തൃശൂർ: അങ്ങിനെ ആ കടന്പ കടക്കാനുള്ള അവസാന പരീക്ഷ ഇന്നാണ്. എസ്എസ്എൽസി പരീക്ഷ ഇന്ന് അവസാനിക്കും. ഇനി ജീവിതത്തിന്റെ പുതിയ മേച്ചിൽ പുറങ്ങൾ തേടിയുള്ള യാത്രക്കൊരുങ്ങുകയാണ് കേരളത്തിലെ ലക്ഷക്കണക്കിന് കുട്ടികൾ. എസ്എസ്എൽസി പരീക്ഷ കഴിഞ്ഞാൽ പിറ്റേന്ന് മുതൽ ടൈപ്പ് റൈറ്റിംഗ് പഠിക്കാൻ പോകുന്നതായിരുന്നു മുന്‍പെല്ലാം കുട്ടികളുടെ രീതി.
ഇന്ന് മിക്കവരും കംപ്യൂട്ടർ പഠനത്തിനാണ് പോകുന്നത്. സ്പോക്കണ് ഇംഗ്ലീഷ് ക്ലാസുകളിലേക്ക് പോകുന്നവരും കുറവല്ല. മുൻകാലങ്ങളിലെപോലെയല്ലെങ്കിലും ഇന്നും പത്താംക്ലാസ് പരീക്ഷ വിദ്യാർഥികൾക്ക് കടന്പ തന്നെയാണ്. രക്ഷിതാക്കളുടെ സ്ഥിതിയും വ്യത്യാസമല്ല. പത്തു കഴിഞ്ഞു കിട്ടുകയെന്നത് വലിയൊരു പണിയാണെന്ന് ഇന്നും കരുതുന്നവർ ഏറെയാണ്.
പത്തു കഴിഞ്ഞാൽ പഠിപ്പു തന്നെ അവസാനിപ്പിച്ച് ജോലിതേടി ഇറങ്ങുന്നവരും ഏറെയാണ്. പ്ലസ് വണ്ണിനും എൻട്രൻസ് കോച്ചിംഗിനുമൊക്കെ പോകുന്നവരും കൂട്ടത്തിലുണ്ട്. സ്വകാര്യ കോളജുകളും വിദ്യാർഥികളെ ആകർഷിക്കുന്ന വൈവിധ്യമാർന്ന തൊഴിൽ സാധ്യതയുള്ള കോഴ്സുകളുമായി രംഗത്തിറങ്ങുന്നുണ്ട്. എസ്എസ്എൽസി പരീക്ഷാഫലം വരുന്നതുവരെയുള്ള ചെറിയ ഇടവേള പോലും ഫലപ്രദമായി വിനിയോഗിക്കാനാണ് പുതിയ കുട്ടികൾ ശ്രമിക്കുന്നത്.