സംസ്‌കാരത്തിലും നിയമപാലനത്തിലും ഏറെ മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനമെന്നറിയപ്പെടുന്ന കേരളത്തിലെ പോലീസിനെക്കുറിച്ച് അടുത്തനാളുകളില്‍ ഉയര്‍ന്നുവരുന്നത് അത്ര നല്ല റിപ്പോര്‍ട്ടല്ല. ജനമൈത്രി എന്ന് പേരുണ്ടെങ്കിലും ജനത്തെ ദ്രോഹിക്കുകയാണ് അവര്‍ ചെയ്യുന്നതെന്ന പരാതി വര്‍ധിച്ചുവരികയുമാണ്. ഈ സാഹചര്യം നിലനില്‍ക്കുമ്പോള്‍ ഉത്തര്‍പ്രദേശില്‍ നിന്ന് പുറത്തുവരുന്ന ഒരു വാര്‍ത്തയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയുടെ അഭിനന്ദനം ഏറ്റു വാങ്ങിക്കൊണ്ടിരിക്കുന്നത്. സംഭവമിങ്ങനെ…
ഹെല്‍മറ്റ് ധരിക്കാതെ വാഹനമോടിച്ച സ്വന്തം മകനില്‍ നിന്ന് പിഴയീടാക്കികൊണ്ടാണ് ഉത്തര്‍പ്രദേശിലെ സഹാരണ്‍പൂരിലെ ട്രാഫിക് ഹെഡ്‌കോണ്‍സ്റ്റബിള്‍ റാം മെഹര്‍ സിങ് മാതൃകയായിരിക്കുന്നത്. ഹെല്‍മെറ്റിലാതെ വാഹനമോടിച്ച സ്വന്തം മകനില്‍ നിന്നാണ് റാം മെഹര്‍ 100 രൂപ ഫൈന്‍ ഈടാക്കിയത്. മുഖം നോക്കാതെ നടപടിയെടുത്ത റാമിനെ അകമഴിഞ്ഞ് അഭിനന്ദിക്കുകയാണ് സമൂഹ മാധ്യമങ്ങള്‍.
എന്നാല്‍ ഇതു തന്റെ ഡ്യൂട്ടി മാത്രമാണെന്നാണ് റാം പറയുന്നത്. ഏകദേശം 400 ലധികം പോലീസ് കുടുംബങ്ങള്‍ താമസിക്കുന്ന പോലീസ് ലൈനില്‍ ആഴ്ചയില്‍ രണ്ടു തവണ പരിശോധന നടത്താറുണ്ടെന്നും മുഖം നോക്കാതെയാണ് നടപടിയെടുക്കുന്നതെന്നുമാണ് റാം പറയുന്നത്. സംഭവം നടന്ന ബുധനാഴ്ച മാത്രം 58 പേരെക്കൊണ്ട് പിഴ അടപ്പിച്ചെന്നും ഏകദേശം 10,800 രൂപ പിഴയായി ലഭിച്ചെന്നും റാം പറയുന്നു.