തിരുവനന്തപുരം: മടവൂരിൽ മുൻ റേഡിയോ ജോക്കിയെ കൊലപ്പെടുത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം ഉൗർജിതമാക്കി. മടവൂർ പടിഞ്ഞാറ്റ് ഏല ആശാഭവനിൽ രാജേഷ് (35) നെയാണ് ഇന്നലെ പുലർച്ചെ രണ്ട് മണിയോടെ കാറിലെത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തിയത്.
സ്വിഫ്ട് കാറിലെത്തിയ നാലംഗ സംഘമാണ് ആക്രമണം നടത്തിയതെന്ന് രാജേഷിനോടൊപ്പം ആക്രമണത്തിനിരയായ കുട്ടൻ (50) പോലീസിൽ മൊഴി നൽകിയിരുന്നു. റോഡിലെയും സമീപ പ്രദേശങ്ങളിലെയും സിസിടിവി കാമറയിലെ ദൃശ്യങ്ങൾ പോലീസ് ശേഖരിക്കാനുള്ള നടപടികൾ സ്വീകരിച്ചു. കാറിന്റെ നന്പരും മറ്റ് വിവരങ്ങളും മനസ്സിലാക്കി പ്രതികളെ പിടികൂടാനാണ് പോലീസ് ശ്രമിക്കുന്നത്.
അതേ സമയം ക്വട്ടേഷൻ സംഘങ്ങളെ കേന്ദ്രീകരിച്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആറ്റിങ്ങൽ ഡിവൈഎസ്പി അനിൽകുമാറിന്റെ നിർദേശാനുസരണം കിളിമാനൂർ സിഐ. വി.എസ്.പ്രദീപ് കുമാർ, പള്ളിയ്ക്കൽ എസ്ഐ. എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അന്വേഷണം നടത്തുന്നത്.
കഴിഞ്ഞ ദിവസം രാത്രിയിൽ മുല്ലനല്ലൂരിൽ പ്രോഗ്രാം കഴിഞ്ഞ ശേഷം മടവൂരിലെ തന്റെ ഓഫീസിൽ കഴിയവെയാണ് അക്രമി സംഘം രാജേഷിനെ വെട്ടിക്കൊലപ്പെടുത്തിയത്. നേരത്തെ സ്വകാര്യ എഫ്എം സ്റ്റേഷനിൽ റേഡിയോ ജോക്കിയായി പ്രവർത്തിച്ചിരുന്ന രാജേഷ് വിദേശത്ത് പോയിരുന്നു. ഈ അടുത്ത കാലത്ത് നാട്ടിൽ മടങ്ങിയെത്തി നാടൻപാട്ട് ട്രൂപ്പിൽ ഗായകനായും അവതാരകനായും പ്രവർത്തിച്ച് വരികയായിരുന്നു.