ചാവക്കാട്: ഗൃഹോപകരണ വില്പനക്കാരെന്ന വ്യാജേന എത്തിയവർ വീട്ടമ്മയുടെ സ്വർണാഭരണം തട്ടിയെടുത്തു. മമ്മിയൂർ എൽഎഫ് സ്കൂളിനു പുറകിൽ കാക്കരപറന്പ് കൂവക്കാട്ടേൽ സുലൈമാന്റെ വീട്ടിലാണു തട്ടിപ്പുനടന്നത്.
തവണകളായി പണമടച്ചാൽ അലമാരി നൽകാമെന്നു പറഞ്ഞെത്തിയ ആൾ സുലൈമാന്റെ ഭാര്യ റസിയയുടെ അരപ്പവനോളം തൂക്കമുള്ള കമ്മലുകൾ തട്ടിയെടുത്താണു കടന്നുകളഞ്ഞത്. അലമാരി വാങ്ങിയാൽ തവണകളായി പണം നൽകുന്ന പദ്ധതിയുമായാണ് അയാളെത്തിയത്. പദ്ധതിയിൽ അംഗമാക്കുവാൻ റസിയയുടെ കൈ യിൽനിന്ന് 300 രൂപ വാങ്ങിയശേഷം ഒരു സമ്മാനക്കൂപ്പണും നൽകി.
വീട്ടമ്മയുടെ പേരും വിലാസവും ഫോണ്‍ നന്പറും വാങ്ങിയാണ് കൂപ്പണ്‍ കൈമാറിയത്. അര മണിക്കൂറിനുശേഷം സമ്മാനക്കൂപ്പണിൽ റസിയാക്കാണ് കട്ടിലും കിടക്കയും തലയിണയും സമ്മാനമായി ലഭിച്ചിതെന്നും 5500 രൂപ അടച്ചാൽ അവ എത്തിക്കാമെന്നും ഫോണിലൂടെ അറിയിച്ചു.
പണം വാങ്ങാൻ അര മണിക്കൂറിനകം എത്താമെന്നും പറഞ്ഞു. അലമാരക്കാരൻ വീട്ടിലെത്തിയപ്പോൾ വീട്ടമ്മയുടെ കൈവശം പണമുണ്ടായിരുന്നില്ല. പണമില്ലെങ്കിൽ ആഭരണങ്ങൾ തന്നാലും മതിയെന്നു പറഞ്ഞപ്പോൾ കമ്മൽ ഉൗരി നൽകുകയായിരുന്നു.
ഉടൻ സമ്മാനവുമായി വരാമെന്നു പറഞ്ഞവരെ മണിക്കൂറുകൾ കഴിഞ്ഞിട്ടും കാണാതായപ്പോഴാണു തങ്ങൾ തട്ടിപ്പിനിരയായതായി സംശയം തോന്നിയത്. വിവരമറിയിച്ചതിനെത്തുടർന്ന് പൊലീസെത്തി അന്വേഷണം തുടങ്ങി. സമ്മാനം ലഭിച്ചതായി അറിയിച്ച ഫോണ്‍ നന്പർ കേന്ദ്രീകരിച്ചാണ് അന്വേഷണം. വീടുകളിലെത്തി ഗൃഹോപകരണങ്ങളും മറ്റും നൽകാമെന്നു പറയുന്നവരുടെ വഞ്ചനകൾക്കിരയാവാതിരിക്കാൻ ജാഗ്രത പുലർത്തണമെന്നു പൊലീസ് അഭ്യർഥിച്ചു.