മുക്കം: യാതൊരു നിയന്ത്രണങ്ങളുമില്ലാതെ കൂണുപോലെ സംസ്ഥാനത്ത് മുളച്ചുപൊന്തുന്ന സ്വകാര്യ മെഡിക്കൽ ലാബുകൾ ആരോഗ്യ രംഗത്തിന് ഭീഷണിയാവുന്നു. ദിവസവും നിരവധി പരാതികളാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും സ്വകാര്യ ലാബുകൾക്കെതിരെ ഉയരുന്നത്. ഒരു സാമ്പിള്‍ പല ലാബുകളില്‍ പരിശോധിച്ചാല്‍ വ്യത്യസ്ത റിസള്‍ട്ട് ലഭിക്കുന്ന സന്ദർഭം വർധിച്ചുവരികയാണ്.
കോഴിക്കോട് മുക്കം സ്വദേശി ഷൗക്കത്തലി കഴിഞ്ഞ ദിവസം മൂന്ന് ലബോറട്ടറികളിൽ നിന്നായി കൊളസ്ട്രോളിന്റെ അളവ് പരിശോധിച്ചപ്പോൾ ലഭിച്ചത് വ്യത്യസ്ത പരിശോധനാ ഫലങ്ങളായിരുന്നു. ആദ്യത്തെ ലാബിൽ പരിശോധിച്ചപ്പോൾ കൊളസ്ട്രോൾ ഉണ്ടെന്നും രണ്ടാമത്തേതിൽ പരിശോധിച്ചപ്പോൾ ഇല്ലെന്നുമായിരുന്നു ഇദ്ദേഹത്തിനു കിട്ടിയ റിസൾട്ട്. ഇതിനെത്തുടർന്ന് ഇദ്ദേഹം ആരോഗ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. ഇത്തരത്തിൽ ജനങ്ങളുടെ ജീവന് തന്നെ ഭീഷണിയാകുന്ന തരത്തിലാണ് പല ലാബ് പരിശോധനാ ഫലങ്ങളും ലഭിക്കുന്നത്.
തെറ്റായ പരിശോധനാ ഫലങ്ങൾ മൂലം ഇല്ലാത്ത രോഗത്തിന് മരുന്ന് കുടിച്ചവരും അനവധിയാണ്ശക്തമായ നിയമങ്ങൾ ഇല്ലാത്തതിനാൽ സർക്കാറിനും ഇത്തരം സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുക്കാൻ പരിമിതികളുണ്ട്. മെഡിക്കല്‍ ലബോറട്ടറികള്‍ തുടങ്ങണമെങ്കില്‍ സംസ്ഥാന ആരോഗ്യവകുപ്പിന്റെ അനുമതിയോ, രജിസ്ട്രേഷനോ വേണമെന്നാണ് ചട്ടം.
ഇതിന് ലാബില്‍ ആരോഗ്യവകുപ്പ് അധികൃതര്‍ സന്ദര്‍ശനം നടത്തി യോഗ്യതയുള്ള ജീവനക്കാരും സൗകര്യങ്ങളും ഉണ്ടോയെന്ന് ഉറപ്പുവരുത്തുകയും വേണം. എന്നാൽ ഇത് പലപ്പോഴും പാലിക്കപ്പെടാറില്ല. സ്വകാര്യ മെഡിക്കൽ ലാബ് മാഫിയയ്ക്ക് മുമ്പിൽ ആരോഗ്യവകുപ്പ് കണ്ണടക്കുകയാണെന്ന ആരോപണവും ശക്തമാണ്.
ഡോക്ടർമാരും മെഡിക്കൽ ലബോറട്ടറികളും തമ്മിലുള്ള അവിശുദ്ധ ബന്ധവും ആരോഗ്യ രംഗത്തിന് ഭീഷണിയാണ്. കേരളത്തില്‍ ആയിരക്കണക്കിന് സ്വകാര്യ ലാബുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് കണക്ക്. എന്നാൽ ഇവയിൽ മിക്കവയും ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളോ യോഗ്യരായ ടെക്നീഷ്യനുകളോ ഇല്ലാതെയാണ് പ്രവർത്തിക്കുന്നതെന്ന പരാതി വ്യാപകമാണ്.
സംസ്ഥാന സർക്കാരിന്റെ സേഫ് കേരള പദ്ധതിയുടെ ഭാഗമായി മൂന്ന് വര്‍ഷം മുമ്പ് 4278 മെഡിക്കല്‍ ലബോറട്ടറികളില്‍ ആരോഗ്യ അധികൃതര്‍ നടത്തിയ പരിശോധനയില്‍ പകുതിയോളം എണ്ണത്തിനും അടിസ്ഥാന സൗകര്യങ്ങളില്ലെന്ന് കണ്ടെത്തിയിരുന്നു. സർക്കാർ ആശുപത്രികളിൽ ആവശ്യമായ മെഡിക്കൽ ലാബുകൾ ഇല്ലാത്തതും ഉള്ളവ കാര്യക്ഷമമായി പരിപാലിക്കാൻ കഴിയാത്തതും സ്വകാര്യമേഖലയ്ക്ക് അനുഗ്രഹമാകുന്നു.
പല സ്വകാര്യ ലാബുകളിലും പരിശോധനയ്ക്ക് ഡോക്ടറുടെ കുറിപ്പടി പോലും ആവശ്യമില്ല. മെഡിക്കല്‍ ലബോറട്ടറികളിലെ മുഴുവൻ പരിശോധനാ റിപ്പോര്‍ട്ടുകളിലും മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയിലോ സംസ്ഥാന മെഡിക്കല്‍ കൗണ്‍സിലിലോ രജിസ്റ്റര്‍ ചെയ്ത എംബിബിഎസ് ഡോക്ടര്‍മാര്‍ ഒപ്പുവെച്ചിരിക്കണമെന്ന് കഴിഞ്ഞ ജൂലൈയില്‍ എംസിഐ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
പത്തോളജിയില്‍ ബിരുദാനന്തര ബിരുദമുള്ള അംഗീകൃത മെഡിക്കല്‍ പ്രാക്ടീഷണറുകള് മാത്രമേ ലബോറട്ടറി പരിശോധനാ റിപ്പോര്‍ട്ടില്‍ മേലൊപ്പ് വെക്കാവൂ എന്ന് 2017 ഡിസംബറിൽ സുപ്രീംകോടതിയും നിർദേശം നൽകിയിരുന്നു. എന്നാൽ ഇത്തരം നിർദേശങ്ങളെല്ലാം കാറ്റിൽ പറത്തിയാണ് സംസ്ഥാനത്തെ ഒട്ടുമിക്ക മെഡിക്കൽ ലബോറട്ടറികളും പ്രവർത്തിക്കുന്നത്.
അതേസമയം കേന്ദ്ര മാതൃകയിൽ സംസ്ഥാന സർക്കാർ തയാറാക്കിയ ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് ബിൽ (2017) ജൂണിൽ പ്രാബല്യത്തിൽ വരുന്നതോടെ ഇത്തരം സ്ഥാപനങ്ങളുടെ നിലവാരം ഉയരുമെന്നാണ് കരുതപ്പെടുന്നത്. സ്വകാര്യ ലാബുകളെ നിയന്ത്രിക്കുന്നതിൽ പരിമിതികൾ ഉണ്ടായിരുന്നു സംസ്ഥാന സർക്കാരിന് ഈ നിയമം നിലവിൽ വരുന്നതോടെ ഇവയ്ക്ക് മൂക്കുകയറിടാൻ കഴിയും.
നിയമത്തിൽ നിഷ്കർഷിക്കുന്ന മിനിമം സൗകര്യങ്ങളില്ലാത്ത സ്ഥാപനങ്ങൾക്ക് പിഴ ചുമത്താനും ആവശ്യമെങ്കിൽ അടച്ചുപൂട്ടാനുള്ള അവകാശം സർക്കാരിനുണ്ടാകും. എന്നാൽ ഈ നിയമം കാര്യക്ഷമമായി നടപ്പിലാകുമോ എന്നാണ് ഉയരുന്ന ചോദ്യം.