കിരീടത്തിലെ നായകന്റെ ജീവിതം മാറ്റിമറിച്ചത് ഞാനാണെങ്കില്‍ എന്റെ ജീവിതം മാറ്റിമറിച്ചത് ആ സിനിമയാണ്! കിരീടം എന്ന ചിത്രത്തിന്റെ വിജയാനന്തരം കീരിക്കാടന്റെ യഥാര്‍ത്ഥ ജീവിതത്തില്‍ സംഭവിച്ചതിത്

മലയാളിയുടെ മനസ്സില്‍ എന്നും നൊമ്പരമുണര്‍ത്തുന്ന മോഹന്‍ലാല്‍ ചിത്രമാണ് കിരീടം. മലയാള സിനിമയില്‍ വിസ്മയങ്ങള്‍ തീര്‍ത്തിട്ടുള്ള, അകാലത്തില്‍ നമ്മെ വിട്ടു പിരിഞ്ഞു പോയ ലോഹിതദാസ് കഥയും തിരക്കഥയും എഴുതി സിബി മലയില്‍ സംവിധാനം ചെയ്ത കിരീടത്തിലെ സേതുമാധവന്‍ മോഹന്‍ലാലിന്റെ അഭിനയ ജീവിതത്തിലെ മികച്ച കഥാപാത്രങ്ങളില്‍ ഒന്നായിരുന്നു.

കിരീടത്തില്‍, സേതുവിന്റെ ജീവിതത്തെ മാറ്റിമറിച്ച വ്യക്തിയാണ് കീരിക്കാടന്‍ ജോസ്. കീരിക്കാടന്‍ ജോസെന്ന വില്ലന്‍ കഥാപാത്രത്തെ അനശ്വരമാക്കിയത് മോഹന്‍രാജ് ആയിരുന്നു. എന്നാല്‍ ആ കഥാപാത്രം തന്റെ ജീവിതം മാറ്റിമറിച്ചതെങ്ങനെയെന്ന് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ താരം വെളിപ്പെടുത്തിയിരിക്കുകയാണ്. സംഭവിച്ചതിതാണ്…

താന്‍ അഭിനയിച്ച കീരിക്കാടന്‍ ജോസെന്ന കഥാപാത്രം ഹിറ്റായി മാറിയതോടെ സിനിമയില്‍ നിരവധി വേഷങ്ങള്‍ മോഹന്‍രാജനു ലഭിച്ചു. എന്‍ഫോഴ്സമെന്റില്‍ ജോലി ചെയുന്ന കാലത്താണ് മോഹന്‍രാജ് സിനിമയിലെത്തുന്നത്. അതു തികച്ചും ആകസ്മികമായി. ആറടി മൂന്നര ഇഞ്ച് ഉയരവും 101 കിലോ ഭാരമുള്ള മോഹന്‍രാജ് കഴുമലൈ കള്ളന്‍, ആണ്‍കളെ നമ്പാതെ തുടങ്ങിയ രണ്ടു തമിഴ് സിനിമകളില്‍ ചെന്നൈയില്‍ ജോലി ചെയുന്ന സമയത്ത് അഭിനയിച്ചിരുന്നു.

ഒരിക്കല്‍ സംവിധായകന്‍ കലാധരന്റെ കൂടെ കിരീടത്തിന്റെ സൈറ്റിലേക്ക് പോയി. അതു ജീവിതത്തിലെ വഴിതിരിവായി മാറി. അന്ന് കിരീടത്തിലെ വില്ലന്‍ വേഷത്തിനു തീരുമാനിച്ചിരുന്നത് കന്നഡയിലെ പ്രശസ്ത താരത്തെയാണ്. പറഞ്ഞ ദിവസം അദ്ദേഹത്തിനു വരാന്‍ സാധിക്കാതെ പോയത് മോഹന്‍രാജ് എന്ന വ്യക്തിക്ക് കീരിക്കാടന്‍ ജോസെന്ന കഥാപാത്രം ലഭിക്കുന്നത് കാരണമായി.

പിന്നീട് തുടരെത്തുടരെ സിനിമകള്‍ മോഹന്‍രാജിനെ തേടിയെത്തി. കേന്ദ്ര സര്‍വീസില്‍ ജോലി ചെയുന്ന ഉദ്യേഗസ്ഥര്‍ക്ക് സര്‍ക്കാരില്‍ നിന്ന് അനുവാദം വാങ്ങിയിട്ട് മാത്രമേ അഭിനയിക്കാന്‍ സാധിക്കൂ. ഇതു മോഹന്‍രാജ് പാലിച്ചിരുന്നില്ല. സിനിമയില്‍ ഉയരങ്ങള്‍ മോഹന്‍രാജ് കീഴടക്കുന്നത് കണ്ട മേലുദ്യേഗസ്ഥര്‍ അസൂയ കാരണം താരത്തിനു നല്‍കിയത് സസ്പെന്‍ഷനാണ്.

അതു വലിയ നിയമപോരാട്ടത്തിനു വഴിതെളിച്ചു. 20 വര്‍ഷത്തെ പോരാട്ടത്തിനു ശേഷമാണ് താരം തിരിച്ച് സര്‍വീസില്‍ പ്രവേശിച്ചത്. നഷ്ടപ്പെട്ട സര്‍വീസ് പക്ഷേ തിരിച്ചു ലഭിച്ചില്ല. സഹപ്രവര്‍ത്തകരുടെ പെരുമാറ്റത്തില്‍ മനംമടുത്ത് 2015 ല്‍ ജോലിയില്‍ നിന്നും സ്വമേധയാ വിരമിച്ചു.

പിന്നീട് സിനിമയിലേക്ക് വീണ്ടും രംഗപ്രവേശനം ചെയാമെന്ന് വിചാരിച്ചായിരുന്നു ആ സാഹസം. എന്നാല്‍ സിനിമ അപ്പോഴേക്കും വളരെയധികം മാറിയിരുന്നു. സിനിമയുടെ സ്വാഭാവമതാണല്ലോ. കണ്ണിചിമ്മുന്ന വേഗതയില്‍ മാറിക്കൊണ്ടിരിക്കും. മലയാളസിനിമ പെട്ടെന്ന് ന്യൂജനായി മാറി. വില്ലന്മാരെ സിനിമയില്‍ വേണ്ടതായി. അതും തന്റെ കരിയറിനെ പ്രതികൂലമായി ബാധിച്ചതായി താരം വിലയിരുത്തുന്നു.

പിന്നീട് ചില വേഷങ്ങളൊക്കെ ലഭിച്ചെങ്കിലും സിനിമ റിലീസാവുമ്പോള്‍ ഞാനഭിനയിച്ച ഭാഗമെല്ലാം കട്ട് ചെയ്ത് കളഞ്ഞിരുന്നു. സിനിമയില്‍ സജീവമാകണമെന്ന സ്വപ്‌നത്തിന് ഇനി പ്രസക്തിയില്ലെങ്കിലും കീരിക്കാടന്‍ ജോസിനെപ്പോലെ ആളുകള്‍ ഓര്‍ത്തിരിക്കുന്ന ഒരു കഥാപാത്രത്തെക്കൂടിയെങ്കിലും അവതരിപ്പിക്കണമെന്ന ആഗ്രഹമാണ് ഇപ്പോള്‍ നയിച്ചുകൊണ്ടിരിക്കുന്നത്.

 

Related posts