പ്രിയ സുഹൃത്തിന്റെ വേര്‍പാടറിയാതെ ഫേസ്ബുക്കില്‍ ജന്മദിനാശംസകള്‍ നേര്‍ന്ന് കൂട്ടുകാര്‍. ആശംസകള്‍ നേരാന്‍ താമസിച്ചതിനാല്‍ ക്ഷമാപണത്തോടെയാണ് പലരും ജന്മദിനാശംസകള്‍ നേര്‍ന്നത്. ബന്ധുവീട്ടില്‍ അവധി ആഘോഷിക്കാനെത്തി തടയണയില്‍ വീണു മരിച്ച ടിജിന്റെ 25ാം ജന്മദിനം തിങ്കളാഴ്ചയായിരുന്നു. ഇന്നലെ ഉച്ചയോടെയാണ് കൊട്ടാരക്കര കരിക്കം സ്വദേശി ടിജിന്‍ഭവനില്‍ തോമസിന്റെ മകന്‍ ടിജിന്‍ (25) തടയണയില്‍ വീണു മരിച്ചത്.
മരണം നടന്നതറിയാതെയാണ് സുഹൃത്തുക്കള്‍ കൂട്ടുകാരനു ഫേസ്ബുക്കില്‍ ജന്മദിനാശംസകള്‍ നേര്‍ന്നുകൊണ്ടിരുന്നത്. തേര്‍ഡ് ക്യാമ്പിന് സമീപം സഖാവുപാറയില്‍ പഞ്ചായത്ത് നിര്‍മിച്ച തടയണയില്‍ കാല്‍വഴുതി വീണാണ് മരണം സംഭവിച്ചത്. കഴിഞ്ഞ ദിവസങ്ങളില്‍ ഡാമില്‍ ജലനിരപ്പ് വര്‍ധിച്ചിരുന്നതിനാല്‍ ജലം ഒഴുക്കി കളഞ്ഞിരുന്നു. ഇതിനുശേഷം കഴിഞ്ഞ ദിവസം മേഖലയില്‍ മഴ പെയ്തതിനെ തുടര്‍ന്നാണ് വീണ്ടും ജലനിരപ്പ് ഉയര്‍ന്നത്.
മരിക്കുന്നതിനു നിമിഷങ്ങള്‍ക്ക് മുന്‍പ് കൂട്ടുകാര്‍ക്കൊപ്പം സെല്‍ഫിയും എടുത്തശേഷമാണ് നീന്തുന്നതിനായി ടിജിന്‍ തടയണയിലേക്ക് ഇറങ്ങിയത്. ഡാമിലെ ചെളിയില്‍ കാല്‍ കുടുങ്ങിയതാണ് മരണത്തിനും കാരണമെന്നാണ് പ്രാഥമിക നിഗമനം. പലരും ടിജിന്റെ മരണവാര്‍ത്ത അറിയാതെയാണ് ഫേസ്ബുക്കിലൂടെ ജന്മദിനാശംസകള്‍ നേര്‍ന്നുകൊണ്ടിരുന്നത്.