പത്തനാപുരം: തരിശ് നിലത്തില്‍ പൊന്ന് വിളയിച്ച് ഇളമ്പല്‍ സര്‍വീസ് സഹകരണ ബാങ്ക്. കിഴക്കന്‍ മേഖലയുടെ നഷ്ടപ്പെട്ട കാര്‍ഷിക സമൃദ്ധി വീണ്ടെടുക്കുക എന്ന ലക്ഷ്യത്തോടെ ഇളമ്പല്‍ സര്‍വീസ് സഹകരണ ബാങ്കും വിളക്കുടി ഗ്രാമ പഞ്ചായത്തും സംയുക്തമായി ആരംഭിച്ച നെല്‍കൃഷിക്കാണ് നൂറ് മേനിവിളവ് ലഭിച്ചത്.
ഇരുപത് വര്‍ഷത്തിലധികമായി തരിശു കിടന്ന കല്‍പാലത്തിങ്കല്‍ ഏലായിലെ ഏഴേക്കറോളം വരുന്ന തരിശ് നിലത്തില്‍ കഴിഞ്ഞ ഡിസംബറിലായിരുന്നു വിളവിറക്കിയത്. പ്രത്യാശ ഇനത്തില്‍പെട്ട വിത്താണ് വിളയിച്ചത്. നാടിനെ സാക്ഷിയാക്കി കൊയ്ത്ത് പാട്ടിന്റെ അകമ്പടിയോടെ നടന്ന വിളവെടുപ്പ് കുട്ടികള്‍ക്കും വേറിട്ട അനുഭവമായി മാറി.
ഇളമ്പല്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ.തങ്കപ്പന് പിളള കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്തു. വിളക്കുടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.വിജയന്, കൃഷി ഓഫീസര്‍ അനീസാ, ബാങ്ക് സെക്രട്ടറി പി.മണി എന്നിവര്‍ പങ്കെടുത്തു .
കൃഷി ഒരു തൊഴിലിനുമപ്പുറം നമ്മുടെ സംസ്കാരമാണെന്ന ഓര്മപ്പെടുത്തലോടായാണ് ബാങ്ക് നെല്‍കൃഷിയുമായി മുന്നിട്ടിറങ്ങിയതെന്നും നെല്‍കൃഷി തുടരുമെന്നും ബാങ്ക് പ്രസിഡന്റ് കരിക്കത്തില്‍ തങ്കപ്പന് പിളള പറഞ്ഞു. കുറഞ്ഞ നിരക്കില്‍ ആംബുലന്‍സ് സര്‍വീസ് അടക്കം സമൂഹ നന്മക്കായി നിരവധി പ്രവര്‍ത്തനങ്ങളാണ് ബാങ്കിന്റെ നേതൃത്വത്തില്‍ നടന്നു വരുന്നത്.