ചാലക്കുടി: ടോൾ പിരിവിന്റെ കാര്യത്തിൽ കുപ്രസിദ്ധി നേടിയ നാടാണ് കേരളമെന്നും ഒരു ടോളും പരിക്കാൻ പാടില്ലെന്നാണ് സർക്കാരിന്റെ നിലപാടെന്നും സംസ്ഥാന പൊതുമരാമത്ത് മന്ത്രി ജി.സുധാകരൻ പറഞ്ഞു. കോടതി ജംഗ്ഷനിലെ അടിപ്പാത നിർമാണോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്തെ ആറ് ടോൾ പിരിവ് നിർത്തലാക്കി.
നക്കാപ്പിച്ച കാശിനായുള്ള ടോൾ പിരിവ് നിർത്തലാക്കണമെന്നാണ് സംസ്ഥാനത്തിന്റെ ആവശ്യം. വികസനം, സേവനം, ജീവകാരുണ്യം എന്നിവക്കാണ് സർക്കാർ മുൻഗണന നല്കുന്നത്. മാധ്യമങ്ങളുടെ പിന്തുണയോടെ സർക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. അടിപ്പാതയുടെ കാര്യത്തിൽ ചാലക്കുടിക്കാർ കൈകാര്യം ചെയ്ത പോലെയുള്ള മാതൃകാപരമായ നയമാണ് വികസനത്തിന്റെ കാര്യത്തിൽ സ്വീകരിക്കേണ്ടതെന്നും മന്ത്രി പറഞ്ഞു.
ഇന്നസെന്റ് എം.പി.അധ്യക്ഷത വഹിച്ചു. ബി.ഡി.ദേവസി എംഎൽഎ, നഗരസഭ ചെയർപേഴ്സണ് ജയന്തി പ്രവീണ്കുമാർ, വൈസ് പ്രസിഡന്റ് വിത്സൻ പാണാട്ടുപറന്പിൽ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.ഷീജു, വിവിധ പഞ്ചായത്ത് പ്രസിഡന്റുമാരായ പി.ആർ.പ്രസാദൻ, പി.പി.ബാബു, തോമസ് ഐ.കണ്ണത്ത്, കുമാരി ബാലൻ, നഗരസഭ പ്രതിപക്ഷ നേതാവ് വി.ഒ.പൈലപ്പൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ പി.എം.ശ്രീധരൻ, യു.വി.മാർട്ടിൻ, ആലീസ് ഷിബു, ബിജി സദാനന്ദൻ, വിവിധ രാഷ്ട്രീയ കക്ഷിനേതാക്കളായ ടി.എ.ജോണി, സി.ജി.ബാലചന്ദ്രൻ, വി.ഐ.പോൾ, ഐ.ഐ.അബ്ദുൾ മജീദ് തുടങ്ങിയവർ സംബന്ധിച്ചു.
നിർമാണത്തിന്റെ ഭാഗമായി ദേശീയപാതയിൽ പടി ഭാഗത്തെ വാഹനഗതാഗതം ഒരുവരിയാക്കി നിയന്ത്രിച്ചിട്ടുണ്ട്. ഇതിന് പുറമെ ഈ ഭാഗത്തെ സർവീസ് റോഡിലൂടെയുള്ള ഗതാഗതവും നിർത്തലാക്കി. ഇരുപത്തി മൂന്ന് മീറ്റർ വീതിയിലും അഞ്ചര മീറ്റർ ഉയരത്തിലുമുള്ള അടിപ്പാതയാണ് ഇവിടെ നിർമിക്കുന്നത്.
അടിപ്പാതയുടെ ഇരുഭാഗത്തും ഒരു മീറ്റർ വീതം വീതിയുള്ള ഡ്രൈനേജും ഒന്നര മീറ്റർ വീതം വീതിയിലുള്ള നടപ്പാതയും ഒരുക്കും. അടിപ്പാതക്ക നടുവിലായി രണ്ട് മീറ്റർ വീതിയിൽ മീഡിയനും സ്ഥാപിക്കും. ദേശീയപാതയിൽ 350മീറ്റർ വീതം ഇരുഭാഗത്തും ഉയർത്തി അപ്പറോച്ച് റോഡ് നിർമിക്കും.
കോടതി ജംഗ്ഷനിൽ പടി.ഭാഗം വടക്കോട്ട് ക്രസന്റ് സ്കൂളിന് സമീപത്തെ സർവീസ് റോഡ് വീതി കൂട്ടി കെട്ടി സംരക്ഷിക്കും. 22കോടി രൂപയാണ് നിർമ്മാണ ചിലവ്. അടിപ്പാതയുടെ നിർമാണം പൂർത്തിയാകുന്നതോടെ മുനിസിപ്പൽ ജംഗ്ഷൻ അടച്ചുകെട്ടി സിഗ്നൽ സംവിധാനം ഒഴിവാക്കും. ദേശീയപാത അധികൃതരുടെ കരാറിന് പുറത്തുള്ള പ്രവർത്തിയാണ് കോടതി ജംഗഷ്നിലെ അടിപ്പാത നിർമാണം. കെഎംസിക്ക് വേണ്ടി ജിഐപിഎല്ലിനാണ് നിർമാണ ചുമതല.