കൊല്ലങ്കോട്: മീങ്കര അണക്കെട്ടിൽ മെഡിക്കൽ വിദ്യാർഥികളെ മർദിച്ചു പരിക്കേല്‍പ്പിച്ച സംഭവത്തിൽ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ചെമ്മണംതോട് വെള്ളിയങ്കിരിയുടെ മകൻ ജയകുമാർ (25), കന്നിമാരി വിജയനഗർ കോളനി രാമസ്വാമിയുടെ മകൻ കണ്ണൻ (42) ഗോവിന്ദാപുരം ആട്ടയാന്പതി മണിയുടെ മകൻ മനോജ് എന്നിവരാണ് പിടിയിലായത്.
പാലക്കാട് ഡിവൈഎസ്പി വിജയകുമാർ, കൊല്ലങ്കോട് സിഐ കെ.പി ബെന്നി, എസ്.ഐ അനീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇവരെ ഇന്ന് കോടതിയിൽ ഹാജരാക്കും.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: മെഡിക്കൽ കോളജ് വിദ്യാർഥിയും സഹപാഠിയായ വിദ്യാർഥിനിയും ചൊവ്വാഴ്ച മീങ്കര അണക്കെട്ടിൽ ആളൊഴിഞ്ഞ സ്ഥലത്ത് സംസാരിച്ചിരിക്കുകയായിരുന്നു.
ഈ സമയത്ത് ഇവരുടെ സമീപത്ത് മദ്യപിച്ച് ഇരിക്കുകയായിരുന്ന മൂന്നു പ്രതികൾ വിദ്യാർഥിയെ മർദിച്ച് പെണ്‍കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചു. തുടർന്ന് വിദ്യാർഥികൾ ഓടി അടുത്തവീട്ടിൽ അഭയം പ്രാപിക്കുകയായിരുന്നു. വീട്ടുകാരാണ് പോലീസിനെ അറിയിച്ചത്. ഇന്നലെ ഉച്ചയോടെയാണ് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തത്.