വൈപ്പിൻ: ജില്ലാ കളക്ടറുടെ നിർദേശങ്ങൾ ആനകളെ ഉത്സവങ്ങൾക്ക് എഴുന്നള്ളിക്കുന്നതിനു തടസമുണ്ടാക്കുമെന്നതിനാൽ ഉത്തരവ് പുനപരിശോധിക്കണമെന്ന് കേരള എലിഫന്റ് ഓണേഴ്സ് ഫെഡറേഷൻ ആവശ്യപ്പെട്ടു. ആനകളെ എറണാകുളം ജില്ലയിൽ രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെ റോഡിലൂടെയോ, വാഹനത്തിലോ കൊണ്ടുപോകരുതെന്ന നിർദ്ദേശം പ്രായോഗികമല്ല.
ആനകളെ പരിശോധിക്കാനും ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകാനും സർക്കാർ ശന്പളം വാങ്ങുന്ന വനം വകുപ്പ് ഡോക്ടർമാർക്ക് ഉടമകൾ പണം നൽകണമെന്ന നിർദേശം കൈക്കൂലിയെ പ്രോത്സാഹിപ്പിക്കുമെന്നും വനം വകുപ്പ് ഡോക്ടർമാർ മാത്രം ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകാവൂ എന്ന ജില്ലാ കളക്ടറുടെ തീരുമാനം നാട്ടാന പരിപാലന ചട്ടങ്ങളിലെ വ്യവസ്ഥകൾക്ക് എതിരാണന്നും ഫെഡറേഷൻ ചൂണ്ടിക്കാട്ടി.
എഴുന്നള്ളിച്ച ഒരാനയുടെ കാലിൽ മുറിവുകൾ ഉണ്ടെങ്കിൽ മുറിവ് എങ്ങിനെ സംഭവിച്ചു എന്ന് വനം വകുപ്പ് ഡോക്ടർമാർ പരിശോധിച്ച് കുറ്റക്കാർക്കെതിരേ ശക്തമായ നടപടികൾ സ്വീകരിക്കുന്നതിൽ അസോസിയേഷനു എതിർപ്പില്ല. നാട്ടാന പരിപാലന നിയമം 2012 പ്രകാരം എല്ലാ ജില്ലകളിലും ജില്ലാ കളക്ടർ ചെയർമാനും അസിസ്റ്റന്റ് കണ്‍സർവേറ്റർ ഓഫ് ഫോറസ്റ്റ് കണ്‍വീനറുമായി കമ്മിറ്റിയുണ്ട്.
എന്നാൽ ഈ വർഷം എറണാകുളത്ത് ഒരു പ്രാവശ്യം പോലും കമ്മറ്റി വിളിച്ച് കൂട്ടാതെ ആരുടെയോ നിർദേശങ്ങൾക്ക് വഴങ്ങിയാണ് കളക്ടർ പ്രായോഗികമല്ലാത്ത ഉത്തരവുകൾ ഇറക്കിയതെന്ന് ഫെഡറേഷൻ ജനറൽ സെക്രട്ടറി ശശികുമാർ ആരോപിച്ചു.