തിരുവനന്തപുരം: ഗതാഗത പരിശോധനാ വേളയിൽ ശരിയായ പരിശോധനാ രീതികളും പെരുമാറ്റവും ഉറപ്പുവരുത്തുന്നതിന് പോലീസുദ്യോഗസ്ഥർക്കു അടിയന്തര പ്രായോഗിക പരിശീലനം നൽകാൻ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റയുടെ നിർദേശം. ഒരു മണിക്കൂർ പരിശീലനത്തിനുള്ള നിർദേശം ജില്ലാ പോലീസ് മേധാവിമാർക്കു കൈമാറി. ചൊവ്വാഴ്ച രാവിലെ 11മുതലാണ് പരിശീലനം.
ഗതാഗത പരിശോധനാ വേളയിൽ ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങളെ സംബന്ധിച്ച് നിലവിലുള്ള സർക്കുലറുകളിലെ നിർദേശങ്ങൾക്കൊപ്പം പ്രായോഗിക സന്ദർഭങ്ങളും പരിശീലനത്തിൽ ഉൾപ്പെടുത്തണം.
ഹെൽമറ്റ് ഇല്ലാതെയുള്ള ബൈക്ക് യാത്ര, ഓവർ സ്പീഡിൽ സഞ്ചരിക്കുന്ന കാർ തുടങ്ങി വിവിധ സന്ദർഭങ്ങളിൽ എങ്ങനെയാണ് പരിശോധന നടത്തേണ്ടതെന്നും പെരുമാറ്റം എങ്ങനെയായിരിക്കണം എന്നുമുള്ള പ്രായോഗിക പരിശീലനമാണ് നൽകേണ്ടത്. പൊതുവിൽ വാഹന യാത്രികരുടെ ഭാഗത്തുനിന്നുണ്ടാകുന്ന നിയമ ലംഘനങ്ങളും തെറ്റായ രീതികൾ സംബന്ധിച്ചും അവ കൈകാര്യം ചെയ്യേണ്ട രീതിയും പരിശീലനത്തിൽ ഉൾപ്പെടുത്തണം.
ഹൈവേ പട്രോൾ ഉദ്യോഗസ്ഥർ, ട്രാഫിക് പോലീസ് ഉദ്യോഗസ്ഥർ, ട്രാഫിക് നിയന്ത്രിക്കുന്ന പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ തുടങ്ങിയവരെയെല്ലാം പരിശീലനത്തിൽ ഉൾപ്പെടുത്തണമെന്നും തുടർപരിശീലനം നൽകണമെന്നും സംസ്ഥാന പോലീസ് മേധാവി നിർദേശിച്ചു.