കൊച്ചി: സിനിമയോടു തോന്നുന്ന ഇഷ്ടം കൊണ്ടായാലും തിയറ്ററിൽനിന്നു ദൃശ്യങ്ങൾ പകർത്തരുതെന്നു “സുഡാനി ഫ്രം നൈജീരിയ’ സിനിമയുടെ സംവിധായകൻ സക്കറിയ. സിനിമ മികച്ച പ്രതികരണങ്ങൾ നേടി മുന്നോട്ടുപോകുന്പോൾ ചിലർ സിനിമയുടെ തിയറ്ററിൽനിന്നു പകർത്തിയ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ ഇടുന്നുണ്ട്.
ചിത്രത്തിലെ സുപ്രധാന സീനുകൾ പലതും ഇത്തരത്തിൽ പ്രചരിക്കുന്നു. ഇത് ഒരുപാട് പേരുടെ സ്വപ്നത്തെ തകർക്കുകയാണെന്നും അദ്ദേഹം പത്രസമ്മേളനത്തിൽ പറഞ്ഞു.ഫുട്ബോളിന്റെ പശ്ചാത്തലത്തിലാണു കഥ പറഞ്ഞു പോകുന്നതെങ്കിലും സുഡാനി ഫ്രം നൈജീരിയ ഒരു സ്പോർട്സ് സിനിമയല്ല. കളിയുടെ ആവേശത്തിനപ്പുറമുള്ള കുറെ ജീവിതങ്ങളാണ്.
മലപ്പുറത്തുകാരുടെ സാധാരണ ജീവിതമാണു സിനിമയിലൂടെ അവതരിപ്പിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സുഡാനി ഫ്രം നൈജീരിയിലെ മുഖ്യകഥാപാത്രമായ സാമുവൽ അബിയോള റോബിൻസണ് നൈജീരിയക്കാരനാണ്. കേരളത്തിലെ ഷൂട്ടിംഗ് രസകരമായ അനുഭവമായിരുന്നുവെന്നും മലബാറിന്റെ പ്രിയപ്പെട്ട രുചികളായ പൊറോട്ടയും ബീഫും പത്തിരിയും ബിരിയാണിയുമൊക്കെ ഏറെ ഇഷ്ടപ്പെട്ടെന്നും സാമുവൽ പറഞ്ഞു.
ആഫ്രിക്കയിൽ സീരിയലിലും സിനിമയിലും തിളങ്ങിനിൽക്കുന്ന താരമാണ് ഇദ്ദേഹം. നിർമാതാവ് ഷൈജു ഖാലിദ്, തിരക്കഥയിൽ പങ്കാളിയായ മുഹ്സിൻ പരാരി എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.