ആലപ്പുഴ: ട്രാൻസ്ജെൻഡറിന്റെ നഗ്നവീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച സംഭവത്തിൽ വനിതാ എഎസ്ഐക്കു സസ്പെൻഷൻ. ആലപ്പുഴ വനിതാ ഹെൽപ്ലൈനിലെ എഎസ്ഐ ആർ.ശ്രീലതയെയാണ് അന്വേഷണവിധയേമായി സസ്പെൻഡ് ചെയ്തത്. ജില്ലാ പോലീസ് മേധാവി എസ്.സുരേന്ദ്രൻ ഇതു സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചു.
കഴിഞ്ഞ ദിവസം ആലപ്പുഴ സൗത്ത് പോലീസ് കസ്റ്റഡിയിലെടുത്ത ട്രാൻസ്ജെൻഡറിന്റെ വീഡിയോ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. സ്റ്റേഷനുള്ളിലാണ് ദൃശ്യങ്ങൾ ചിത്രീകരിച്ചതെന്ന് പ്രചരിക്കുന്ന വീഡിയോയിൽ വ്യക്തമാണ്. ഈ ദൃശ്യങ്ങൾ പകർത്തിയത് ശ്രീലതയാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ദൃശ്യങ്ങൾ ലഭിച്ചത് ആർക്കെല്ലാമാണെന്ന് സൈബർ സെൽ അന്വേഷണം നടത്തുന്നുണ്ട്.
പൊതുസ്ഥലത്ത് മദ്യപിച്ച് ശല്യമുണ്ടാക്കിയെന്ന പരാതിയിലാണ് ആലപ്പുഴ സ്വദേശിയായ ട്രാൻസ്ജെൻഡറെ പോലീസ് കസ്റ്റഡിയിലെടുത്തത്. സ്റ്റേഷനിൽ കൊണ്ടുവന്ന ശേഷം ട്രാൻസ്ജെൻഡറിനെ നഗ്നയാക്കി ദൃശ്യങ്ങൾ പോലീസുകാർ മൊബൈലിൽ പകർത്തുകയായിരുന്നു.