കൊച്ചി: അനധികൃത സ്വത്ത് സമ്പാദന കേസിൽ മുൻ മന്ത്രി. കെ. ബാബുവിനെതിരേ വിജിലൻസ് കുറ്റപത്രം സമർപ്പിച്ചു. മൂവാറ്റുപുഴ വിജിലൻസ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. ബാബുവിന് വരവിനെക്കാൾ 45 ശതമാനം അധികം സ്വത്ത് കണ്ടെത്തിയതായാണ് സൂചന. ജേക്കബ് തോമസ് വിജിലൻസ് ഡയറക്ടറായിരിക്കെയാണ് ബാബുവിനെതിരേ കേസെടുത്തത്.
വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതുമായി ബന്ധപ്പെട്ട് ബാബു നല്‍കിയിരിക്കുന്ന വിശദീകരണങ്ങളില്‍ കഴമ്പില്ലെന്ന് കണ്ടെത്തിയിരുന്നു. ബാബുവിന്റെ ഭാര്യ ഗീതയുടെ പേരിൽ ലോക്കറിൽ സൂക്ഷിച്ചിരുന്ന സ്വർണത്തിന്റെ കണക്ക് സംബന്ധിച്ചും മകളുടെ ഭർത്താവിന്റെ പേരിലുള്ള സ്വത്തുകൾ സംബന്ധിച്ചും വിശദീകരണം നൽകാനും ബാബുവിന് സാധിച്ചിരുന്നില്ല.
മന്ത്രിയായിരുന്ന കാലത്തെ ടിഎ, ഡിഎ ഭാര്യമാതാവ് നല്കിയ ആസ്തിവകകള്‍ എന്നിവ സമ്പാദ്യമായി കണക്കാക്കണമെന്ന് വിജിലന്‍സില്‍ മൊഴി നല്കുന്ന സമയത്ത് ബാബു ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇവ മുഴുവന്‍ സമ്പാദ്യമായി കാണാനാകില്ലെന്ന് വിജിലന്‍സ് അറിയിച്ചു.