നാൽപ്പത് അടി ഉയരത്തിൽ വളരുന്ന കള്ളിമുൾച്ചെടികൾക്ക് പ്രശസ്തമാണ് അരിസോണയിലെ സഗുവാറോ ദേശീയ ഉദ്യാനം. നൂറുകണക്കിന് ആളുകളാണ് ഇവിടെ ഒരുക്കിയിരിക്കുന്ന അതിവിശാലമായ കള്ളിമുൾച്ചെടികളുടെ ഉദ്യാനം കാണാൻ എത്തുന്നത്.
കള്ളിമുൾച്ചെടികളുടെ മനോഹാരിത കണ്ട് ഇഷ്ടപ്പെട്ട് അവ ഒടിച്ചുകൊണ്ടും മോഷ്ടിച്ചുകൊണ്ടും പോകുന്നവർ ഇവിടത്തെ സുരക്ഷാ ജീവനക്കാരുടെ സ്ഥിരം തലവേദനയാണ്. ഇവർ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും മോഷണം തടയാൻ പറ്റുന്നില്ല. അതുകൊണ്ട് പുതിയൊരു വിദ്യ പരീക്ഷിക്കുകയാണ് ദേശീയ ഉദ്യാന അധികൃതർ.
ഇവിടെ പരിപാലിക്കപ്പെട്ടിരിക്കുന്ന കള്ളിമുൾച്ചെടികളിലെല്ലാം രഹസ്യചിപ്പുകൾ സ്ഥാപിച്ചു കഴിഞ്ഞു. ഈ ചിപ്പിൽനിന്ന് കിട്ടുന്ന വിവരങ്ങൾ അനുസരിച്ച് കള്ളിമുൾച്ചെടികൾ എവിടെയുണ്ടെന്ന് കൃത്യമായി കണ്ടെത്താനാകും. ഇങ്ങനെ ലഭിക്കുന്ന വിവരം അനുസരിച്ച് ആരെങ്കിലും മോഷ്ടിച്ചുകൊണ്ടുപോയാലും കള്ളനെ കൈയോടെ പിടിക്കാനാകുമെന്നാണ് അധികൃതരുടെ വിശ്വാസം.