വടക്കഞ്ചേരി: ജീവിതശൈലി രോഗങ്ങൾ സർവ്വസാധാരണമായ സാഹചര്യത്തിൽ കേന്ദ്രസംസ്ഥാന സർക്കാരുകൾ ആരോഗ്യരംഗത്ത് കൂടുതൽ ശ്രദ്ധിക്കണമെന്നും വിവിധ അവകാശങ്ങൾ പോലെ റൈറ്റ് ടു ഹെൽത്ത് കൂടി കൊണ്ടു വന്ന് ആരോഗ്യം ഉറപ്പ് വരുത്തണമെന്നും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി.
വടക്കഞ്ചേരി കോഓപ്പറേറ്റീവ് സർവ്വീസ് ബാങ്കിന്റെ നീതി മെഡിക്കൽ സ്റ്റോർ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പണ്ട് ഒരു നേരത്തെ ആഹാരത്തിനു വേണ്ടിയാണ് പാടുപ്പെട്ടിരുന്നതെങ്കിൽ ഇന്ന് ഒരു നേരത്തെ മരുന്ന് വാങ്ങാനാണ് ജനങ്ങൾ നെട്ടോട്ടമോടുന്നത്.
ഗുണം കൂടിയ മരുന്നുകൾ കുറഞ്ഞ വിലക്ക് ലഭ്യമാക്കുന്നത് ഏറ്റവും വലിയ കാരുണ്യ പ്രവൃത്തിയാണെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.ലൂർദ്ദ് മാതാപാരിഷ് ഹാളിൽ നടന്ന ഉദ്ഘാടന യോഗത്തിൽ ബാങ്ക് പ്രസിഡന്റ് റെജി കെ.മാത്യു അധ്യക്ഷത വഹിച്ചു. 12 ശതമാനം മുതൽ 40 ശതമാനം വരെ വില കുറവിലാണ് ഇവിടെ മരുന്നുകൾ വില്ക്കപ്പെടുക.