വടകര: പ്രഭാത നടത്തത്തിനിറങ്ങുന്ന സ്ത്രീകളെ ശല്യം ചെയ്യൽ ശീലമാക്കിയ വിരുതനെ നാട്ടുകാർ കാവലിരുന്ന് പിടികൂടി പോലീസിൽ ഏൽപിച്ചു. ചെമ്മരത്തൂർ സ്വദേശിയായ യുവാവാണ് ഇന്നു രാവിലെ വലയിലായത്. മേമുണ്ട, ചല്ലിവയൽ, ലോകനാർകാവ്, സിദ്ധാശ്രമം, കുറുന്പയിൽ തുടങ്ങിയ സ്ഥലങ്ങളിലാണ് ഇയാളുടെ അതിക്രമം അരങ്ങേറിയത്.
പുലർച്ചെ ഒന്നോ രണ്ടോ സ്ത്രീകൾ റോഡരികിലൂടെ നടന്നുപോകുന്പോൾ സ്കൂട്ടറിലെത്തുന്ന ഇയാൾ കടന്നുപിടിക്കുകയാണ് ചെയ്യുന്നത്. പെട്ടെന്നുള്ള പരാക്രമത്തിൽ സ്ത്രീകൾ പരിഭ്രമിച്ചുപോകുന്നു. പേടിച്ച് വിറച്ച് പനി ബാധിച്ചവർ പോലുമുണ്ട്. രാവിലെ അഞ്ചു മണിയോടെ ഇയാൾ സ്കൂട്ടറുമായി കറങ്ങുകയാണ് ചെയ്യുന്നത്.
മേമുണ്ട ഭാഗത്ത് ഇത് പതിവായതോടെ സ്ത്രീകൾ രാവിലെ നടക്കുന്നത് നിർത്തി. സംഭവം സംബന്ധിച്ച് വടകര പോലീസിൽ പരാതിയുണ്ട്. വെളുപ്പിന് മറ്റ് ആവശ്യങ്ങൾക്ക് പോകുന്ന വനിതകളും ഇയാളുടെ അതിക്രമത്തിന് ഇരയായി. സഹികെട്ട് നാട്ടുകാർ കാവലിരുന്ന് ലോകനാർകാവ് പരിസരത്ത് നിന്ന് ഇന്നു പുലർച്ചെ ഇയാളെ കൈയോടെ പിടികൂടുകയായിരുന്നു.
യുവാവിനെ പോലീസിനു കൈമാറി. സ്കൂട്ടറും കസ്റ്റഡിയിലെടുത്തു. ഇയാൾ വലയിലായതോടെ രക്ഷപ്പെടുത്താനുള്ള ശ്രമവുമായി ചിലർ രംഗത്തിറങ്ങിയിട്ടുണ്ട്.