കൊച്ചി: ഹൈവേ പോലീസിന്റെ വാഹന പരിശോധനയ്ക്കിടെ ബൈക്ക് യാത്രികർ മറിഞ്ഞുവീണ സംഭവത്തിൽ പോലീസിന്റെ ഭാഗത്തു വീഴ്ചയുണ്ടായിട്ടില്ലെന്ന് എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവി എ.വി. ജോർജ്. ബൈക്ക് ഓടിച്ചിരുന്ന കോഴിപ്പിള്ളി വേങ്ങത്താനത്ത് വിനോദ് (34) മദ്യപിച്ചിരുന്നതായി മെഡിക്കൽ പരിശോധനയിൽ തെളിഞ്ഞതായി അദേഹം പറഞ്ഞു.
മദ്യപിച്ച് വാഹനം ഓടിച്ചതിനു വിനോദിനെതിരെ കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്. യാത്രികരുടെ വരവുകണ്ട് സംശയം തോന്നിയ പോലീസ് കൈകാണിച്ചതിനെത്തുടർന്നു ബൈക്ക് നിർത്താൻ ശ്രമിക്കുന്നതിനിടെയാണു മറിഞ്ഞുവീണത്. മദ്യലഹരിയിലായതിനാൽ നിയന്ത്രണം ലഭിക്കാത്തതാണു അപകടത്തിനു കാരണമായതെന്നും അദ്ദേഹം പറഞ്ഞു.
കൂത്താട്ടുകുളം രാമപുരം ജംഗ്ഷനിൽ ഇന്നലെ രാത്രി ഏഴോടെയായിരുന്നു സംഭവം. രാമപുരം ജംഗ്ഷനിൽ വീതി കുറഞ്ഞ സ്ഥലത്തു തിരക്കുള്ള റോഡിലായിരുന്നു ഹൈവേ പോലീസിന്റെ വാഹനപരിശോധന.വാഹനം നിർത്താൻ ആവശ്യപ്പെട്ടപ്പോൾ നിർത്താത്തതിനെത്തുടർന്നു പോലീസ് യാത്രികരെ വലിച്ചുതാഴെയിട്ടെന്നായിരുന്നു പുറത്തുവന്ന വാർത്തകൾ.
സംഭവത്തിൽ ബൈക്ക് ഓടിച്ചിരുന്ന കോഴിപ്പിള്ളി വേങ്ങത്താനത്ത് വിനോദിന് (34) കാലിനു പരിക്കേറ്റിട്ടുണ്ട്. പിന്നിലിരുന്ന മംഗലത്തുതാഴത്ത് ബാബുവിനും പരിക്കുണ്ട്. എന്നാൽ, സംഭവത്തിൽ പോലീസിന്റെ ഭാഗത്തുനിന്നു വീഴ്ചയുണ്ടായിട്ടില്ലെന്നാണ് അധികൃതർ പറയുന്നത്. അപകടത്തെത്തുടർന്നു പോലീസ് വാഹനത്തിലാണ് ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
അതേസമയം, അപകടത്തിനു പിന്നിൽ പോലീസിന്റെ വീഴ്ചയാണെന്ന് ആരോപിച്ച് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.