അമ്മ ശ്രീദേവിയുടെ മരണത്തെ തുടർന്ന് മുടങ്ങിയ ആദ്യ ചിത്രത്തിന്റെ ഷൂട്ടിംഗ് സെറ്റിലേക്ക് ജാൻവി മടങ്ങിയെത്തി. വ്യാഴാഴ്ചയാണ് ശ്രീദേവിയെ ഓർമിപ്പിക്കുന്ന തരത്തിൽ വേഷം ധരിച്ച ജാൻവിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പരന്നത്. ആദ്യ ചിത്രം ധഡകിലെ കഥാപാത്രത്തിന്റെ വേഷമായിരുന്നു അത്.
ധഡകിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്.സെലിബ്രിറ്റി ഫോട്ടോഗ്രാഫറായ വൈറൽ ഭയാനിയാണ് ജാൻവിയുടെ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. ശ്രീദേവിയുടെ ഇംഗ്ലീഷ് വിംഗ്ലീഷ് ചിത്രത്തിലെ ലുക്ക് ആണ് ജാൻവിയ്ക്കെന്നാണ് ആരാധകർ പറയുന്നത്. ശ്രീദേവിയുമായി ധാരാളം സാമ്യം തോന്നുന്ന തരത്തിലുള്ള ചിത്രങ്ങളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.
ഇഷാൻ ഖട്ടർ നായകനാകുന്ന ചിത്രമാണ് ധഡക്. കരണ്‍ ജോഹർ നിർമിക്കുന്ന ചിത്രം ജൂലൈ 6ന് റിലീസ് ചെയ്യും. ഫെബ്രുവരി 24നാണ് ദുബായിൽവച്ച് ശ്രീദേവി മരിച്ചത്. നിയമ നടപടിക്കൊടുവിൽ 28ന് ശ്രീദേവിയുടെ മൃതദേഹം മുംബൈയിലെത്തിച്ചു. തുടർന്ന് മുംബൈയിൽവച്ച് തന്നെ ശ്രീദേവിയുടെ സംസ്കാര ചടങ്ങുകൾ നടത്തി. എന്നാൽ മകൾ ജാൻവി നായികയാവുന്ന ചിത്രം കാണാൻ കാത്തുനിൽക്കാതെയാണ് ശ്രീദേവി മരണത്തിന് കീഴടങ്ങിയത്.