പോർട്ട് എലിസബത്ത്: ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ടെസ്റ്റിൽ ഓസ്ട്രേലിയൻ ടീം അംഗങ്ങളായിരുന്ന സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാർണർ, കാമറൂണ്‍ ബാൻക്രോഫ്റ്റ് എന്നിവർ ഗൂഢാലോചന നടത്തി പന്ത് ചുരണ്ടി ചതിപ്രയോഗം നടത്തിയതിന് ക്രിക്കറ്റ് ലോകത്തോട് മാപ്പപേക്ഷിച്ച് ക്രിക്കറ്റ് ഓസ്ട്രേലിയ. പന്തുചുരണ്ടൽ ഗൂഢാലോചനയിൽ പരിശീലകൻ ഡാരൻ ലേമാനു പങ്കില്ലെന്നുകണ്ടെത്തിയ ക്രിക്കറ്റ് ഓസ്ട്രേലിയ, അദ്ദേഹവുമായുള്ള കരാർ തുടരും.
അതേസമയം, ഓസ്ട്രേലിയൻ ക്രിക്കറ്റിന് ലോകത്തിനു മുന്നിൽ മാനക്കേടുണ്ടാക്കിയ സ്മിത്ത്, വാർണർ, ബാൻക്രോഫ്റ്റ് എന്നിവരെ ഇന്ന് (ബുധനാഴ്ച) നാട്ടിലേക്ക് മടക്കി അയയ്ക്കുമെന്നും ക്രിക്കറ്റ് ഓസ്ട്രേലിയ സിഇഒ ജയിംസ് സതർലൻഡ് ഇന്നലെ ദക്ഷിണാഫ്രിക്കയിൽവച്ച് അറിയിച്ചു. ടിം പെയ്നെ ക്യാപ്റ്റനായി ഒൗദ്യോഗികമായി സതർലൻഡ് പ്രഖ്യാപിക്കുകയും ചെയ്തു.
പന്തുചുരണ്ടൽ വിവാദം ക്രിക്കറ്റ് ലോകത്തെ പിടിച്ചുലച്ചതിനു പിന്നാലെ സ്മിത്തിനെയും വാർണറെയും ക്യാപ്റ്റൻ, വൈസ് ക്യാപ്റ്റൻ സ്ഥാനങ്ങളിൽനിന്ന് പുറത്താക്കാൻ ഓസ്ട്രേലിയൻ സർക്കാർ ഉൾപ്പെടെ ക്രിക്കറ്റ് ഓസ്ട്രേലിയയ്ക്കുമേൽ സമ്മർദം ചെലുത്തിയിരുന്നു. ഐപിഎലിൽ സ്മിത്തിനെയും വാർണറെയും കളിപ്പിക്കുന്നതു സംബന്ധിച്ച് ബിസിസിഐയാണ് തീരുമാനമെടുക്കേണ്ടതെന്നും സതർലൻഡ് പറഞ്ഞു.
സംഭവത്തെക്കുറിച്ച് ക്രിക്കറ്റ് ഓസ്ട്രേലിയ പ്രതിനിധികൾ അന്വേഷണം നടത്തുന്നുണ്ടെന്നും റിപ്പോർട്ട് ലഭിച്ചാൽ 24 മണിക്കൂറിനുള്ളിൽ നടപടി ഉണ്ടാകുമെന്നും സതർലൻഡ് അറിയിച്ചു. സ്മിത്ത്, വാർണർ, ബാൻക്രോഫ്റ്റ് എന്നിവർക്കെതിരേ നടപടി ഉണ്ടാകുമെന്നാണ് സൂചന. സ്മിത്തിനും വാർണറിനും ചുരുങ്ങിയത് ഒരു വർഷം വിലക്കുണ്ടാകുമെന്നാണ് മാധ്യമ റിപ്പോർട്ട്.
ഡാരൻ ലേമാൻ രാജിക്കൊരുങ്ങുന്നതായി വാർത്ത പുറത്തുവന്നിരുന്നു. ക്രിക്കറ്റ് ഒാസ്ട്രേലിയയുടെ പ്രതിനിധികളായ ഇയാൻ റോയിയും പാറ്റ് ഹവാർഡും അന്വേഷണത്തിനായി ദക്ഷിണാഫ്രിക്കയിൽ എത്തിയിട്ടുണ്ട്. മണ്ണും മഞ്ഞപേപ്പറും ഉപയോഗിച്ച് ബാന്‍ക്രോഫ്റ്റ് പന്തിൽ കൃത്രിമം കാണിക്കുന്ന വീഡിയോ ഗ്രൗണ്ടിലെ സ്ക്രീനിൽ തെളിഞ്ഞപ്പോൾ ഗാലറിയിൽ ഇരുന്നു ലേമാൻ മുന്നറിയിപ്പ് നല്‍കുന്നത് കാണാ മായിരുന്നു. ലേമാനും പന്തുചുരണ്ട ലിൽ പങ്കുണ്ടെന്ന വാദമായിരുന്നു തുടർന്ന് വിമർശകർ ഉയർത്തിയത്.