കൊച്ചി: വയനാട്ടിലെ അനിത വധക്കേസിലെ രണ്ടു പ്രതികൾക്കു വിചാരണക്കോടതി വിധിച്ച വധശിക്ഷ ഹൈക്കോടതി 25 വർഷം കഠിന തടവായി ഇളവുചെയ്തു. വിചാരണക്കോടതിയുടെ വിധി ചോദ്യം ചെയ്ത് ഒന്നും രണ്ടും പ്രതികളായ മാനന്തവാടി പടിഞ്ഞാറേത്തറ കളത്തിൽ നാസർ, ചെന്നാലോട് ആസാദ് നഗർ കോളനിയിൽ ഇരട്ടവീട്ടിൽ അബ്ദുൾ ഗഫൂർ എന്നിവർ നൽകിയ അപ്പീലിലാണു ഹൈക്കോടതിയുടെ ഉത്തരവ്.
2011 ഓഗസ്റ്റ് ഒന്പതിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. മാനന്തവാടിയിലെ ഒരു പാരലൽ കോളജിലെ വിദ്യാർഥിനിയായ അനിതയെ പ്രതികൾ തിരുനെല്ലിക്കാട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു കൊലപ്പെടുത്തിയശേഷം ആഭരണങ്ങൾ കവർന്നെന്നാണ് കേസ്.
2013 ഫെബ്രുവരി 27 നാണ് കല്പറ്റ സെഷൻസ് കോടതി പ്രതികൾക്കു വധശിക്ഷ വിധിച്ചത്. എന്നാൽ, അപൂർവങ്ങളിൽ അപൂർവമായ കേസുകളുടെ ഗണത്തിൽ ഈ കേസിനെ പരിഗണിക്കാനാവില്ലെന്നതടക്കമുള്ള നിരീക്ഷണങ്ങളോടെ വധശിക്ഷ ഹൈക്കോടതി ഇളവു ചെയ്യുകയായിരുന്നു.