കണ്ണൂർ: കീഴാറ്റൂർ വിഷയത്തിൽ സിപിഎം നിലപാട് വിശദീകരിക്കാൻ ” സമാധാനം, വികസനം’ എന്ന മുദ്രാവാക്യമുയർത്തി കണ്ണൂരിൽ മേഖലാ ജാഥകൾ നടത്തുമെന്ന് സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജൻ പത്രസമ്മേളനത്തിൽ പറഞ്ഞു. ഏപ്രിൽ നാലു മുതൽ ഒൻപത് വരെ രണ്ടു മേഖലാ ജാഥകൾ ജില്ലയിൽ പര്യടനം നടത്തും.
സംസ്ഥാന കമ്മിറ്റി അംഗം ജയിംസ് മാത്യു എംഎൽഎ നയിക്കുന്ന തെക്കൻ മേഖലാ ജാഥ ഏപ്രിൽ നാലിന് തെരൂർ-പാലയോട് വച്ച് പാർട്ടി കേന്ദ്രകമ്മിറ്റി അംഗം പി.കെ. ശ്രീമതി എംപി ഉദ്ഘാടനം ചെയ്യും. എൻ. ചന്ദ്രൻ, ടി.ഐ. മധുസൂദനൻ, വി.നാരായണൻ, പി.പി.ദിവ്യ, എം.ഷാജർ, എം.വിജിൻ എന്നിവരാണ് ജാഥാംഗങ്ങൾ.
സംസ്ഥാന കമ്മിറ്റി അംഗം കെ.കെ. രാഗേഷ് എംപി നയിക്കുന്ന വടക്കൻ മേഖലാ ജാഥ കണ്ണൂർ സിറ്റിയിൽ ജില്ലാ സെക്രട്ടറി പി. ജയരാജൻ ഉദ്ഘാടനം ചെയ്യും. എം. പ്രകാശൻ, പി. ഹരീന്ദ്രൻ, കെ.എം. ജോസഫ്, എം.വി. സരള, വി.കെ. സനോജ്, മുഹമ്മദ് അഫ്സൽ എന്നിവരാണ് ജാഥ അംഗങ്ങൾ.വികസന കാര്യങ്ങളിൽ പാർട്ടിയുടെ നിലപാട് വിശദീകരിച്ച് എല്ലാ വിഭാഗം ജനങ്ങൾക്കുമുള്ള ഒരു തുറന്ന കത്ത് പ്രസിദ്ധീകരിക്കാനും സിപിഎം തീരുമാനിച്ചിട്ടുണ്ട്.
തളിപ്പറന്പ് ബൈപാസിനെതിരേ സമരം നയിക്കുന്ന ബിജെപി നേതാക്കൾ കണ്ണൂർ ബൈപാസിന്റെ കാര്യത്തിൽ നേരത്തെ എടുത്ത നിലപാട് മാറ്റം വരുത്തിയോ എന്ന കാര്യം വ്യക്തമാക്കണമെന്ന് സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജൻ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു. 2015 ഏപ്രിൽ 29ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയെ കണ്ട് ബിജെപി നേതാവ് പി.കെ. കൃഷ്ണദാസ് നിവേദനം നൽകുകയുണ്ടായി.
നിവേദനത്തിൽ വാരം കടാങ്കോട് ഭാഗത്ത് 85 വീടുകൾ നഷ്ടപ്പെടുമെന്ന് പറഞ്ഞാണ് വലിയന്നൂർ വയൽ വഴിയുള്ള ബദൽ അലൈൻമെന്റ് വേണമെന്ന് ആവശ്യപ്പെട്ടത്. ഇതിന്റെ അടിസ്ഥാനത്തിൽ നിലവിൽ വയൽ വഴിയുള്ള അലൈന്മെന്റാണ് ദേശീയപാതാ വികസന അഥോറിട്ടി അംഗീകരിച്ചിട്ടുള്ളത്.
ഇക്കാര്യത്തിൽ ബിജെപിയുടെ നിലപാട് തളിപ്പറന്പ് ബൈപാസ് വിരുദ്ധ സമരത്തിന്റെ അടിസ്ഥാനത്തിൽ മാറ്റം വരുത്തിയിട്ടുണ്ടോ എന്നാണ് ജനങ്ങൾക്ക് അറിയേണ്ടത്. ഓരോ പ്രദേശത്തും ബിജെപിക്ക് ഓരോ നിലപാടാണേ ഉള്ളത്? അല്ലെങ്കിൽ കണ്ണൂർ ബൈപ്പാസിന്റെ കാര്യത്തിൽ എടുത്ത നിലപാട് എന്തുകൊണ്ട് തളിപ്പറന്പ് ബൈപ്പാസിന്റെ കാര്യത്തിൽ എടുക്കുന്നില്ലെന്ന കാര്യവും അവർ വ്യക്തമാക്കണം.
നാടിന്റെ വികസന കാര്യത്തിൽ മുഖ്യ രാഷ്ട്രീയ പാർട്ടികൾ സമവായം ഉണ്ടാക്കിയതിന്റെ അടിസ്ഥാനത്തിലാണ് ദേശീയപാത 45 മീറ്ററാക്കി മാറ്റുന്നതിനുള്ള പ്രവർത്തനം നടന്നുവരുന്നത്. ഇതിനെ തുരങ്കം വയ്ക്കാനാണ് കോൺഗ്രസും ബിജെപിയും ഇപ്പോൾ ശ്രമിക്കുന്നത്. എന്നാൽ നേതൃത്വത്തിന്റെ നിലപാടുകൾക്കെതിരേ അണികൾ പ്രതിരോധമുയർത്തിക്കൊണ്ടിരിക്കുകയാണ്.
ഇതിന്റെ ഫലമായാണ് സുധീരൻ ഒഴിച്ച് മറ്റൊരു കോൺഗ്രസ് നേതാവും ബൈപ്പാസ് വിരുദ്ധ സമരത്തിൽ അണിനിരക്കാതിരുന്നത്. ഇത് പ്രതീക്ഷ നൽകുന്ന കാര്യമാണ്. തെറ്റായ വഴിക്ക് നയിക്കാൻ ശ്രമിക്കുന്ന നേതാക്കളെ പിടിച്ചുകെട്ടാൻ അവരുടെ അണികൾ തന്നെ മുന്നോട്ടുവരുന്നുണ്ട്.
പരിസ്ഥിതിവാദികളെന്ന് സ്വയം പ്രഖ്യാപിച്ച് കഴിഞ്ഞദിവസം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയവർ കീഴാറ്റൂരിലേക്ക് പോയത് മുന്പ് കുന്നിടിച്ച് ഉണ്ടാക്കിയ റോഡിലൂടെയാണെന്ന് ഓർമ വേണമെന്നും പി.ജയരാജൻ പറഞ്ഞു.പത്രസമ്മേളനത്തിൽ പി. പുരുഷോത്തമൻ, ടി.കെ. ഗോവിന്ദൻ എന്നിവരും പങ്കെടുത്തു.