വടകര: പുതിയ സ്റ്റാന്ഡിനു സമീപം സിറ്റി കോംപ്ലക്സിലെ സദയം സ്റ്റുഡിയോവിൽ സ്ത്രീകളുടെ ഫോട്ടോ അശ്ലീലമായി മോർഫ് ചെയ്ത സംഭവത്തിൽ കുടുംബശ്രീയുടെ നേതൃത്വത്തിൽ വനിതകളുടെ രോഷം അണപൊട്ടി. സ്റ്റുഡിയോ ഉടമയുടെ നാടായ വൈക്കിലശേരി മലോൽമുക്കിൽ പോലീസിന്റെ തണുപ്പൻ നിലപാടിൽ ശക്തമായ പ്രതിഷേധം അലയടിച്ചു.
നൂറുകണക്കിനു സ്ത്രീകളാണ് പ്ലകാർഡുമായി പ്രകടനം നടത്തിയത്. പോലീസിൽ പരാതി നൽകിയിട്ട് അഞ്ചു ദിവസം പിന്നിട്ടിട്ടും പ്രതിയെയും കൂട്ടാളികളേയും പിടികൂടാത്തതിൽ കടുത്ത പ്രതിഷേധമാണ് നിലനിൽക്കുന്നത്. കല്യാണ ചടങ്ങിൽ പങ്കെടുത്ത നാട്ടുകാരടക്കമുള്ളവരുടെ ഫോട്ടോയാണ് മോർഫ് ചെയ്ത് അശ്ലീലമാക്കിയത്.
ഈ അതിക്രമം ഗൗരവത്തിലെടുക്കാൻ പോലീസ് തയാറാകാത്തതാണ് സ്ത്രീകളെ ഒന്നടങ്കം പ്രതിഷേധത്തിന് ഇറങ്ങാൻ പ്രേരിപ്പിച്ചത്. വനിതാ പ്രതിഷേധ കൂട്ടായ്മക്ക് പിന്തുണയുമായി സർവകക്ഷികളുടെ നേതൃത്വത്തിൽ ഐക്യദാർഢ്യ സംഗമവും നടത്തി. സംഭവത്തിൽ സ്റ്റുഡിയോ ജീവനക്കാരൻ മാത്രമല്ല ഉടമയും കുറ്റക്കാരനാണെന്ന് നേതാക്കൾ പറഞ്ഞു.
ജീവനക്കാരൻ സ്റ്റുഡിയോവിൽ നിന്നു പിരിഞ്ഞുപോയതിനുശേഷം അശ്ലീല ഫോട്ടാകൾ ഉടമയുടെ കൈവശമായിരുന്നു. ഇത് ഇയാളും ദുരുപയോഗം ചെയ്തിട്ടുണ്ടെന്നു നേതാക്കൾ പറഞ്ഞു. സ്റ്റുഡിയോ ജീവനക്കാരൻ വിബീഷിന്റെ പേരിലാണ് വടകര പോലീസ് ഐടി ആക്ട് പ്രകാരം കേസെടുത്തത്.
ഇയാൾ കൈവേലി സ്വദേശിയാണെങ്കിലും ഏറെകാലമായി ഉടമയുടെ നാടായ വൈക്കിലശേരിയിലാണ് താമസം. കേസെടുത്തതോടെ ഇയാളും വിബീഷും മുങ്ങിയിരിക്കുകയാണ്. വനിതാ സെൽ സിഐ സി.ഭാനുമതിക്കാണ് അന്വേഷണ ചുമതല. കേസന്വേഷണത്തിന്റെ ഭാഗമായി സദയം സ്റ്റുഡിയോയിൽ പോലീസ് റെയ്ഡ് നടത്തി.
ഇവിടെ നിന്നു ഹാർഡ് ഡിസ്കുകൾ പിടിച്ചെടുത്തു. ഒളിവിൽ പോയവരെ കണ്ടെത്താൻ മലോൽമുക്ക്, പുറമേരി വെള്ളൂർ, എടച്ചേരി എന്നിവിടങ്ങളിൽ പോലീസ് പരിശോധന നടത്തി. ഇരുവരേയും കണ്ടെത്താൻ സൈബർ സെല്ലിന്റെ സഹായം തേടിയതായി പോലീസ് പറഞ്ഞു. അശ്ലീല വിവരം പുറത്തായതോടെ നാട്ടുകാർ ആശങ്കയിലാണ്.
ഇന്നലെ രാത്രി നടന്ന ഐക്യദാർഢ്യ സംഗമത്തിൽ ചോറോട് പഞ്ചായത്ത് മെന്പർ ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. പി.ലിസി, മഠത്തിൽ ശശി, വിശ്വൻ, സുരേന്ദ്രൻ, എൻ.കെ.മോഹനൻ, രാജീവൻ ആശാരിമീത്തൽ, മഞ്ജുഷ എടപ്പാനിക്കോട്, സി.എം.രജി, കെ.എം.ലിഖിത എന്നിവർ പ്രസംഗിച്ചു.
നാട്ടുകാർക്ക് പിന്തുണയുമായി ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷനും രംഗത്തെത്തി. സംഭവത്തിലെ മുഴുവൻ പ്രതികളെയും ഉടൻ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് വ്യാഴാഴ്ച മലോൽമുക്കിൽ ജനകീയ കണ്വൻഷൻ നടത്തും.