മസെരാറ്റി ലെവാന്റെ (1.45 കോടി രൂപ), ലംബോർഗിനി ഉറസ് (മൂന്നു കോടി രൂപ), ബെന്റ്ലി ബെന്റായ്ഗ (3.85 കോടി രൂപ) തുടങ്ങിയ മോഡലുകളായിരിക്കും ആഡംബര എസ്യുവി വിഭാഗത്തിൽ വിലയിൽ മുന്നിൽ നിൽക്കുന്നത്. എങ്കിലും, കീശയ്ക്കു കനമുണ്ടെങ്കിൽ അതായത്, ഇതിലും പണമുണ്ടെങ്കിൽ വ്യത്യസ്തമായ വില കൂടിയ ഒരു എസ്യുവി സ്വന്തമാക്കാം, പേര് കാൾമാൻ കിംഗ്.
കഴിഞ്ഞ വർഷം ദുബായ് ഇന്റർനാഷണൽ മോട്ടോർ ഷോയിൽ അവതരിപ്പിച്ച കാൾമാൻ കിംഗിനാണ് ലോകത്തെ ഏറ്റവും വിലയേറിയ എസ്യുവി എന്ന പദവി. വില 22 ലക്ഷം ഡോളർ (14.27 കോടി രൂപ). ഈ മോഡലിന്റെ ഉത്പാദനം വെറും 12 എണ്ണമാക്കി കമ്പനി നിജപ്പെടുത്തിയിട്ടുണ്ട്. വാഹനത്തിന്റെ ഏകത നിലനിർത്തുന്നതിനുവേണ്ടിയാണ് ഈ ചുരുക്കൽ.
ചൈനീസ് ഓട്ടോമോട്ടീവ് കമ്പനി ഐഎടി ഓട്ടോമൊബൈൽ ടെക്നോളജി ഡിസൈൻ ചെയ്ത കാൾമാൻ കിംഗ് യൂറോപ്പിൽ നിർമിക്കുന്നത് 1,800 പേരുടെ സംഘമാണ്. മറ്റൊരു വാഹനവും പരീക്ഷിക്കാത്ത വിധത്തിൽ കൂർത്ത ഭാഗങ്ങളോടുകൂടി പടച്ചട്ട ധരിച്ച വാഹനം പോലെയാണ് പുറംഭാഗം നിർമിച്ചിരിക്കുന്നത്. ബുള്ളറ്റ് പ്രൂഫിംഗ് ഉള്ള ഈ ഡിസൈനിംഗിന് കൂടുതൽ ഓപ്ഷൻസും നിർമാതാക്കൾ നല്കുന്നുണ്ട്. അപ്പോൾ വാഹനത്തിന്റെ വില 22.7 കോടി രൂപ വരെ ചെറുതായൊന്ന് ഉയരും.
ഫോർഡ് 550ന്റെ പ്ലാറ്റ്ഫോമിൽ വാർത്തെടുത്ത കാൾമാൻ കിംഗിന് ഭാരം 4.5 ടൺ. പുറംകവചത്തിൽ മാറ്റങ്ങൾ വരുത്തിയാൽ ഭാരം ആറ് ടൺ ആയി ഉയരും. ആറു മീറ്റർ നീളമുള്ള ഈ എസ്യുവിക്ക് ഫോർഡിന്റെ 6.8 ലിറ്റർ വി10 എൻജിനാണ് നല്കിയിരിക്കുന്നത്. 400 പിഎസ് കരുത്തുള്ള എൻജിൻ പരമാവധി 140 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കാൻ വാഹനത്തെ സഹായിക്കുന്നു. റോൾസ് റോയ്സ് വാഹനങ്ങളുടേതിനു സമാനമായ ആഢംബര അന്തരീക്ഷമാണ് കാൾമാൻ കിംഗിൽ നല്കിയിരിക്കുന്നത്.
മികച്ച നിലവാരമുള്ള വസ്തുക്കൾ ഉപയോഗിച്ചിരിക്കുന്നതിനൊപ്പം ഹൈ-ഫൈ സൗണ്ട്, അൾട്രാ എച്ച്ഡി 4കെ ടെലിവിഷൻ സെറ്റ്, പ്രൈവറ്റ് സേഫ്ബോക്സ് ആൻഡ് ഫോൺ പ്രൊട്ടക്ഷൻ സിസ്റ്റം എന്നിവയാണ് പ്രധാന ഫീച്ചറുകൾ. സാറ്റലൈറ്റ് ടിവി, സാറ്റലൈറ്റ് ഫോൺ, ബിൽറ്റ് ഇൻ ഫ്രിഡ്ജ്, കോഫി മെഷീൻ, ഇലക്ട്രിക് ടേബിൾ, ഇൻഡോർ നിയോൺ ലൈറ്റ് കൺട്രോൾ തുടങ്ങിയ തെരഞ്ഞെടുക്കാനും അവസരമുണ്ട്.