സ്വന്തം ലേഖകന്‍
കോഴിക്കോട്: വിദ്യാര്‍ഥിനികളുടെ വസ്ത്രധാരണരീതിയെ വത്തക്കേയാട് ഉപമിച്ച് അശ്ശീല ചുവയോടെ സംസാരിച്ച അധ്യാപകനെ സംരക്ഷിക്കാന്‍ അരയും തലയും മുറുക്കി മുസ്ലിം ലീഗ് ഉള്‍പ്പെടെയുള്ള സംഘടനകള്‍ രംഗത്ത്. അധ്യാപകനെതിരേ വകുപ്പുതല അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടതോടെഏതുവിധേനയും അധ്യാപകനെ സംരക്ഷിക്കേണ്ടത് തങ്ങളുടെ ബാധ്യതയാണെന്ന നിലപാടിലാണ് മുസ്ലിം ലീഗ്. ഇതിന് വിദ്യാര്‍ഥിസംഘടനയായ എംഎസ്എഫിന്റെ പിന്തുണയും ഉണ്ട്.
അതേസമയം വിവാദത്തിലായ ഫാറൂഖ് കോളജ് അധ്യാപകന് ജവഹര്‍ മുനവര്‍ വീണ്ടും ജോലിയില്‍ പ്രവേശിച്ചു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ലീഗ് പ്രവര്‍ത്തകര്‍ അധ്യാപകന് “സുരക്ഷ’ ഒരുക്കിയിട്ടുണ്ട്. മുനവര്‍ ലീവ് റദ്ദാക്കി കോളജില്‍ ജോലിക്ക് എത്തണമെന്ന് ലീഗിന്റെ വിദ്യാര്‍ഥി സംഘടനയായ എംഎസ്എഫ് ഉള്‍പ്പെടെയുള്ള സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു.
വിഷയത്തില്‍ ആദ്യം യൂത്ത് ലീഗും പിന്നീട് മുസ്ലിം ലീഗ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികളും അധ്യാപകന് പൂര്‍ണ പിന്തുണയുമായി രംഗത്തെത്തുകയായിരുന്നു. പ്രതിഷേധം കനത്തതോടെ തുടക്കത്തില്‍ അധ്യാപകനോട് നിര്‍ബന്ധിത ലീവ് എടുക്കാന്‍ ആവശ്യപ്പെട്ട കോളജ് അധികൃതര്‍ ഇപ്പോള്‍ ലീഗ് സംഘടനകളുടെ പുര്‍ണ പിന്തുണ ലഭിച്ചതോടെ അധ്യാപകന് അനുകൂലമായി നിലപാട് മാറ്റി.
അതേസമയം എസ്എഫ്ഐ, കെഎസ്യു, എബിവിപി തുടങ്ങിയ വിദ്യാര്‍ഥിസംഘടനകള്‍ മുന്‍ നിലപാടില്‍ നിന്നും പിന്നോക്കം പോയിട്ടില്ല. സംഘപരിവാറിനെ പ്രീണിപ്പിക്കാനാണ് അധ്യാപകനെതിരേ കേസ് എടുത്തതെന്ന നിലപാടാണ് ലീഗിനുള്ളത്. പി.കെ.കുഞ്ഞാലിക്കുട്ടി എംപി ഉള്‍പ്പെടെയുള്ളവര്‍ ഇക്കാര്യം ചൂണ്ടിക്കാണിച്ച് സര്‍ക്കാരിനെതിരെ രൂക്ഷമായ ഭാഷയില്‍ രംഗത്തെത്തുകയും ചെയ്തു.
പരാതി ലഭിച്ച സാഹചര്യത്തില്‍ കേസെടുത്ത് അന്വേഷിക്കുക സ്വാഭാവികമാണെന്നാണ് ഇന്നലെ നിയമസഭയില്‍ മന്ത്രി എ.കെ.ബാലന് പറഞ്ഞത്. ലീഗ് സമ്മര്‍ദ്ദത്തെ തുടര്‍ന്ന് അധ്യാപകനെതിരേ കേസെടുത്ത നടപടി പുനഃപരിശോധിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടു.
അതേസമയം കോളജിലെ ഹോളി ആഘോഷവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഇടപേടേണ്ടെന്നാണ് മുസ്ലിം ലീഗ് നേതാക്കളുടെ തീരുമാനം. എന്നാല്‍ അധ്യാപകനെതിരായ നീക്കത്തെ എന്തുവിലകൊടുത്തും ചെറുക്കുമെന്നും ഇവര്‍ പറയുന്നു. ജവഹറിനെതിരെ പോലീസില്‍ പരാതി നല്കിയ വിദ്യാര്‍ഥിനിക്കെതിരേ സോഷ്യല്‍ മീഡിയയില്‍ വ്യാപക അസഭ്യവര്‍ഷം നടക്കുന്നുണ്ട്. വിദ്യാര്‍ഥിനി ഇപ്പോള്‍ ആലുവയിലെ വീട്ടിലാണുള്ളത്.
വിദ്യാര്‍ഥിനിയുടെ വീട്ടിലേക്കും പിതാവിന്റെ ഫോണിലേക്കും വിളിച്ചും ചിലര്‍ അസഭ്യം പറയുന്നുണ്ട്. മകള്‍ എന്തിനാണ് പരാതി കൊടുത്തതെന്ന് ചോദിച്ചാണ് അസഭ്യം പറയുന്നതെന്ന് ബന്ധുക്കള്‍ അറിയിച്ചു. വിദ്യാര്‍ഥിനി കഴിഞ്ഞ ദിവസം കൊടുവള്ളി പോലീസ് സ്റ്റേഷനിലെത്തി മൊഴി നല്കി. പരാതിയില്‍ ഉറച്ചു നില്ക്കുന്നതായി വിദ്യാര്‍ഥിനി പോലീസിനോട് പറഞ്ഞു. തുടരന്വേഷണത്തിന്റെ ഭാഗമായി അധ്യാപകന് വിവാദ പ്രസംഗം നടത്തിയ വേദിയില്‍ ഉണ്ടായിരുന്ന കൂടുതല്‍ പേരെ പോലീസ് ചോദ്യം ചെയ്യും.