ചെങ്ങന്നൂർ: വരട്ടാറിന്റെ തീരങ്ങളിൽ നടപ്പാത ഉണ്ടാക്കുന്ന തറക്കല്ലിടീൽ ചടങ്ങിന് തെരഞ്ഞെടുപ്പുമായി യാതൊരു ബന്ധവുമില്ലെന്ന് ധനമന്ത്രി.ടി.എം.തോമസ് ഐസക് ചെങ്ങന്നൂരിൽ പറഞ്ഞു. തയ്യാറാകാത്ത പാലത്തിന് തറക്കല്ലിട്ടു പോകുന്നതു പോലെയൊരു പരിപാടിയല്ല നടന്നതെന്നും ടെണ്ടർ നടപടികൾ പൂർത്തീകരിച്ചതിനു ശേഷമാണ് ഉദ്ഘാടനം നടത്തിയതെന്നും തെരഞ്ഞെടുപ്പ് ഉള്ളപ്പോൾ മാത്രമല്ല് ഇവിടെ എത്തിയിട്ടുള്ളതെന്നും തോമസ് ഐസക് കൂട്ടിച്ചേർത്തു.
നിലവിൽ ജനകീയമായി സമാഹരിച്ച 35 ലക്ഷം രൂപയും ജനങ്ങളുടെ സന്നദ്ധ അധ്വാനവുമായിരുന്നു ഇതുവരെ നടന്നിരുന്ന പ്രവർത്തനങ്ങൾ. ആദ്യഘട്ടത്തിൽ മേൽനോട്ടം മാത്രമേ ഉണ്ടായിരുന്നുള്ളു. എന്നാൽ ഇപ്പോൾ നിർമാണ പ്രവർത്തനങ്ങൾ സർക്കാർ ഏറ്റെടുത്തു. സർക്കാരിന്റെ ഇടപെടീലും ജനങ്ങളുടെ പങ്കാളിത്തത്തിന്റെയും വലിയ യോജിപ്പ് ഇവിടെ ഉണ്ടായി. സർക്കാർ രണ്ടാം ഘട്ടമെന്ന നിലയിൽ 200 കോടി രൂപ ചിലവഴിക്കും.
തുടർന്ന് നീർത്തട മേഖലയുടെ പ്രവർത്തനത്തിനായി 200 കോടിയോളം വേണ്ടിവരും ആകെ 500 ഓളം കോടിരൂപയുടെ പദ്ധതിയാണ് വരട്ടാർ പുനരുദ്ധാരണമെന്നും മന്ത്രി ചെങ്ങന്നൂരിൽ പറഞ്ഞു. ആദിപന്പ വരട്ടാർ പുനരുജ്ജീവന പദ്ധതിയിൽ രണ്ടാം ഘട്ടമായ നടപ്പാത നിർമാണം ഉദ്ഘാടനം ചെയ്തശേഷം മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം.