കൊച്ചി: കുറ്റവാളികളെ സാഹസികമായി ബൈക്കിൽ പിന്തുടർന്നു പിടിക്കുന്ന പോലീസിന്റെ ’ചേസിംഗ്’ സ്റ്റൈൽ സിനിമയിൽ മാത്രമല്ലെന്ന് എറണാകുളം നോർത്ത് പോലീസ് തെളിയിച്ചു. കഞ്ചാവുമായെത്തി കലൂരിൽനിന്നു പോലീസിനെ കബളിപ്പിച്ചു കടന്ന കാറിനെ കളമശേരി വരെ പിന്തുടർന്ന ശേഷമാണു നോർത്ത് എസ്ഐ വിബിൻദാസ് സാഹസികമായി പിടികൂടിയത്.
നഗരത്തിൽ വിൽപനയ്ക്കായി കൊണ്ടുവന്ന കഞ്ചാവുമായി രണ്ടുപേരാണ് അറസ്റ്റിലായത്. പിടിയിലായ തളിപ്പറന്പ് മന്നദേശം സ്വദേശി സി.കെ. ആബിദ് (28), തളിപ്പറന്പ് വീനസ് ജംഗ്ഷൻ സ്വദേശി അസ്ക്കർ (32) എന്നിവരിൽനിന്നു രണ്ടു കിലോ കഞ്ചാവ് പിടിച്ചെടുത്തു.
രണ്ടു ദിവസം മുൻപ് നഗരത്തിൽ വിൽപനയ്ക്കായി കോഴിക്കോട്നിന്നു കഞ്ചാവ് എത്തിക്കുമെന്ന് രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നോർത്ത് പോലീസ് ജാഗരൂകരായിരുന്നു. ഇന്നലെ രാവിലെ 11ന് കലൂരിൽ കഞ്ചാവ് എത്തിക്കുമെന്ന വിവരത്തെത്തുടർന്ന് എത്തിയ പോലീസിനെ കബളിപ്പിച്ചു പ്രതികൾ കടന്നുകളഞ്ഞു.
കലൂരിൽനിന്ന് ഇടപ്പള്ളിയിലെത്തിയ പ്രതികൾ ദേശീയപാത 17ലൂടെ ചേരാനെല്ലൂർ ഭാഗത്തേക്ക് എത്തി വട്ടേക്കുന്നം വഴി ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലൂടെ സൗത്ത് കളമശേരി വഴി രക്ഷപെടാൻ ശ്രമിച്ചു. എന്നാൽ കളമശേരി മേൽപ്പാലത്തിന് താഴെ വച്ച് ആബിദും അസക്റും പിടിയിലാവുകയായിരുന്നു.
കലൂർ മുതൽ എസ്ഐ വിബിൻ ദാസ് പ്രതികളെ ബൈക്കിൽ പിന്തുടരുകയായിരുന്നു. സ്പെഷൽ ഓപ്പറേഷൻ ഗ്രൂപ്പിലെ രാജേഷും പ്രഗേഷും മറ്റൊരു കാറിലും പ്രതികളുടെ പിന്നാലെയെത്തി. ഇതിനിടടെ പലവട്ടം പ്രതികളുടെ വാഹനം എസ്ഐ വിബിൻ ദാസിന്റെ ബൈക്കിലും പോലീസ് കാറിലും ഇടിച്ചു. ഒടുവിൽ എസ്ഐ ബൈക്ക് പ്രതികളുടെ കാറിന് മുന്നിലേക്കു കൊണ്ടുനിർത്തി. ഇനി രക്ഷയില്ലെന്നു കണ്ടതോടെ പ്രതികൾ കഞ്ചാവ് പൊതി പുറത്തേക്കു വലിച്ചെറിഞ്ഞു.
പിടിയിലാകുന്നതിനു മുന്പ് സ്ഥലത്തു പാർക്ക് ചെയ്തിരുന്ന മറ്റു മൂന്നു വാഹനങ്ങളിലും പ്രതികളുടെ കാർ ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗത്ത് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. കാർ തടഞ്ഞിട്ടും പോലീസിൽനിന്നു രക്ഷപെടാൻ ശ്രമിച്ച പ്രതികളെ നാട്ടുകാരും ചേർന്നു കീഴ്പ്പെടുത്തുകയായിരുന്നു.
പ്രതികളെ തെളിവെടുപ്പിനു ശേഷം കളമശേരി പോലീസിനു വിട്ടുനൽകി. കളമശേരി എസ്ഐ പ്രശാന്ത് ക്ലിന്റ്, എഎസ്ഐമാരായ ടോമി, ഫൈസൽ, സിപിഒമാരായ അനിൽ, ജിനീഷ്, വിജയകുമാർ തുടങ്ങിയവർ സ്ഥലത്തെത്തി ആവശ്യമുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കി.