കോഴിക്കോട്: മുതിര്‍ന്ന പൗരന്മാര്ക്ക് സംവരണം ചെയ്ത സീറ്റ് ലഭ്യമാക്കാതെ അപമാനിച്ച സ്വകാര്യബസ് കണ്ടക്ടറുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു. മുചുകുന്ന് -കോഴിക്കോട് റൂട്ടിലോടുന്ന ബസിലെ കണ്ടക്ടര്‍ കെ.പ്രകാശന്റെ ലൈസന്‍സാണ് ആര്‍ടിഒ കെ.പോള്‍സണ്‍ സസ്പെന്‍ഡ് ചെയ്തത്.
കേരള സീനിയര്‍ സിറ്റിസണ്‍സ് ഫോറം വെസ്റ്റ്ഹില്‍ യൂണിറ്റ് പ്രസിഡന്റ് സി.ചന്ദ്രശേഖരന്റെ പരാതിയിലാണ് നടപടി. ചന്ദ്രശേഖരന് ബസില്‍ കയറിയപ്പോള്‍ മുതിര്‍ന്ന പൗരന്മാര്ക്കായി സംവരണം ചെയ്ത സീറ്റില്‍ രണ്ട് ചെറുപ്പക്കാര്‍ ഇരിക്കുന്നുണ്ടായിരുന്നു. അവരോട് സീറ്റ് ഒഴിഞ്ഞുതരാന്‍ പറഞ്ഞെങ്കിലും കേട്ടില്ല.
കണ്ടക്ടറോട് പരാതിപ്പെട്ടപ്പാള് അത് തന്റെ പണിയല്ലെന്നായിരുന്നു പ്രതികരണം. തുടര്‍ന്ന് മോട്ടോര്‍വാഹനവകുപ്പില്‍ പരാതിപ്പെട്ടു. എഎംവിഐ വി.എം. വിനോദ് നടത്തിയ അന്വേഷണത്തില്‍ കണ്ടക്ടര്‍ അപമര്യാദയായി പെരുമാറിയെന്ന് മനസ്സിലായി. തുടര്‍ന്നാണ് ഒരു മാസത്തേക്ക് ലൈസന്‍സ് അയോഗ്യമാക്കിയത്.