പോർട്ട് എലിസബത്ത്: ഓസ്ട്രേലിയൻ ക്രിക്കറ്റിനെ ഒന്നാകെ പ്രതിരോധത്തിലും നാണക്കേടിന്റെ പടുകുഴിയിലുമാക്കിയ പന്തുചുരണ്ടൽ കണ്ടെത്താൻ കാമറാമാനെ സഹായിച്ചത് ദക്ഷിണാഫ്രിക്കൻ മുൻ പേസ് ബൗളർ ഫാനി ഡിവില്യേഴ്സ്.
നിലവിൽ ടിവി കമന്റേറ്ററായ ഫാനിയുടെയും സംഘത്തിന്റെയും നിർദേശാനുസരണമാണ് കാമറാമാന്മാർ ഓസീസ് താരങ്ങളെ സൂക്ഷ്മമായി നിരീക്ഷിച്ചതും ആ അന്വേഷണം കാമറൂണ് ബാൻക്രോഫ്റ്റിൽ അവസാനിച്ചതും. ബാൻക്രോഫ്റ്റ് പന്തിൽ കൃത്രിമം കാണിക്കുന്നത് കാമറാമാൻ കണ്ടെത്തിയത് തന്റെ നിർദേശത്തെത്തുടർന്നാണെന്ന് ഫാനി ഓസ്ട്രേലിയൻ റേഡിയോയായ ആർഎസ്എൻ 927നു നല്കിയ അഭിമുഖത്തിൽ വെളിപ്പെടുത്തി.
“സാധാരണ ചെയ്യുന്നതിൽനിന്ന് വ്യത്യസ്തമായി എന്തെങ്കിലും ചെയ്യൂ. പുറത്തുകടന്ന് എല്ലാം വീക്ഷിക്കൂ. അവർ എന്തെങ്കിലും കുതന്ത്രം പ്രയോഗിക്കുന്നുണ്ടാകും. ഇത്രയും പുല്ലുള്ള ഈ പിച്ചിൽ അവർ സ്വിംഗ് കണ്ടെത്തുന്നു എന്നത് അസാധാരണമാണ്. ഇത് പാക്കിസ്ഥാനിൽ ഉള്ളതുപോലെ എല്ലാ സെന്റിമീറ്ററിലും വിള്ളലുള്ള പിച്ചല്ല’’- കാമറാമാന്മാരോട് ഇതാണ് ആവശ്യപ്പെട്ടതെന്ന് ഫാനി ഡിവില്യേഴ്സ് പറഞ്ഞു.
26, 27, 28 ഓവറുകളിലും ഓസീസ് പേസ് ബൗളർമാർ സ്വിംഗ് കണ്ടെത്തുന്നുണ്ടെങ്കിൽ എല്ലാവരും ചെയ്യുന്നതിൽനിന്ന് എന്തെങ്കിലും വ്യത്യസ്തമായി അവർ ചെയ്യുന്നുണ്ടാകും. ഈ അഭിപ്രായത്തെത്തുടർന്ന് കാമറാമാന്മാർ ഒന്നരമണിക്കൂർ നടത്തിയ അന്വേഷണമാണ് ബാൻക്രോഫ്റ്റിൽ എത്തിയതും ഓസീസിന്റെ കുതന്ത്രം ലോകത്തിനു മുന്നിൽ പൊളിച്ചടുക്കിയതും. തന്റെ ക്ലോസ് അപ് ഗ്രൗണ്ടിലെ സ്ക്രീനിൽ കണ്ടപ്പോൾ മനസിൽ വെപ്രാളമുണ്ടായെന്ന് ബാൻക്രോഫ്റ്റും സമ്മതിച്ചിരുന്നു.
30 കാമറകളാണ് മൈതാനത്ത് മാത്രം ഉണ്ടായിരുന്നത്. അതിൽ ഏഴെണ്ണം ഏതുസമയത്തും പന്തിനെ മാത്രം പിന്തുടരാനാണ് നിർദേശിച്ചത്. കളത്തിൽ ഉപയോഗിക്കാത്തപ്പോൾപോലും പന്തിനെ ഫോക്കസ് ചെയ്യാൻ നിർദേശിക്കുകയായിരുന്നു- ദക്ഷിണാഫ്രിക്ക കേന്ദ്രമായി പ്രവർത്തിക്കുന്ന സൂപ്പർസ്പോർട്ട് ടെലിവിഷൻ പ്രൊഡ്യൂസറായ ആൽവിൻ നായികർ പറഞ്ഞു.