മുളംകുന്നത്തുകാവ്: തെരുവുനായ്ക്കളുടെ ആക്രമണത്തിൽ നിന്ന് മൂങ്ങയെ മെഡിക്കൽ കോളജ് ആശുപത്രിയിലെ മെഡിക്കൽ സ്റ്റോർ ജീവനക്കാരികൾ രക്ഷപ്പെടുത്തി. ഇന്നു രാവിലെ മെഡിക്കൽ കോളജ് എംപ്ലോയിസ് അസോസിയോഷൻ വക മെഡിക്കൽ ഷോപ്പിലെ ജിവനക്കാരികൾ മെഡിക്കൽ ഷോപ്പ് തുറക്കാൻ എത്തിയപ്പോഴാണ് മൂങ്ങയെ തെരുവുനായക്കൾ ആക്രമിക്കുന്നത് കണ്ടത്. തുടർന്ന് നായ്ക്കളെ ഇവർ ഓടിച്ചുവിട്ടു.
കാലിൽ പരിക്കേറ്റ മൂങ്ങയക്ക് പറക്കാൻ സാധിച്ചിരുന്നില്ല. മുങ്ങയ്ക്കൊപ്പം സെൽഫിയെടുക്കാനും മൂങ്ങയെ കാണാനും ആളുകൾ കൂടിയതോടെ ജീവനക്കാർ മൂങ്ങയെ ഒരു കാർഡ്ബോർഡ് പെട്ടിയിലാക്കി സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി വെള്ളവും ഭക്ഷണവും നൽകി. മെഡിക്കൽ കോളജ് പോലീസിലും വനംവകുപ്പിലും വിവരമറിയിക്കുകയും ചെയ്തു.