തിരുവനന്തപുരം: കേരള ബാങ്ക് രൂപീകരികരണത്തിനു മുന്നോടിയായി 14 ജില്ലാ ബാങ്കുകളുടെയും ലയനത്തിന് റിസർവ് ബാങ്കിന്റെ അനുമതി ഉടൻ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിയമസഭയെ അറിയിച്ചു.
യുവാക്കൾ ഇടപാടുകൾക്കായി സഹകരണ ബാങ്കിലേക്കു വരുന്നില്ല. നിലവിൽ സഹകരണ ബാങ്കുകളിൽ 20നും 40നും ഇടയിൽ പ്രായമുള്ള ഇടപാടുകാർ 23 ശതമാനം മാത്രമാണ്. ബാക്കിയുള്ള മുഴുവൻ പേരും 45 വയസിനു മുകളിലുള്ളവരാണ്. ആധുനിക സംവിധാനങ്ങൾ കൊടുക്കാൻ സാധിച്ചാൽ യുവാക്കളെ സഹകരണ ബാങ്കുകളിലേക്ക് ആകർഷിക്കാൻ കഴിയും.
ഇത്തരം സൗകര്യങ്ങൾ ലഭ്യമാക്കാനാണ് കേരള ബാങ്ക് രൂപീകരിക്കുന്നതെന്നും കേരള ബാങ്ക് ഇന്നത്തെ കാലത്തിന്റെ ആവശ്യമാണെന്നും, സഹകരണ സംഘം ഭേദഗതി ബില്ലിൽ നടന്ന ചർച്ചകൾക്കുള്ള മറുപടിയിൽ മന്ത്രി പറഞ്ഞു.