കോഴിക്കോട്: ജനങ്ങളെ കൈയേറ്റം ചെയ്യും വിധത്തില്‍ പോലീസിന്റെ ഭാഗത്തു നിന്നുണ്ടാവുന്ന പെരുമാറ്റങ്ങളെ തുടര്‍ന്നു അടിയന്തര പരിശീലനം നല്‍കാനുള്ള ഡിജിപിയുടെ നിര്‍ദേശം പോലീസില്‍ വിവാദമാവുന്നു. ഗതാഗത പരിശോധനാ വേളയിലും സമാനമായ മറ്റു സന്ദര്‍ഭങ്ങളിലും പോലീസുകാര്‍ എന്തൊക്കെ ചെയ്യണമെന്നതിനെ കുറിച്ചുള്ള പരിശീലനം നല്‍കാനുള്ള ഡിജിപി ലോക്നാഥ് ബഹ്റയുടെ നിര്‍ദേശമാണ് സേനയില്‍ വിവാദത്തിനു തിരികൊളുത്തിയത്. മറ്റു വകുപ്പുകളിലൊന്നും തന്നെയില്ലാത്ത ഇത്തരം പരിശീലന രീതിക്കെതിരേ പോലീസ് അസോസിയേഷനും യോജിപ്പില്ലെന്നാണറിയുന്നത്.
ഡിജിപിയുടെ നിര്‍ദേശ പ്രകാരം ഇന്നലെ പരിശീലന ക്ലാസ് നല്‍കുകയും ചെയ്തു. അതിനിടെ പരിശീലനത്തിനെതിരേ പോലീസുകാര്‍ക്കുള്ളില്‍ നിന്നുള്ള എതിര്‍പ്പ് പ്രകടമാവുകയും ചെയ്തു. പോലീസിന്റെ വാട്സ് ആപ്പ് ഗ്രൂപ്പുകളിലൂടെയാണു പരിശീലനത്തെ വിമര്‍ശിച്ചുകൊണ്ടുള്ള സന്ദേശങ്ങള്‍ പ്രചരിക്കുന്നത്. ആക്രമിക്കാന്‍ വേണ്ടി പോലീസായവരല്ല ജീവിക്കാന്‍ വേണ്ടിയാണെന്ന് വ്യക്തമാക്കികൊണ്ടുള്ളതാണ് സന്ദേശം. അതില്‍ മന്ത്രിമാരേയും എംഎല്‍എമാരേയും അടുത്തിടെ അധ്യാപകന് നടത്തിയ വത്തക്ക പ്രസംഗം വരെ പരാമര്‍ശിച്ചിട്ടുണ്ട്.
മന്ത്രിമാരുടെ സംസ്കാര ശൂന്യമായ പദങ്ങള്‍ പറഞ്ഞപ്പോഴും നിയമസഭയില്‍ എംഎല്‍എമാര്‍ സാധനങ്ങള്‍ തല്ലി തകര്‍ത്തപ്പോഴും അധ്യാപകന് വത്തക്ക പ്രസംഗം നടത്തിയപ്പോഴും എച്ച്ഒഡി കീഴ്ജീവനക്കാരിയെ പീഡിപ്പിച്ചപ്പോഴും റവന്യൂ ജീവനക്കാര്‍ ഫയലുകള്‍ ലോഡ്ജിലേക്ക് കടത്തി കൈക്കൂലിക്ക് കളമൊരുക്കിയപ്പോഴും ചുമട്ടു തൊഴിലാളികള്‍ നോക്കുകൂലി വാങ്ങിയപ്പോഴും ആ വിഭാഗത്തിലുള്ള മുഴുവന്‍ പേര്‍ക്കും പരിശീലനം വേണമെന്നാരും പറഞ്ഞില്ലെന്നും എന്നാല്‍ പോലീസുകാര്‍ക്ക് പരിശീലനം വേണമെന്നാണ് പറയുന്നതെന്നുമാണ് സന്ദേശത്തിന്റെ സാരാംശം. പോലീസുകാരെ മനുഷ്യാവകാശങ്ങളില്ലാത്ത യന്ത്രങ്ങളായിട്ടാണ് കാണുന്നതെന്നും പരോക്ഷമായി പ്രതിബാധിക്കുന്നുണ്ട്.
കൂടാതെ പോലീസ് സേനയില്‍ സേനാംഗങ്ങള്‍ അനുഭവിക്കേണ്ടി വരുന്ന ദുരവസ്ഥയെ കുറിച്ചും സന്ദേശത്തില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. ‘വര്‍ഷത്തില്‍ ഓണം, വിഷു, റംസാന്, ഈസ്റ്റര്‍ , ക്രിസമസ്, ബക്രീദ് എന്നിവയില്‍ മൂന്നെണ്ണമെങ്കിലും കുടുംബത്തോടൊപ്പം ആഘോഷിക്കാന്‍ പറ്റിയ പോലീസുകാരെ കാണിച്ച് തരാമോ…?
വര്‍ഷത്തില്‍ മുഴുവന്‍ കാഷ്വല്‍ ലീവ് എടുക്കാന്‍ കഴിഞ്ഞ ഒരു പോലീസുകാരെനെ ചൂണ്ടിക്കാണിക്കാമോ…? എട്ടു മണിക്കൂര്‍ ജോലി ചെയ്തവസാനിപ്പിച്ച് വീട്ടിലേക്ക് ഒരു ദിവസമെങ്കിലും എത്താന്‍ പറ്റിയ പോലീസുകാരന്റെ പേര് പറയാമോ നാലു ദിവസത്തിലധികം മെഡിക്കല്‍ ലീവല്ലാതെ അവധി കിട്ടിയ പോലീസുകാരെ കണ്ടിട്ടുണ്ടോയെന്നുമുള്ള ചോദ്യമാണ് ഉന്നയിക്കുന്നത്. ഉയര്‍ന്ന പോലീസുദ്യോഗസ്ഥരാല്‍ നേരിടേണ്ടി വരുന്ന ബുദ്ധിമുട്ടുകളും വ്യക്തമാക്കുന്നുണ്ട്.
പോലീസുകാരനെക്കൊണ്ട് ശിപായിയുടെ ജോലി ചെയ്യിക്കാം, ഗുമസ്തനാക്കാം, അധ്യാപകനാക്കാം, ഫയര്‍ ഫൈറ്ററാക്കാം, വെള്ളം ചുമക്കാന്‍ പറയാം, വീടു വീടുന്താരം കയറി സര്‍വ്വേ നടത്തിക്കാം. എന്നാലും പരാതിയുണ്ടാവില്ല. ജോലി ഭാരം കുറക്കാന്‍ തുടങ്ങിയ എട്ടു മണിക്കൂര്‍ ജോലി എന്തായി, ജയിലിലെ വീഡിയോ കോണ്‍ഫറന്‍സ് എവിടെയെത്തി ? മുഴുവന്‍ തസ്തികയും നികത്തിയ എത്ര സ്റ്റേഷനുണ്ടെന്നും ചോദ്യമുയര്‍ത്തുന്നുണ്ട്.