കൊണ്ടോട്ടി: പാലക്കാട് -കോഴിക്കോട് ദേശീയപാത മോങ്ങത്ത് കോഴി വളത്തിന്റെ മറവിൽ എത്തിച്ച ഉഗ്രശേഷിയുള്ള സ്ഫോടകവസ്തുക്കൾ പോലീസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ കൊണ്ടോട്ടി പോലീസ് ചോദ്യം ചെയ്തുവരികയാണ്. സ്ഫോടകവസ്തുക്കൾ എത്തിച്ച കെഎ 46. 5639 ലോറി കസ്റ്റഡിയിലെടുത്തു. കോയന്പത്തൂരിൽ നിന്നാണ് ലോറി എത്തിയതെന്നാണ് കരുതുന്നത്.
പോലീസിന്റെ വാഹനപരിശോധനക്കിടയാണ് വാഹനത്തിൽ കടത്തിയ സ്ഫോടകവസ്തുക്കൾ കണ്ടെത്തിയത്. മോങ്ങത്തെ പോസ്റ്റ് ഓഫീസിനു സമീപത്തെ സ്വകാര്യവ്യക്തിയുടെ ഗോഡൗണിൽ കോഴിക്കാട്ടം വളം ഇറക്കുന്നതിനിടയിലാണ് ലോറി കസ്റ്റഡിയിൽ എടുത്തത്. ലോറിയിൽ കോഴിക്കോട്ടം വളം നിറച്ച് ഇതിന്റെ മധ്യത്തിലായാണ് സ്ഫോടകവസ്തുക്കൾ ഒളിപ്പിച്ചിരുന്നത്.
കരിങ്കൽ ക്വാറികളിൽ ഉപയോഗിക്കുന്ന സ്ഫോടകവസ്തുക്കളാണെന്നാണ് പ്രാഥമികവിവരം. കസ്റ്റഡിയിൽ എടുത്തവരെ പോലീസ് ചോദ്യം ചെയ്തപ്പോഴാണ് ഗോഡൗണിലും സ്ഫോടകവസ്തുക്കൾ സൂക്ഷിച്ചതായി കണ്ടെത്തിയത്. അഞ്ചു ടണ്ണിലേറെ സ്ഫോടകവസ്തുക്കൾ ഉണ്ടെന്നാണ് നിഗമനം. അനധികൃതമായി പ്രവർത്തിക്കുന്ന മേഖലയിലെ കരിങ്കൽ ക്വാറിയിലേക്ക് എത്തിച്ചതാമെന്നു കരുതുന്നു.
ലോറി പിൻതുടർന്ന പോലീസ് ഗോഡൗണിൽ വളം ഇറക്കുന്നതിനിടയിലാണ് പോലീസ് വാഹനം കസ്റ്റഡിയിൽ എടുക്കുന്നത്. ക്വാറി സംഘത്തിനു അയൽ സംസ്ഥാനങ്ങളിലെ പങ്കും പരിശോധിക്കുന്നുണ്ട്. സ്ഫോടകവസ്തുക്കൾ വിദഗ്ധസംഘം പരിശോധിച്ചുവരികയാണ്. സംസ്ഥാനത്തുതന്നെ അടുത്തിടെ നടന്ന ഏറ്റവും വലിയ സ്ഫോടകവസ്തു റെയ്ഡാണിത്.
ക്വാറി നടത്തിപ്പുകാരെ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം. കേസിൽ കൂടുതൽ അറസ്റ്റുണ്ടായക്കും. മുതിർന്ന പോലീസ് ഉദ്യോഗസ്ഥരും സ്ഫോക്ടവസ്തുപരിശോധകവിഭാഗവും സ്ഥലത്തെത്തിയിട്ടുണ്ട്.