയമവാഴ്ച അസാധ്യമാകുന്നുവെന്നും ഇതുകൊണ്ടാണ് നിയമസഭയിൽ പ്രതിപക്ഷം ഇറങ്ങിപ്പോയതെന്നും ചെന്നിത്തല പറഞ്ഞു.