തൊടുപുഴ: സ്പീഡ് ഗവേണറുകൾ പ്രവർത്തരഹിതമാക്കി കഐസ്ആർടിസി, സ്വകാര്യ ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ നിരത്തിലൂടെ ചീറിപ്പായുന്നു. പോലീസും മോട്ടോർ വാഹന വകുപ്പും കണ്ണടയ്ക്കുന്നു. അന്വേഷണവും പരിശോധനയും ഇല്ലാതായതോടെ ഭൂരിഭാഗം ബസുകളിലെയും സ്പീഡ് ഗവേണറുകൾ പ്രവർത്തരഹിതമാണ്.
ഋഷിരാജ് സിംഗ് ഗതാഗത കമ്മിഷണറായിരുന്നപ്പോൾ സ്പീഡ് ഗവേണർ ഘടിപ്പിക്കാത്ത വാഹനങ്ങൾക്കെതിരേ കർശന നടപടി സ്വീകരിച്ചിരുന്നു. ബസുടമകളും ഇക്കാര്യത്തിൽ ശ്രദ്ധ പതിപ്പിച്ചിരുന്നു. എന്നാൽ ഇപ്പോൾ ഇതു സംബന്ധിച്ച യാതൊരു പരിശോധനയും ബന്ധപ്പെട്ട അധികൃതർ നടത്തുന്നില്ല. സ്വകാര്യ ബസുകൾ അമിത വേഗതയിൽ പായുന്നത് പലപ്പോഴും അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്.
നഗരത്തിൽ സർവീസ് നടത്തുന്ന ഒട്ടുമിക്ക സ്വകാര്യ ബസുകളും സമയക്രമംപോലും പാലിക്കാതെയാണ് മത്സരിച്ചോടുന്നത്. ചെറുവാഹനങ്ങളിൽ തട്ടിയാൽ നിർത്താതെയും മനഃപൂർവം മറ്റു വാഹനങ്ങളിൽ ഉരസിയുമാണ് ഇവർ റോഡ് നിറഞ്ഞോടുന്നത്. ചീറിപാഞ്ഞെത്തുന്ന ബസുകളിൽ ഇടിക്കാതെവെട്ടിച്ചുമാറ്റുന്നതിനിടെ ചെറുവാഹനങ്ങൾ അപകടത്തിൽപ്പെടുന്നതും നിത്യസംഭവമാണ്.
സ്വകാര്യ ബസുകളുടെ സമയക്ലിപ്തത പരിശോധിക്കേണ്ട ഗതാഗത വകുപ്പധികൃതർ ഇവരെ സഹായിക്കുന്ന നിലപാടാണ് പലപ്പോഴും സ്വീകരിക്കുന്നതെന്നു ആരോപണം ഉയർന്നിട്ടുണ്ട്. സ്വകാര്യ ബസുകളെ സഹായിക്കുന്നതിനായി മികച്ച കളക്ഷൻ ലഭിച്ചുകൊണ്ടിരുന്ന ബസുകളുടെ സമയം കെഎസ്ആർടിസി അധികൃതർ തന്നെ മാറ്റിയിട്ടുണ്ടെന്നും ആരോപണമുണ്ട്.
അമിത വേഗതയിൽ ട്രാഫിക്ക് നിയമങ്ങൾ കാറ്റിൽപ്പറത്തി പായുന്ന സ്വകാര്യ ബസുകൾക്കെതിരെ ട്രാഫിക്ക് പോലീസും കണ്ണടയ്ക്കുകയാണ്. നഗരത്തിലെ വാഹനപരിശോധന ഇരുചക്രവാഹനങ്ങളിലേക്ക് മാത്രം കേന്ദ്രീകരിച്ചതോടെ ആരെയും ഭയപ്പെടാനില്ലാത്ത സ്ഥിതിയാണ് സ്വകാര്യ ബസുകൾക്ക്.
കെഎസ്ആർടിസി ബസുകളോടും മറ്റു സ്വകാര്യ ബസുകളോടും മത്സരിച്ചോടുന്പോൾ ചെറുവാഹനങ്ങളെയും കാൽനടയാത്രികരെയും ഇവർ അവഗണിക്കുന്നത് അപകടങ്ങൾക്ക് ഇടയാക്കുന്നുണ്ട്. നഗരത്തിലെ ഒട്ടുമിക്ക കാമറകളും മിഴി അടച്ചതോടെ ട്രാഫിക് നിയമങ്ങൾ കാറ്റിൽപ്പറത്തിയാണ് സ്വകാര്യ ബസുകളുടെ മരണപ്പാച്ചിൽ.
60 കിലോമീറ്ററാണ് പരാമവധി വേഗമായി ബസുകൾക്കും വലിയ വാഹനങ്ങൾക്കും സ്പീഡ് ഗവേർണറിൽ ക്രമീകരിച്ചിരിക്കുന്നത്. എന്നാൽ ഭൂരിഭാഗം വാഹനങ്ങളിലും വാർഷിക പരിശോധനയുടെ സമയത്താണ് ഇതു ഘടിപ്പിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നത്. ഇതിനു ശേഷം കണക്ഷനുകൾ വിച്ഛേദിച്ച് യന്ത്രം പ്രവർത്തന രഹിതമാക്കിയാണ് ബസുകൾ അമിത വേഗത്തിൽ പായുന്നത്.