ഡൊമനിക് ജോസഫ്
ചെങ്ങന്നൂർ: ഉപതെരെഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുവാൻ താമസിക്കുന്നത് സ്ഥാനാർഥികൾക്കും നേതാക്കൾക്കും അണികൾക്കും ഒരു പോലെ തലവേദനയാകുന്നു. ഏപ്രിൽ അവസാനം തെരഞ്ഞെടുപ്പ് കാണുമെന്ന രീതിയിലാണ് മുന്നണികൾ കാര്യങ്ങൾ നീക്കിയത്. എന്നാൽ ഇന്നലെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നടത്തിയ പത്രസമ്മേളനത്തിൽ ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിന്റെ തീയതി പ്രഖ്യാപിക്കാതിരുന്നത് മുന്നണികളെ ഒരു പോലെ കുഴപ്പിച്ചിരിക്കുകയാണ്.
ഒരോ സ്ഥാനാർഥിയും മുന്നണികളും തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് ബഹുദൂരം മുന്നോട്ട് പോയി കഴിഞ്ഞു. സാധാരണയായി സ്ഥാനാർഥികൾ നോമിനേഷൻ നൽകിയ ശേഷം നടത്തിയിരുന്ന പ്രചാരണ പ്രവർത്തനങ്ങളിൽ അധികവും പ്രഖ്യാപനത്തിന് മുന്‍പേ നടത്തി കഴിഞ്ഞു. തെരെഞ്ഞെടുപ്പ് നീളുന്നത് അനുസരിച്ച് സ്ഥാനാർഥികളുടെ അധ്വാനവും ചിലവും വർദ്ധിക്കുകയാണ്. ഒരോ മുന്നണികളും സ്ഥാനാർഥികളും ഇതുവരെ നടത്തിയ പ്രവർത്തനങ്ങൾ.
ബൂത്ത് തല പ്രവർത്തനങ്ങളുമായി എൽഡിഎഫ് സ്ഥാനാർഥി
എൽഡിഎഫ് സ്ഥാനാർഥിയായി സജിചെറിയാൻ മത്സരിക്കുമെന്ന് ഏതാണ്ട് ഉറപ്പായതോടെ പാർട്ടി സംവിധാനം ഏറെ സജീവമായി. ബൂത്ത് കമ്മറ്റികൾ വരെ രൂപീകരിച്ച് ചുമതലക്കാരെ നിശ്ചയിച്ച് പ്രവർത്തനങ്ങൾ തുടങ്ങിയിട്ട് രണ്ടാഴ്ച കഴിഞ്ഞു. ബൂത്ത് ഓഫീസുകളും എങ്ങും തുറന്നിട്ടുണ്ട്.
സ്ഥാനാർഥി പ്രഖ്യാപനത്തിന് മുന്നോടിയായി എല്ലാ മേഖലാ തലത്തിലും പൊതു യോഗങ്ങൾ സംഘടിപ്പിച്ചു. കൂടാതെ പൂർത്തിയായ പദ്ധതികളുടെയും മണ്ഡലത്തിൽ ആരംഭിക്കുന്ന പദ്ധതികളുടെയും ഉദ്ഘാടനങ്ങൾ തകൃതിയായി നടത്തി. ഇതിനിടയിൽ മന്ത്രി തോമസ് ഐസക്ക് പങ്കെടുത്ത് കൊണ്ടുള്ള ജനകീയ സദസ് എല്ലാ മേഖലാ തലങ്ങളിലും നടത്തി. തുടർന്ന് തെരഞ്ഞെടുപ്പ് കണ്വൻഷൻ മുൻ കൂട്ടി തന്നെ നടത്തി. മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത കണ്‍വൻഷനിൽ എല്ലാ ഘടകകക്ഷി നേതാക്കളും പങ്കെടുത്തു. സിപിഎമ്മിലേക്ക് മുൻ എഎൽഎ ശോഭനാ ജോർജ് എത്തിയതാണ് എടുത്ത് പറയേണ്ടത്.
മണ്ഡലം കണ്‍വൻഷനെ തുടർന്ന് മന്ത്രിമാരെ പങ്കെടുപ്പിച്ച് മേഖലാ കണ്‍വൻഷനുകളും എൽഡിഎഫ് പൂർത്തീകരിച്ചു മന്ത്രിമാരായ ഷൈലജാ ടീച്ചർ, ജി.സുധാകരൻ, എ.സി.മൊയ്തീൻ, കടകന്പള്ളി സുരേന്ദ്രൻ, സിപിഎം സംസ്ഥാന സെക്രട്ടറി കൊടിയേറി ബാലകഷ്ണൻ എന്നിവർ വിവിധ മേഖലാ കണ്‍വൻഷനുകൾ ഉദ്ഘാടനം ചെയ്തു. ചുവരെഴുത്തുകളും പോസ്റ്ററുകളും എങ്ങും നിരന്ന് കഴിഞ്ഞു.സ്ഥാനാർഥി സജി ചെറിയാൻ ഒന്നാം ഘട്ടപ്രവർത്തനങ്ങൾ പൂർത്തിയാക്കി കഴിഞ്ഞു. പൊതുസ്ഥാലങ്ങളിലെല്ലാം തന്നെ വോട്ട് തേടി കഴിഞ്ഞു. സ്ഥാനാർഥിയുടെ അഭ്യർത്ഥനയുമായി സ്ക്വാഡുകൾ വീടുകൾ കയറി തുടങ്ങി.
രണ്ടാം ലാപ്പിൽ ഒപ്പമെത്തി യുഡിഎഫ് സ്ഥാനാർഥി
സ്ഥാനാർഥി പ്രഖ്യാപനം അല്പം താമസിച്ചാണ് എത്തിയതെങ്കിലും കുറഞ്ഞ നാൾ കൊണ്ട് രംഗം സജീവമാക്കുവാൻ യുഡിഎഫിന് കഴിഞ്ഞു.മുൻ കാലങ്ങളെ അപേക്ഷിച്ച് കോണ്‍ഗ്രസിൽ നിന്ന് വിമത ശബ്ദം സ്ഥാർഥിത്വത്തെ ചൊല്ലി ഉണ്ടാകാത്ത ഒരു സ്ഥാനാർഥി എന്ന ബഹുമതിയോടെയാണ് വിജയകുമാർ തെരഞ്ഞെടുപ്പ് രംഗത്ത് നിലയുറപ്പിച്ചിരിക്കുന്നത്.
മണ്ഡലത്തിലെ പഴയകാല കോണ്‍ഗ്രസ് പ്രവർത്തകർ ആത്മാർഥയോടെ രംഗത്ത് വന്നുവെന്നുള്ളതും പ്രത്യേകതയാണ്. നിയോജക മണ്ഡലം കണ്വൻഷൻ ഭംഗിയായി ജനപങ്കാളിത്തത്തോടെ നടത്തുകയും ബൂത്ത് കണ്‍വൻഷനുകൾ ആരംഭിക്കുകയും ചെയ്തു. സ്ഥാനാർഥി ഡി.വിജയകുമാർ സമുദായ സംഘടനാ നേതാക്കളെയും പൗരപ്രമുഖരെയും നേരിൽ കണ്ട് പിന്തുണ അഭ്യർഥിച്ചു കൊണ്ടാണ് പ്രചാരണ രംഗത്തേക്ക് ഇറങ്ങിയത്.
പഴയകാല കോണ്‍ഗ്രസ് പ്രവർത്തകരെയും അനുഭാവികളെയും ഭവനങ്ങളിൽ എത്തി പിന്തുണയും അനുഗ്രഹവും വാങ്ങി. എങ്ങും മുൻ കൂട്ടി തന്നെ പോസ്റ്ററുകളഉം ബോർഡുകളും ചുവരെഴുത്തുകളും നിറഞ്ഞ് കഴിഞ്ഞു. രാവിലെ മുതൽ തന്നെ മണ്ഡലത്തിൽ സജീവമായി വോട്ടുകൾ അഭ്യർഥിച്ച് ഭവനങ്ങളിലും വ്യാപാര സ്ഥാപനങ്ങളിലും ഇറങ്ങി തുടങ്ങി. ബൂത്തുകൾ കേന്ദ്രീകരിച്ചുള്ള പ്രവർത്തനങ്ങൾ സജീവമാക്കി അഭ്യർഥനകളുമായി ഭവന സന്ദർശന പരിപാടികൾ ബൂത്ത് കമ്മറ്റികളുടെ നേതൃത്വത്തിൽ ആരംഭിച്ചു.
ആത്മവിശ്വാസത്തോടെ എൻഡിഎ സ്ഥാനാർഥി
തെരഞ്ഞെടുപ്പ് മണ്ഡലം കണ്വൻഷൻ നടത്തിയില്ലെങ്കിലും മറ്റ് പ്രചാരണങ്ങളിൽ സജീവമാണ്. തുടക്കത്തിലെ ആവേശം അല്പമൊന്നുമങ്ങിയത് തെരഞ്ഞടുപ്പ് തീയതി പ്രഖ്യാപനം നീളുമെന്ന കാരണത്താലാണെന്ന് ബിജെപി വൃത്തങ്ങൾ പറയുന്നു. എന്നാൽ പോസ്റ്റർ, ചുവരെഴുത്ത്, നവ മാധ്യമ പ്രചരണം എന്നിവയിൽ മറ്റ് മുന്നണികൾക്കൊപ്പം തന്നെ എൻഡിഎയും സജീവമാണ്. ബൂത്ത് തലംവരെയുള്ള കമ്മറ്റികൾ രൂപീകരിച്ച് പ്രവർത്തനങ്ങൾ എൻഡിഎയുടെയും സജീവമാക്കിയിട്ടുണ്ട്.
സ്ഥാനാർഥി മണ്ഡലത്തിൽ ആദ്യഘട്ട ഓട്ട പ്രദക്ഷിണം നടത്തി വോട്ടർമാരെ നേരിൽ കണ്ട് കഴിഞ്ഞു. കൂടാതെ മണ്ഡലത്തിലെ പൗരപ്രമുഖരെയും സമുദായ നേതാക്കൻമാരെയും സഭാ തലവൻമാരെയും നേരിൽ കണ്ട് പിന്തുണ അഭ്യർഥിച്ചു. കഴിഞ്ഞ തവണ മത്സരിച്ചപ്പോഴുള്ള അനുഭവസന്പത്ത് കൈമുതലാക്കിയാണ് പ്രചാരണ രംഗത്ത് പി.എസ്. ശ്രീധരൻപിള്ള സജീവമായിരിക്കുന്നത്. വലിയ ആത്മവിശ്വാസത്തിലാണ് മുന്നണി തെരഞ്ഞെടുപ്പിനെ ഇത്തവണ നേരിടുന്നത്.
മറ്റ് സ്ഥാനാർഥികൾ
മൂന്ന് മുന്നണി സ്ഥാനാർഥികൾ കൂടാതെ എസ്യുസിഐ, ലോക്ദൾ, ആംഅദ്മി എന്നീ പാർട്ടികളും സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം നീളുന്നതുമൂലം എല്ലാ മുന്നണികളിലുമുള്ള അണികളുടെയും നേതാക്കളുടെയും സ്ഥാനാർഥികളുടെയും ജോലി ഭാരം ഏറുകയാണ്. ഉപരികമ്മറ്റി നേതാക്കൾ പങ്കെടുത്തുള്ള നിരന്തരമായ കമ്മറ്റികൾ ബൂത്ത് ചുമതലക്കാരെ ബുദ്ധിമുട്ടിലാക്കുകയാണ്.
ഇപ്പോഴെ കളത്തിൽ ഇറങ്ങിയ സ്ഥാനാർഥികൾ ഇനി കുറെ നാളുകൾ വിയർത്ത് പണിയെടുക്കേണ്ടി വരും. ഒപ്പം അണികളുടെയും നേതാക്കളുടെയും ജോലിഭാരം തീയതി നീളുന്നതനുസരിച്ച് എറും. കഴിഞ്ഞ ദിവസം ഇലക്ഷൻ കമ്മീഷൻ കർണ്ണാടകയോടൊപ്പം ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുമെന്ന് എല്ലാവരും പ്രതീക്ഷിച്ചിരുന്നുവെങ്കിലും അതുണ്ടാകാഞ്ഞത് എല്ലാ മുന്നണി പ്രവർത്തകരെയും ആശങ്കയിലാക്കിയിട്ടുണ്ട്.