പെരിന്തൽമണ്ണ: മയക്കുമരുന്നു വില്പനക്കാരായ രണ്ടുപേരെ പെരിന്തൽമണ്ണയിൽ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. മലപ്പുറം പൊന്മള സ്വദേശി പട്ടർക്കടവൻ അബ്ദുൾജലീൽ (44), വണ്ടൂർ പൂങ്ങോട് സ്വദേശി ഒറ്റകത്ത് വീട്ടിൽ മുബാറക്ക് (36) എന്നിവരെയാണു ഇന്നലെ രാവിലെ പതിനൊന്നോടെ പെരിന്തൽമണ്ണ ബൈപ്പാസിലുള്ള ഓഡിറ്റോറിയത്തിനു മുന്നിൽനിന്നു പോലീസ് അറസ്റ്റ് ചെയ്തത്.
തലച്ചോറിന്റെ പ്രവർത്തനത്തെ തകരാറിലാക്കുന്ന 43,000 മയക്കുമരുന്നു ഗുളികകളുമായാണു സംഘം പോലീസിന്റെ പിടിയിലായത്. വിപണിയിൽ 86 ലക്ഷം രൂപ മൂല്യമുള്ളതാണിത്. മലപ്പുറം ജില്ലാ പോലീസ് മേധാവി ദേബേഷ് കുമാർ ബെഹ്റയ്ക്കു ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് അദ്ദേഹത്തിന്റെ നിർദേശ പ്രകാരം പെരിന്തൽമണ്ണ ഡിവൈഎസ്പി എം.പി. മോഹനചന്ദ്രൻ, ഇൻസ്പെക്ടർ ടി.എസ്. ബിനു, എസ്ഐമാരായ വി.കെ. കമറുദീൻ, അബുൾ അസീസ് എന്നിവരുടെ നേതൃത്വത്തിലുള്ള ഷാഡോ പോലീസ് സംഘമാണ് ഇരുവരെയും പിടികൂടിയത്.
വിദേശത്ത് ഒരു ഗുളികയ്ക്ക് 300 – 400 രൂപയും ഇന്ത്യയിൽ 100 മുതൽ 200 രൂപ വരെയുമാണ് വില. ഇന്ത്യയിൽ വിവിധ സംസ്ഥാനങ്ങളിലെ പ്രധാന പട്ടണങ്ങളിലെ നിശാപാർട്ടികളിലും ഡിജെ പാർട്ടികളിലും ഈ മയക്കു ഗുളികകൾ വൻതുക ഈടാക്കി വിൽക്കുന്നതായും പ്രതികൾ മൊഴി നൽകി.
കർണാടക, ഡൽഹി എന്നിവിടങ്ങളിലും കേരളത്തിലുമാണ് ശരീരത്തിന് ഏറെ ഹാനികരമായ ഈ ഗുളികയുടെ നിർമാണം. നെക്സസ് റിസർച്ച് ലിമിറ്റഡ്, മൂന്ന്, അക്ട്രസ് പാർക്ക്, ലങ്കാഷയർ, ഇംഗ്ലണ്ട് എന്നതാണ് ഗുളികയുടെ ട്രേഡ് മാർക്കായി കാണിച്ചിരിക്കുന്നത്. മയക്കുമരുന്നുപയോഗം മാത്രം ലക്ഷ്യമാക്കി നിർമിക്കപ്പെടുന്ന ഗുളികകൾ വളരെ തന്ത്രപരമായാണ് വിദേശത്തേക്ക് കടത്തുന്നത്.
തമിഴ്നാട്, ആന്ധ്ര, കർണാടക സംസ്ഥാനങ്ങളിലുള്ള ആളുകളെ തെരഞ്ഞെടുത്ത് അവർക്കു വിദേശത്തു പോകാനുള്ള വീസയും ടിക്കറ്റും നല്കും. തുടർന്ന് വിമാനത്താവളത്തിലെ സ്കാനിംഗിൽ കണ്ടെത്താനാവാത്തവിധം ബാഗിന്റെ ഉൾവശങ്ങളിൽ പാക്ക് ചെയ്താണ് ഇന്ത്യയിൽ നിന്നു വിദേശ മാർക്കറ്റിൽ ഇവ എത്തിക്കുന്നത്.
ഇത്തരത്തിൽ മുമ്പു മയക്കുമരുന്നു ഗുളികകൾ വിദേശത്തേക്ക് അയച്ച ഈ സംഘത്തിലെ കാരിയർമാരെ ഗൾഫിൽവച്ച് പോലീസ് പിടികൂടിയിരുന്നു. അവർ അവിടെ ജയിലിലാണെന്നും പ്രതികൾ പോലീസിനോട് പറഞ്ഞു.
തലച്ചോറിന്റെ പ്രവർത്തനത്തെ ഗുരുതരമായി ബാധിക്കുമെന്നതിനാൽ ഗൾഫ് നാടുകളിൽ ഇൗ ഗുളിക നിരോധിച്ചിരിക്കുകയാണ്. വളരെ കുറഞ്ഞ ഡോസിൽ വേദന സംഹാരിയായി ഇത് ഇന്ത്യയിൽ ഉപയോഗിക്കാവുന്നതാണ്. ഈ അനുമതിയുടെ മറവിലാണ് സംഘങ്ങൾ വലിയ ഡോസിൽ മയക്കുമരുന്നായി ഇത് നിർമിക്കുന്നത്.
കടുത്ത ഡോസായ 225 എംജിയിൽ നിർമിച്ച് മയക്കുമരുന്നു കേന്ദ്രങ്ങളിൽ എത്തിക്കുകയാണ് ലക്ഷ്യം. ഗുളികകളുടെ ഉപയോഗത്തിനായി കേരളത്തിൽ പല പേരിലുള്ള പാർട്ടികൾ സംഘടിപ്പിക്കുന്നതായും പോലീസ് കണ്ടെത്തി. മലപ്പുറം ജില്ലയിൽ വണ്ടൂർ, നിലമ്പൂർ, പൂങ്ങോട്ട്, കാളികാവ് എന്നിവിടങ്ങളിലെ കാരിയർമാർ ഇതിനു പിന്നിൽ പ്രവർത്തിക്കുന്നതായും പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്.
ഇത്തരത്തിൽ പിടികിട്ടാനുള്ള മുഖ്യപ്രതിയുടെ വീടിനടുത്തുള്ള രഹസ്യ സങ്കേതത്തിൽ ഒളിപ്പിച്ച മയക്കു മരുന്നു ഗുളികകളും അന്വേഷണ സംഘം പിടിച്ചെടുത്തു. പ്രതികളെ പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കി.