ഹോട്ട് ക്രോസ് ബൺ
ആവശ്യമായ സാധനങ്ങൾ: മൈദ-രണ്ടുകപ്പ്, പഞ്ചസാര - ഒരു ടേബിൾസ്പൂൺ, ഉപ്പ് – ഒരുനുള്ള്, യീസ്റ്റ് – ഒരു ടീസ്പൂൺ, ചൂടുപാൽ – മുക്കാൽകപ്പ്, വെണ്ണ- ഒരു ടേബിൾസ്പൂൺ, മുകളിൽ പതിക്കാനുള്ള കുരിശിനുവേണ്ടി അരക്കപ്പ് മൈദ, വെണ്ണ – ഒരു ടേബിൾസ്പൂൺ.
ഉണ്ടാക്കുന്നവിധം:
അൽപം ചൂടുവെള്ളത്തിൽ യീസ്റ്റ് ചേർത്ത് പൊങ്ങാൻ വയ്ക്കുക. അത് തയാറായാൽ മൈദ, പഞ്ചസാര, ഉപ്പ് എന്നിവ ചേർത്തിളക്കി ആദ്യം യീസ്റ്റ് ചേർക്കുക. പിന്നീട് ഇതു കുറേശേ ചൂടുപാൽ തളിച്ച് കുറേശേയായി കുഴച്ചെടുക്കുക. പിന്നെ വെണ്ണ ചേർത്ത് നല്ലപോലെ കുഴച്ചുവയ്ക്കുക. ഒരുമണിക്കൂർ കഴിഞ്ഞ് ഇതു നാരങ്ങാ വലിപ്പത്തിലുള്ള ഉണ്ടകളായി മാറ്റിവയ്ക്കുക.
ഓവൻ 200 ഡിഗ്രിയിൽ ചൂടാക്കിയിടുക. കുരിശിനുവേണ്ടി മാറ്റിവച്ച മൈദയും വെണ്ണയും അൽപം വെള്ളത്തിൽ കുഴച്ച് കുരിശുരൂപത്തിലാക്കി ഓരോ ബണ്ണിന്റെയും മകളിൽ പതിക്കുക. ഒരു മുട്ടയടിച്ച് ഒരു ബ്രഷ്കൊണ്ട് ഓരോ ബണ്ണിന്റെയും മുകളിൽ തലോടുക. ബേക്ക് ചെയ്യാനുള്ള ട്രേയിലാക്കി 15 മിനിറ്റ് നേരം ബേക്ക് ചെയ്യുക. ഇത് ചൂടോടെ ബ്രേക്ക്ഫാസ്റ്റിനു വിളന്പാം.
സ്പെഷൽ മട്ടൺ കറി
ആവശ്യമായ സാധനങ്ങൾ: ഒരു കിലോഗ്രാം ആട്ടിറച്ചി കഷണങ്ങളാക്കിയത്, തക്കാളിപ്പഴം അരിഞ്ഞത് അരകിലോഗ്രാം. റോസ്റ്റ് ചെയ്യാനുള്ള മസാലകൾ മല്ലി - ഒരു ടീസ്പൂൺ, ജീരകം - ഒരു ടീസ്പൂൺ, ഗ്രാന്പു – ആറെണ്ണം, ഏലയ്ക്ക – നാലെണ്ണം, പട്ട – ഒരു കഷണം, ജാതിപത്രി – രണ്ടെണ്ണം, ജാതിക്ക പൊടി - കാൽ ടീസ്പൂൺ, കുരുമുളക് – അരടീസ്പൂൺ, എണ്ണ- മൂന്നു ടേബിൾസ്പൂൺ, സവാള – മൂന്നെണ്ണം, ഇഞ്ചി ചതച്ചത് – ഒരു ടീസ്പൂൺ, മുളകുപൊടി – ഒരു ടീസ്പൂൺ, മഞ്ഞൾപൊടി - ഒരു ടീസ്പൂൺ, ഉപ്പ് – ഒരു ടീസ്പൂൺ, പഞ്ചസാര, മല്ലിയില – ഒരുപിടി.
ഉണ്ടാക്കുന്നവിധം: എണ്ണയില്ലാതെ റോസ്റ്റ് ചെയ്യാനുള്ള മസാലകൾ ആദ്യം വറുത്ത് പൊടിച്ച് മാറ്റിവയ്ക്കുക. കട്ടിയുള്ള ഒരു പാനിൽ എണ്ണ ചൂടാക്കി സവാള വഴറ്റുക. ഇതിലേക്ക് ഇഞ്ചി ചതച്ചതും മുളകും മഞ്ഞളും തക്കാളിപ്പഴവും ചേർത്തിളക്കുക. ഉപ്പും പഞ്ചസാരയും ചേർത്ത് അടച്ചുവച്ച് വേവിക്കുക. തക്കാളിപ്പഴം നല്ലപോലെ വെന്തുടഞ്ഞാൽ ഇറച്ചിയിട്ട് അൽപം വെള്ളവും ചേർത്ത് നല്ലപോലെ വേവിക്കുക. വെന്തുകഴിഞ്ഞ് പൊടിച്ച് മാറ്റിവച്ചിരിക്കുന്ന മസാലപ്പൊടിയും മല്ലിയിലയും ചേർത്തിളക്കി വിളന്പാം.
മീൻ ബിരിയാണി
ആവശ്യമായ സാധനങ്ങൾ; ബസ്മതി അരി - രണ്ടുകപ്പ്, നെയ്യ്-രണ്ട് ടേബിൾസ്പൂൺ, ഗ്രാന്പു, പട്ട – ഒരുകഷണം, കുരുമുളക് – അര ടീസ്പൂൺ, തേങ്ങാപാൽ – ഒരുകപ്പ്, നെയ്മീൻ കഷണങ്ങൾ – അരകിലോഗ്രാം, തൈര് – അരക്കപ്പ്, മുളകുപൊടി – ഒരു ടീസ്പൂൺ, മഞ്ഞൾപൊടി – അര ടീസ്പൂൺ, ഉപ്പ്.
കറിക്കുവേണ്ടി: സവാള നീളത്തിൽ അരിഞ്ഞത് , ആറു പച്ചമുളക് കീറിയത്, വെളുത്തുള്ളിയും ഇഞ്ചിയും അരച്ചത് – രണ്ട് ടേബിൾസ്പൂൺ, 6 തക്കാളിപ്പഴം അരിഞ്ഞത്, മഞ്ഞൾപൊടി- അര ടീസ്പൂൺ, മല്ലി, പുതിന – ഒാരോ പിടി അരിഞ്ഞത്. അലങ്കരിക്കാൻവേണ്ടി കശുവണ്ടി വറുത്തതും സവാള മൂപ്പിച്ചതും.
ഉണ്ടാക്കുന്നവിധം: ബസ്മതി അരി കഴുകി കുതിരാൻ വയ്ക്കുക. അരമണിക്കൂർ കഴിഞ്ഞ് നെയ്യ് ചൂടാക്കി മുഴുവനോടെയുള്ള മസാലകൾ വഴറ്റി അരിയും ചേർത്തിളക്കുക. അരി നിറം മാറിത്തുടങ്ങുന്പോൾ തേങ്ങാപാലും മൂന്നുകപ്പ് വെള്ളവും ആവശ്യത്തിന് ഉപ്പും ചേർത്ത് വേവിക്കുക. മീൻകഷണങ്ങൾ ഉപ്പും തൈരുംകൂട്ടി അരപ്പും പുരട്ടി വയ്ക്കുക. ഇത് ഒരുമണിക്കൂർ വച്ചശേഷം ഇരുപുറവും വറുത്ത് കോരിവയ്ക്കുക.
ബിരിയാണി മാസല തയാറാക്കാൻ ആദ്യം മൂന്നു ടേബിൾസ്പൂൺ നെയ്യ് ചൂടാക്കി കശുവണ്ടിയും സവാളയും വറുത്ത് കോരി മാറ്റുക. ബാക്കി നെയ്യിൽ സവാള, പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി എന്നിവ വഴറ്റി തക്കാളിപ്പഴം ചേർത്തിളക്കുക. കൂട്ടത്തിൽ ആവശ്യത്തിന് ഉപ്പും മഞ്ഞളും ചേർക്കാം. അരപ്പ് മൂത്താൽ മീൻ വറുത്തതും അരകപ്പ് വെള്ളവും ചേർത്തിളക്കി കുറകിയാൽ ഇറക്കിവയ്ക്കാം.
ഇനി ഒരു ഡിഷിൽ സെറ്റ് ചെയ്യാം. ആദ്യം പകുതി ചോറ് നിരത്തുക. മുകളിലായി മീൻകറി, വീണ്ടും കുറച്ചു ചോറ്, പിന്നെ മീൻ അങ്ങനെ അവസാനം ചോറുകൊണ്ട് മൂടി അലങ്കരിക്കാനുള്ളത് മുകളിൽ വിതറുക.
തക്കാളി ചട്നി
ആവശ്യമായ സാധനങ്ങൾ: തക്കാളിപ്പഴം അരിഞ്ഞത് – ഒരുകപ്പ്, ഈന്തപ്പഴം കുരു മാറ്റിയത് – അരകപ്പ്, വെളുത്ത എള്ള് – 2 ടീസ്പൂൺ, മുളകുപൊടി – ഒരു ടീസ്പൂൺ, ഉപ്പ്.
ഉണ്ടാക്കുന്നവിധം: ഇവയെല്ലാം കൂട്ടിച്ചേർത്ത് വേവിച്ചെടുക്കുക. ബിരിയാണിക്കു പറ്റിയ കൂട്ട്.
കോഴി റോസ്റ്റ്
ആവശ്യമായ സാധനങ്ങൾ: കോഴി – അരകിലോഗ്രാം, സവാള – രണ്ടു കപ്പ് കഷണങ്ങൾ, പച്ചമുളക്-രണ്ടെണ്ണം കീറിയത്. വെളുത്തുള്ളി – 12 അല്ലി ചതച്ചത്, ഇഞ്ചി ചതച്ചത് – ഒരു കഷണം, തൈര് – കാൽകപ്പ്, മല്ലിപ്പൊടി - രണ്ടു ടേബിൾസ്പൂൺ, മഞ്ഞൾപൊടി – അര ടീസ്പൂൺ, ജീരകപ്പൊടി – കാൽ ടീസ്പൂൺ, ഗ്രാന്പു12 എണ്ണം, ഏലയ്ക്ക് – നാലെണ്ണം, പട്ട – ഒരുകഷണം, ജാതിക്കപ്പൊടി – ഒരു നുള്ള്, ഉപ്പ്, നെയ്യ് -ഒരു ടീസ്പൂൺ, വഴറ്റാൻ ഒരു സവാള, കറിവേപ്പില.
ഉണ്ടാക്കുന്നവിധം: മുകളിൽ പറഞ്ഞവയെല്ലാം ഇറച്ചിയിൽ പുരട്ടി ഒരുമണിക്കൂർ നേരം വയ്ക്കുക. പിന്നീട് ആവശ്യത്തിനു വെള്ളം ചേർത്ത് വേവിച്ച് വറ്റിക്കുക. മറ്റൊരു പാനിൽ നെയ്യ് ചൂടാക്കി സവാള വഴറ്റി വെന്ത ഇറച്ചിക്കൂട്ടിൽ ഇട്ട് നല്ലപോലെ വറ്റിച്ചെടുക്കുക.
മീൻ ബോൾ കറി
മുള്ളില്ലാത്ത മീൻ പുഴുങ്ങി പൊടിച്ചത് – ഒന്നര കപ്പ്, പുഴുങ്ങിപ്പൊടിച്ച ഉരുളക്കിഴങ്ങ് -ഒരുകപ്പ്, ഇഞ്ചിയും പച്ചമുളകും അരിഞ്ഞത് – ഒരു ടേബിൾസ്പൂൺ, ചെറിയ ഉള്ളി പൊടിയായി അരിഞ്ഞത് – അരകപ്പ്, ഉപ്പ്, കുരുമുളക്. ഒരു മുട്ട, കുറച്ച് ബ്രെഡ് പൊടി, വറുക്കാനുള്ള എണ്ണ.
കറിക്കു വേണ്ടത്; എണ്ണ – രണ്ടു ടേബിൾസ്പൂൺ, കടുക് – മുക്കാൽ ടീസ്പൂൺ, ഉലുവ - അര ടീസ്പൂൺ, ചെറിയ ഉള്ളി അരിഞ്ഞത് – അഞ്ചെണ്ണം, ഇഞ്ചി, പച്ചമുളക് അരിഞ്ഞത് – ഒരു ടേബിൾസ്പൂൺ, മുളകുപൊടി – ഒരു ടേബിൾസ്പൂൺ, മല്ലിപ്പൊടി - ഒരു ടേബിൾസ്പൂൺ, മഞ്ഞൾപൊടി, തക്കാളി അരിഞ്ഞത്-രണ്ട്, കറിവേപ്പില, ഉപ്പ്, ആവശ്യത്തിന് വെള്ളം.
ഉണ്ടാക്കുന്നവിധം: ആദ്യം പറഞ്ഞ കൂട്ടുകൾ എല്ലാംകൂടി ചേർത്തുരുട്ടി (നെല്ലിക്ക വലിപ്പത്തിൽ) ആദ്യം മുട്ടയിലും പിന്നെ റൊട്ടിപ്പൊടിയിലും മുക്കി എണ്ണയിൽ വറുത്തുകോരുക. മറ്റൊരു പാനിൽ എണ്ണ ചൂടാക്കി കടുകും ഉലുവയും ഇട്ട് പൊട്ടിയാൽ കറിവേപ്പിലയും അരിഞ്ഞുവച്ചിരിക്കുന്ന കൂട്ടുമെല്ലാം ഇട്ടു വഴറ്റുക.
പിന്നെ മസാലപ്പൊടികളും ഇട്ടിളക്കിയ ശേഷം തക്കാളിപ്പഴവും ഉപ്പും ചേർത്ത് വേവിക്കുക. പിന്നെ ഒരുകപ്പ് വെള്ളം ചേർത്ത് തിളച്ചാൽ വറുത്തുവച്ചിരിക്കുന്ന മീൻ ഉരുളകൾ ചേർക്കുക. ഇത് ഈ കൂട്ടിൽ കിടന്ന് വെന്തിരിക്കണം. ചാറ് പാകത്തിനായാൽ ഇറക്കിവയ്ക്കാം.
ഇത്രയും വിഭവം കഴിഞ്ഞാൽ മധുരം കഴിക്കേണ്ടത് അത്യാവശ്യമാണ്.
ഇളനീർ പായസം
മിൽക്ക്മെയ്ഡ് – 200 ഗ്രാം, ഇളനീർ വെള്ളം – അഞ്ചുകപ്പ്, അതിന്റെ കാന്പ് അരച്ചത് – 200 ഗ്രാം 3 ടേബിൾ സ്പൂൺ.
ഉണ്ടാക്കുന്നവിധം: ഒരു കട്ടിയുള്ള പാനിൽ അരകപ്പ് ഇളനീർ വെള്ളത്തിൽ മിൽക്മെയ്ഡ് ചേർത്തിളക്കുക. നല്ലപോലെ അലിഞ്ഞശേഷം ഇളനീർ കാന്പും ചേർത്തിളക്കുക. ഇതിലേക്ക് ബാക്കി തേങ്ങാവെള്ളവും ചേർത്തിളക്കി ഇറക്കിവയ്ക്കണം. നല്ലപോലെ തണുത്ത് സെറ്റാകാൻ തുടങ്ങിയാൽ കപ്പിലൊഴിച്ച് ഏതെങ്കിലും പഴങ്ങൾ മുകളിൽ വിതറി വിളന്പാം.
ഓമന ജേക്കബ്