റാന്നി: ആദിവാസികൾക്ക് അവകാശപ്പെട്ട വസ്തു നൽകാൻ അധികൃതർ ഉടൻ നടപടി സ്വീകരിച്ചില്ലെങ്കിൽ സിപിഎം നേതൃത്വത്തിൽ ശക്തമായ സമരപരിപാടികൾ ആരംഭിക്കുമെന്ന് ജില്ലാ സെക്രട്ടറി കെ. പി. ഉദയഭാനു. ആദിവാസികൾക്ക് വസ്തു നൽകാനുള്ള സർക്കാർ തീരുമാനം അട്ടിമറിച്ച റവന്യു ഉദ്യോഗസ്ഥരുടെ നടപടിയിൽ പ്രതിഷേധിച്ച് സിപിഎം റാന്നി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ താലൂക്ക് ഓഫീസ് മാർച്ചും ധർണയും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ആദിവാസികളെ ഉദ്ധരിക്കുന്നതിനായാണ് അവർക്ക് വസ്തു നൽകാൻ സർക്കാർ തിരുമാനിച്ചത്. ഇതനുസരിച്ച് തെരഞ്ഞെടുത്ത 25 ആദിവാസികളിൽ ഒന്പതുപേർക്ക് ഭൂമി നൽകുയും ചെയ്തു. ബാക്കി 16 പേർക്ക് കൊല്ലമുളയിൽ നാലരയേക്കറോളം സ്ഥലവും കണ്ടെത്തി. എന്നാൽ ഉദ്യോഗസ്ഥരുടെ നിരുത്തരവാദിത്വപരമായ പ്രവർത്തനം മൂലം വസ്തുവിന് വീണ്ടും വിലയിടീൽ ഉൾപ്പെടെയുള്ള നടപടികളുമായി ഇപ്പോൾ പദ്ധതി നിയമക്കുരുക്കിൽ കിടക്കുകയാണ്.
ഇതു സംബന്ധിച്ച് പരാതി നൽകാൻ ആദിവാസികൾ ജില്ലാകളക്ടറെ കാണാൻ ശ്രമിച്ചിരുന്നെങ്കിലും ജില്ലാ കളക്ടർ അനുമതി നൽകിയില്ല. പാവപ്പെട്ടവരുടെ പ്രശ്നങ്ങൾ കേൾക്കുന്നതിനും പരിഹാരം കാണുന്നതിനും നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥർ തന്നെ ഇത്തരം നടപടി സ്വീകരിക്കുന്നത് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല.
അടിയന്തരമായി പ്രശ്നത്തിൽ ഇടപെട്ട് ആദിവാസികൾക്ക് ഭൂമി ലഭിക്കാൻ ഈ മാസംതന്നെ നടപടികൾ പൂർത്തിയാക്കണമെന്നും ജില്ലാ സെക്രട്ടറി പറഞ്ഞു. ഏരിയ സെക്രറി പി. ആർ. പ്രസാദ് അധ്യക്ഷത വഹിച്ചു. എകെഎസ് ജില്ലാ സെക്രട്ടറി ജി.രാജപ്പൻ, സിപിഎം ജില്ലാ കമ്മിറ്റിയംഗം കോമളം അനിരുദ്ധൻ, ആർ. വരദരാജൻ, ടി. എൻ. ശിവൻകിട്ടി, കെ. കെ. സുരേന്ദ്രൻ, സിറിയക് തോമസ്, കെ. വി. രാജപ്പൻ, വി. കെ. സണ്ണി, നിസാംകുട്ടി, ബിനോയി കുര്യാക്കോസ്, എൻ. പ്രകാശ് കുമാർ, ബാബു ജോസഫ് എന്നിവർ പ്രസംഗിച്ചു.