സ്വന്തം ലേഖകൻ
തൃശൂർ: ബേക്കൽ ബിരിയാണിയും ജയിൽ ചപ്പാത്തിയുമെല്ലാം വിപണിയിൽ ഹിറ്റാക്കിയ കാസർഗോഡ് ചീമേനി തുറന്ന ജയിലിൽനിന്ന് ഇത്തവണ പുറത്തിറങ്ങുന്നത് ഒരു സിനിമ. ജയിലിലെ 23 തടവുകാർ ചേർന്നൊരുക്കിയ “എബിസിഡി’ എന്ന ഹ്രസ്വചിത്രമാണു ജയിലുകളുടെ ചരിത്രത്തിൽ പുത്തൻ അധ്യായം തീർക്കാനൊരുങ്ങുന്നത്. തടവുകാർ തന്നെ അഭിനേതാക്കളും അണിയറപ്രവർത്തകരുമാകുന്ന ഹ്രസ്വചിത്രത്തിനു പത്തുമിനിട്ടാണു ദൈർഘ്യം.
ജയിൽ വൊക്കേഷണൽ ട്രയിനിംഗ് കോഴ്സിന്റെ ഭാഗമായി സിനിമയെക്കുറിച്ചു പഠിച്ചാണു തടവുകാർ സിനിമ നിർമിച്ചത്. കലാചിത്ര സംവിധായകനായ എൽ. ചിദംബര പളനിയപ്പന്റെ നേതൃത്വത്തിലായിരുന്നു പരിശീലനം.ജയിൽ സൂപ്രണ്ട് ജയകുമാർ മുഖേന സമർപ്പിച്ച ആശയത്തിനു സംസ്ഥാന ജയിൽ മേധാവിയുടെ അംഗീകാരം ലഭിച്ചതോടെയാണു തടവുകാരുടെ സിനിമയ്ക്കു വഴിയൊരുങ്ങിയത്. 200 ഓളം പേരാണു ജയിലിലെ അന്തേവാസികൾ.
ഇവരിൽനിന്നു സിനിമാനിർമാണത്തിൽ താൽപര്യമുള്ള 23 പേരെ കണ്ടെത്തി ആദ്യഘട്ടത്തിൽ പരിശീലനം നൽകി. വിവിധ പ്രായത്തിലുള്ളവർ സംഘത്തിലുണ്ടായിരുന്നു. എഴുപതുകാരനായ അബൂബക്കറായിരുന്നു കൂട്ടത്തിൽ ഏറ്റവും മുതിർന്നയാൾ. 15 ദിവസം നീണ്ട പരിശീലനത്തിൽ സിനിമാ നിർമാണത്തിന്റെ പ്രാഥമികപാഠങ്ങൾ തടവുകാർ മനസിലാക്കി.
പ്രായോഗിക പരിശീലനത്തിന്റെ ഭാഗമായി സിനിമയെടുക്കുകയായിരുന്നു അടുത്തപടി. ആദ്യം ഒരു കഥ കണ്ടെത്തണം. ഇതിനായി പരിശീലനത്തിൽ പങ്കെടുത്തവരെ മൂന്നു സംഘങ്ങളായി തിരിച്ചു. ഒന്നിനൊന്നു മികച്ച മൂന്നുകഥകളാണു തടവുകാർ തയാറാക്കിയത്.
ഒടുവിൽ എല്ലാവരുടെയും അഭിപ്രായംതേടി ഇവയിലൊന്നു ചിത്രീകരണത്തിനായി തെരഞ്ഞെടുക്കുകയായിരുന്നു.
ജയിൽ വളപ്പിൽതന്നെ ലൊക്കേഷൻ കണ്ടെത്തി. രാത്രിയിലും ഉറക്കമിളച്ചു തടവുകാർ തന്നെ സെറ്റിട്ടു. ജയിൽ വസ്ത്രങ്ങൾ സിനിമ കോസ്റ്റ്യൂമുകളായി മാറി. തടവുകാരുടെ അധ്വാനവും ജയിൽ സൂപ്രണ്ട് ജയകുമാർ, വെൽഫെയർ ഓഫീസർ ശിവപ്രസാദ് എന്നിവരുടെ പ്രോത്സാഹനവും കൂടിയായപ്പോൾ ചിത്രീകരണം വേഗത്തിൽ പൂർത്തിയായി.
നിരക്ഷരരായ തൊഴിലാളികൾക്ക് അവരിലൊരാളായി അക്ഷരവെളിച്ചം പകരുന്ന അധ്യാപകന്റെ കഥയാണ് എബിസിഡി പറയുന്നത്.
ഡയലോഗുകൾ ഇല്ലെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ചിദംബര പളനിയപ്പന്റെ മേൽനോട്ടത്തിലായിരുന്നു ചിത്രീകരണം. ഷാൻ റഹ്മാനാണു കാമറമാൻ. കാമറയും എഡിറ്റിംഗും ഒഴികെയുള്ള മറ്റെല്ലാ ജോലികളും തടവുകാർ തന്നെയാണു കൈകാര്യം ചെയ്തത്.