വടകര: വിവാഹചടങ്ങുകളിൽ നിന്നും മറ്റും സ്ത്രീകളുടെ ഫോട്ടോകൾ ശേഖരിച്ച് മോർഫ് ചെയ്ത് നഗ്നചിത്രങ്ങൾ തയ്യാറാക്കിയ വടകരയിലെ സ്റ്റുഡിയോ ജീവനക്കാരനും ഉടമയും ഉൾപ്പെടെയുള്ള പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ആർഎംപിഐ നേതാവ് കെ.കെ.രമ ആവശ്യപ്പെട്ടു.
നിരവധി സ്ത്രീകളുടെ ഫോട്ടോകൾ പ്രതികൾ ഈ തരത്തിൽ ദുരുപയോഗപ്പെടുത്തിയിട്ടുണ്ട്. സ്ത്രീകളുടെ ആത്മാഭിമാനത്തിന് നേരെയുള്ള അതിഗുരുതരമായ കൈയ്യേറ്റമാണിത്. നാൽപതിനായിരത്തിൽ പരം ഫോട്ടോകൾ ഇയാൾ ഹാർഡ് ഡിസ്കിൽ ശേഖരിച്ചിരുന്നുവെന്ന ഞെട്ടിക്കുന്ന വിവരം ഇതിനകം പുറത്തു വന്നിട്ടുണ്ട്.
ഏറെ ഗൗരവമായ ഈ വിഷയത്തിൽ സമഗ്രാന്വേഷണത്തിനും സത്വര നടപടികൾക്കും പോലീസ് തയ്യാറാകേണ്ടതുണ്ട്. ഇതുമായി ബന്ധപ്പെട്ട മുഴുവൻ കുറ്റവാളികളെയും അടിയന്തിരമായി നിയമത്തിന് മുന്നിലെത്തിച്ച് മാതൃകാപരമായ ശിക്ഷ ഉറപ്പുവരുത്തണം. നിരവധി സ്ത്രീകൾ പരാതിയുമായി രംഗത്ത് വന്നിട്ടും വിഷയത്തിൽ പോലീസ് പുലർത്തുന്ന നിസംഗത സംശയാസ്പദമാണ്.
പ്രതികളെ രക്ഷിക്കാൻ ആര് ശ്രമിച്ചാലും അനുവദിക്കില്ലെന്നും നടപടി വൈകിയാൽ ശക്തമായ ജനകീയ പ്രക്ഷോഭത്തിന് ആർഎംപിഐ നേതൃത്വം നൽകുമെന്നും രമ പ്രസ്താവനയിൽ മുന്നറിയിപ്പ് നൽകി.