വാഷിംഗ്ടൺ ഡിസി/മുംബൈ: അമേരിക്കയും ചൈനയും വാണിജ്യയുദ്ധം ഒഴിവാക്കാൻ ഉന്നതതല ചർച്ച തുടങ്ങി. ഇതുസംബന്ധിച്ച റിപ്പോർട്ട് കന്പോളങ്ങളെ ആശ്വസിപ്പിച്ചു. കഴിഞ്ഞ വ്യാഴം, വെള്ളി ദിവസങ്ങളിൽ കുപ്പുകുത്തിയ കന്പോളങ്ങൾ ഇന്നലെ തിരിച്ചു കയറി.
യുഎസ് ട്രഷറി സെക്രട്ടറി സ്റ്റീവ് മ്നുചിൻ, വാണിജ്യപ്രതിനിധി റോബർട്ട് ലൈത്തൈസർ എന്നിവർ ചൈനീസ് ഉപ പ്രധാനമന്ത്രി ലിയു ഹെയുമായി രഹസ്യ ചർച്ച നടത്തിവരികയാണ്. ചൈന കൂടുതൽ അമേരിക്കൻ സാധനങ്ങൾ വാങ്ങണമെന്നതും ബൗദ്ധിക സ്വത്തവകാശങ്ങൾ പാലിക്കണം എന്നതുമാണ് യുഎസ് ആവശ്യം.
സ്റ്റീൽ, അലുമിനിയം ഇറക്കുമതികൾക്കു പിഴച്ചുങ്കം ചുമത്തിയാണ് അമേരിക്ക മറ്റു രാജ്യങ്ങളുമായി വാണിജ്യയുദ്ധം തുടങ്ങിയത്. അതിൽനിന്നു മിത്രരാജ്യങ്ങളെ ഒഴിവാക്കിയെങ്കിലും ഇന്ത്യക്കും ചൈനയ്ക്കും ഒഴിവില്ല. ഇതിനു പുറമേ ചൈനയിൽനിന്ന് 5,000 കോടി ഡോളർ ഇറക്കുമതിക്കുകൂടി പിഴച്ചുങ്കം ചുമത്തുമെന്നു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചു. രണ്ടും ഏപ്രിലിലോ മേയിലോ മാത്രമേ നടപ്പിലാകൂ.
പിഴച്ചുങ്കം ചുമത്താതിരിക്കാൻ ചൈന ചെയ്യേണ്ട കാര്യങ്ങൾ വിശദീകരിച്ച് മ്നൂചിൻ, ചൈനീസ് ഉപപ്രധാനമന്ത്രിക്കു കത്തയച്ചു. ഹാർവഡിൽ പഠിച്ചയാളാണു സാന്പത്തിക വിഷയങ്ങളുടെ ചുമതലയുള്ള ഉപ പ്രധാനമന്ത്രി ലിയു ഹെ. കഴിഞ്ഞവർഷം ചൈനയുമായുള്ള വാണിജ്യത്തിൽ അമേരിക്കയുടെ കമ്മി 37,500 കോടി ഡോളറായിരുന്നു. ഇതു പതിനായിരം കോടി ഡോളറെങ്കിലും കുറയ്ക്കണം എന്നാണു മ്നൂചിൻ ആവശ്യപ്പെട്ടതെന്നു വോൾ സ്ട്രീറ്റ് ജേർണൽ റിപ്പോർട്ട് ചെയ്തു.
അമേരിക്കൻ വാഹനങ്ങൾക്കുള്ള ചൈനീസ് ഇറക്കുമതിച്ചുങ്കം കുറയ്ക്കണം, അമേരിക്കൻ ധനകാര്യ കന്പനികൾക്കു കൂടുതൽ പ്രവർത്തനമേഖലകൾ തുറന്നുകൊടുക്കണം, ബൗദ്ധിക സ്വത്തവകാശ ലൈസൻസിംഗ് വ്യവസ്ഥ ലഘൂകരിക്കണം എന്നിവയാണു മ്നൂചിൻ ആവശ്യപ്പെടുന്നത്. സ്വീകാര്യമായ ഒരു ധാരണ ഉണ്ടായില്ലെങ്കിൽ വാണിജ്യയുദ്ധം അനിവാര്യമാണെന്നു മ്നൂചിൻ പറയുന്നു.
വാണിജ്യയുദ്ധഭീതി അകലുന്നതിന്റെ പേരിൽ ഇന്ത്യൻ ഓഹരികൾ ഇന്നലെ നല്ല നേട്ടം കൈവരിച്ചു. രണ്ടുദിവസം കൊണ്ട് 539.64 പോയിന്റ് താണ സെൻസെക്സ് ഇന്നലെ 469.87 പോയിന്റ് (1.44 ശതമാനം) കയറി. നിഫ്റ്റി 1.33 ശതമാനം (132.60 പോയിന്റ്) നേട്ടം കുറിച്ചു. നിഫ്റ്റി പതിനായിരത്തിനും സെൻസെക്സ് 33,000 നും മുകളിലെത്തി.