എന്നെ ചിലര്‍ ഒതുക്കാന്‍ ശ്രമിക്കുന്നു, ഒരു സിനിമയില്‍ അഭിനയിച്ച് പകുതിയായപ്പോള്‍ അറിഞ്ഞത് അത്ര സുഖകരമല്ലാത്ത കാര്യം, അതോടെ ആ സിനിമ നിര്‍ത്തി, സുരേഷ് ഗോപിയുടെ മകന്‍ ഗോകുല്‍ സുരേഷ് വെളിപ്പെടുത്തുന്നു

മുത്തുഗൗ എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ താരമാണ് ഗോകുല്‍. സാക്ഷാല്‍ സുരേഷ് ഗോപിയുടെ മകന്‍. എന്നാല്‍ അച്ഛന്റെ മകനെന്ന ഇമേജൊന്നും സിനിമയിലേക്കുള്ള യാത്രയില്‍ ഗോകുല്‍ ഉപയോഗപ്പെടുത്തിയില്ല. ഗോകുല്‍ അഭിനയിച്ച ഇരയെന്ന ചിത്രം തിയറ്ററില്‍ ഇപ്പോള്‍ നിറഞ്ഞ കൈയ്യടികളുമായി ഓടിക്കൊണ്ടിരിക്കുയാണ്. അതിനിടെ ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ ചിലര്‍ തന്നെ ഒതുക്കാന്‍ ശ്രമിക്കുന്നതായി താരം ആരോപിക്കുന്നു.

ഗോകുല്‍ പറയുന്നതിങ്ങനെ- ചില സിനിമകളുടെ ചിത്രീകരണം നീണ്ടുപോയപ്പോള്‍ എന്നെ ഒതുക്കാനുള്ള ശ്രമം വരെ നടന്നിരുന്നു. അത്തരത്തില്‍ വാര്‍ത്തകളും വന്നു. പിന്നെ പ്രൊഡ്യൂസര്‍മാര്‍ക്കൊക്കെ എന്നെത്തേടി വരാന്‍ മടിയായി. പക്ഷേ, എനിക്കതിലൊന്നും കുഴപ്പമില്ല. ആരൊക്കെ മോശമാക്കാന്‍ ശ്രമിച്ചാലും കഴിവുള്ളയാള്‍ക്ക് ഉയര്‍ന്നുവരാന്‍ ബുദ്ധിമുട്ടുണ്ടാകില്ലെന്നു ഞാന്‍ വിശ്വസിക്കുന്നു. ഒരു സിനിമയില്‍ ഞാന്‍ പകുതിവരെ അഭിനയിച്ചിരുന്നു. എന്നാല്‍ വിചാരിച്ചതുപോലെ വരുന്നില്ലെന്നു കണ്ടപ്പോള്‍ ഒരിക്കല്‍ ഒരു സിനിമ പാതിവഴിയില്‍ നിര്‍ത്തിപ്പോന്നിട്ടുമുണ്ട്. സിനിമയുടെ ചിത്രീകരണം ഏകദേശം തീരാറായപ്പോഴാണ് ഇതു വേറൊരു തരത്തിലുള്ള ചിത്രമാണെന്നു മനസ്സിലായത്. അപ്പോള്‍ത്തന്നെ ആ പടം ചെയ്യുന്നതു നിര്‍ത്തി.

സിനിമ മാത്രം ലക്ഷ്യം വച്ച് ജീവിച്ച ആളല്ല താനെന്ന് ഗോകുല്‍ പറയുന്നു. ഒരിക്കലും സിനിമയില്‍ വരുമെന്ന് കരുതിയില്ല. ചെറുപ്പത്തില്‍ തെരുവുനാടകവും കഥകളിയുമൊക്കെ ചെയ്യുമായിരുന്നുവെങ്കിലും സിനിമ എന്റെ ലോകമായിരുന്നില്ല. എങ്കിലും ഇവിടെ എത്തിപ്പെട്ടു. സിനിമ തന്നെയായിരുന്നല്ലോ എന്റെയും ചോറ്. സിനിമയില്‍നിന്നുള്ളതേ ഞങ്ങള്‍ക്കു കിട്ടിയിട്ടുള്ളൂ. വേറൊരു ബിസിനസിലൂടെയുള്ള ലൈഫൊന്നും എന്‍ജോയ് ചെയ്തിട്ടില്ല. ആ ഒരു കൂറ് എനിക്ക് സിനിമയോടുണ്ട്- ഗോകുല്‍ പറയുന്നു.

Related posts